തിരുവനന്തപുരം: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദനായകനായ എം എം മണി സ്വന്തം ജീവിതത്തില്‍ പിന്നിട്ടത് കനല്‍ താണ്ടിയ വഴികള്‍..
മോഹന്‍ലാലിന്റെ ദേവാസുരം സിനിമയില്‍ ‘വഴി മാറടാ മുണ്ടക്കല്‍ ശേഖരാ’ എന്ന് പറഞ്ഞ് വില്ലന്‍ കഥാപാത്രത്തിനടുത്തേക്ക് മുണ്ടുമടക്കിക്കുത്തി വരുന്ന ലാലിന്റെ കിടിലന്‍ രംഗം ആ സിനിമ കണ്ട ആര്‍ക്കും മറക്കാന്‍ കഴിയില്ല.
എന്നാല്‍ ആ സിനിമ കണ്ട ആവേശതള്ളിച്ചയില്‍ മുണ്ടക്കല്‍ മാധവന്‍ മണി എന്ന എം എം മണിയുടെ നേര്‍ക്ക് ആരെങ്കിലും വന്നാലും അദ്ദേഹം വഴി മാറില്ല. മറിച്ച് മുണ്ട് മടക്കി കുത്തി തിരിച്ചു ചോദിക്കും. അതാണ് ഈ കമ്യൂണിസ്റ്റിന്റെ ശീലം.
കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടെയും ഏഴുമക്കളില്‍ ഒന്നാമനായാണ് മണിയുടെ ജനനം.
കിടങ്ങൂര്‍ എന്‍ എസ് എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഹൈറേഞ്ചിലെത്തി. വീട്ടിലെ കൊടും പട്ടിണി കാരണം പഠനം തുടരാന്‍ കഴിഞ്ഞില്ല. കുട്ടിക്കാലത്തു തന്നെ തോട്ടത്തില്‍ കൂലിവേല ചെയ്തു ജീവിക്കേണ്ടി വന്നു.
മണിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് വിമര്‍ശിക്കുന്നവര്‍ അദ്ദേഹം വളര്‍ന്ന സാഹചര്യവും അനുഭവിച്ച പ്രയാസങ്ങളും മനസ്സിലാക്കിയിട്ടില്ലന്നത് വ്യക്തം.
കൂലിവേലക്കാരനായ കൊച്ചു പയ്യന് സഹ തൊഴിലാളികളുടെ കണ്ണീര് കാണാതിരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അങ്ങോട്ട് തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ ശബ്ദമായി . .നേതാവായി.. മണി മാറുകയായിരുന്നു.
1966ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1970ല്‍ ബൈസണ്‍വാലിയിലും 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റിയിലും സെക്രട്ടറിയായി.
1985ല്‍ ആദ്യമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി. അതൊരു ചരിത്ര നിയോഗമായിരുന്നു. പിന്നീട് എട്ടുതവണയാണ് ഈ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നത്. സംസ്ഥാനത്ത് കാല്‍ നൂറ്റാണ്ട് കാലത്തോളം പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചത് മണിയും തൃശൂരില്‍ പി മാമിക്കുട്ടിയും മാത്രമാണ്.
അരനൂറ്റാണ്ട് കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കാല്‍ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറി പദത്തിലിരുന്ന് ഇടുക്കി ജില്ലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച മണിയുടെ ജീവിതം ത്യാഗപൂര്‍ണ്ണമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയതും ഭരണ കേന്ദ്രങ്ങളെയും നാട്ടുപ്രമാണിമാരെയും ചൊടിപ്പിച്ചപ്പോള്‍ അതിന്റെ പ്രതികരണം സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയിട്ടുണ്ട് എം എം മണി.
ജയിലിലും പൊലീസ് സ്റ്റേഷനുകളിലും ഏറ്റുവാങ്ങിയ കൊടും മര്‍ദ്ദനങ്ങളാണ് മണിയെ ഉശിരുള്ള കമ്മ്യൂണിസ്റ്റുകാരനാക്കി മാറ്റിയത്.
