മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായ ഒഴിവില്‍ വേങ്ങര മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കുപ്പായം തയ്പിച്ച് സ്ഥാനാര്‍ത്ഥിത്വത്തിനായി പിടിവലികൂട്ടുന്നത് മൂന്ന് ലീഗ് നേതാക്കള്‍.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുന്‍ എം.എല്‍.എയും ലീഗ് ജില്ലാ സെക്രട്ടറിയുമായ കെ.എന്‍.എ ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി പതിനെട്ടടവും പയറ്റുന്നത്.
അടുത്തിടെ ലീഗ് അനുകൂല അധ്യാപക സംഘടന വേങ്ങരയില്‍ നടത്തിയ അഭിപ്രായ സര്‍വെയും വിവാദമായിരുന്നു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മനസറിയാനായിരുന്നു സര്‍വെ.
രാജ്യസഭാ അംഗത്വം നഷ്ടമായ കെ.പി.എ മജീദിനെ തന്റെ പകരക്കാരനായി നിയമസഭയിലെത്തിക്കാനാണ് കുഞ്ഞാലിക്കുട്ടിക്കു താല്‍പര്യം. രാജ്യസഭയിലേക്ക് മജീദിന്റെ പേര് കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിച്ചെങ്കിലും ഇ.കെ സുന്നികളുടെ സമസ്തവിഭാഗത്തിന്റെ പിന്തുണയില്‍ പി.വി അബ്ദുല്‍വഹാബ് എം.പി സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
പാര്‍ട്ടിയിലെ സീനിയോറിറ്റിയും സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും മജീദിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രഥമ പരിഗണനയില്‍പെടും. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നും മാറ്റപ്പെട്ട കെ.എന്‍.എ ഖാദറിനെ ലീഗ് ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു ലീഗ് നേതൃത്വം. മികച്ച നിയമസഭാ സാമാജികനായി പേരെടുത്ത കെ.എന്‍.എ ഖാദര്‍ നിയമസഭയിലുണ്ടാകണമെന്ന താല്‍പര്യം യു.ഡി.എഫ് നേതൃത്വത്തിനുണ്ട.
താനൂരില്‍ സി.പി.എം സ്വതന്ത്രന്‍ വി.അബ്ദുറഹിമാനോട് പരാജയം ഏറ്റുവാങ്ങിയ അബ്ദുറഹിമാന്‍ രണ്ടത്താണിയും വേങ്ങരക്കുവേണ്ടി പിടിമുറുക്കിയിട്ടുണ്ട്. വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കാവുന്ന സീറ്റെന്നതാണ് വേങ്ങരയോട് നേതാക്കള്‍ക്ക് പ്രിയം കൂടാന്‍ കാരണം.
കുറ്റിപ്പുറം മണ്ഡലത്തില്‍ കെ.ടി ജലീലിനോട് പരാജയപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി രണ്ടാം വരവിനായി തിരഞ്ഞെടുത്തത് വേങ്ങരയായിരുന്നു. 2016ല്‍ 38,057 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങര കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