ആരുടെ മുന്നിലും, അത് പാര്‍ട്ടി കമ്മിറ്റികള്‍ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും പറയാനുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിരിക്കും മണി ആശാന്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പൊക്കോട്ടെ എന്ന ഭാവം.
ടെലിവിഷന്‍ ചാനലും, മൊബൈല്‍ ഫോണും, സോഷ്യല്‍ മീഡിയയും സ്വപ്നം കാണാന്‍ പറ്റാത്ത കാലത്ത് ഇപ്പോള്‍ വിവാദമാക്കുന്ന കാര്യങ്ങള്‍ക്കുമപ്പുറം പലതും പ്രസംഗങ്ങളില്‍ മണി തന്റേതായ നാടന്‍ ശൈലിയില്‍ ഉപയോഗിച്ചിട്ടുണ്ട്.
പൊലീസിന്റെ മുന്നില്‍ മുണ്ട് മടക്കി കുത്തി മുണ്ടക്കല്‍ മണിയായി തന്നെ വെല്ലുവിളിക്കുകയും എതിരാളികള്‍ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പു നല്‍കുകയും പരിഹസിക്കുകയും ചെയ്തിട്ടുമുണ്ട് . . അന്ന് അതിനെല്ലാം അതിന്റേതായ ഗൗരവത്തിനപ്പുറം ഇന്നത്തെപ്പോലെ ‘മറ്റൊരു മാനം’ നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല.
വിവാദമായ വണ്‍, ടു, ത്രീ, ഫോര്‍ . . പ്രസംഗത്തിന്റെ ഭാഗമായി 44 ദിവസം പീരിമേട് സബ് ജയിലില്‍ കിടക്കേണ്ട ഗതികേടുമുണ്ടായി ഈ കമ്മ്യൂണിസ്റ്റ് നേതാവിന്.
‘ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി കൈകാര്യം ചെയ്തു, 13 പേര്‍ . .വണ്‍, ടു, ത്രീ, ഫോര്‍ . . ആദ്യത്തെ മൂന്നു പേരെ ആദ്യം കൊന്നു. ഒന്നിനെ വെടിവെച്ചാ കൊന്നത്, ഒന്നിനെ കുത്തിക്കൊന്നു, മറ്റൊന്നിനെ തല്ലിക്കൊന്നു’ എന്ന വിവാദ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലടക്കം മണിയുടെ വിവാദ പ്രസംഗം വാര്‍ത്തയായിരുന്നു.
ഇപ്പോള്‍ പൊമ്പിളൈ ഒരുമൈ സമരത്തിനെതിരായി മണി നടത്തിയ പരാമര്‍ശം വളച്ച് ഒടിച്ച് തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും ഇടപെട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി മണി രംഗത്തു വന്നിരുന്നു. താന്‍ ഒരിക്കലും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രസംഗം പരിശോധിക്കാനും അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്.
പൊമ്പിളൈ ഒരുമൈ സമര പന്തലിലെത്തി മാപ്പു പറയണമെന്ന ആവശ്യത്തേയും മുളയിലേ തന്നെ അദ്ദേഹം നുള്ളിക്കളഞ്ഞിട്ടുണ്ട്. അത് ഒരിക്കലും നടക്കില്ലന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും മണി ഉറച്ചു നില്‍ക്കുന്നത്.
മണി മാപ്പു പറയണമെന്നും മന്ത്രി പദവി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായി പ്രക്ഷോഭ രംഗത്തുള്ള ഇടുക്കിയിലെ രാഷ്ട്രീയ എതിരാളികള്‍ പോലും മണി എന്ന രാഷ്ടീയ നേതാവിനെയും അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ച ത്യാഗങ്ങളെയും ഇപ്പോഴും അംഗീകരിക്കുന്നുണ്ട് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
‘ഇരു വഴി തിരിയുന്നിടം’ എന്ന സിനിമയിലും ഈ ‘ സകലകലാവല്ലഭന്‍’ അഭിനയിച്ചിട്ടുണ്ട്.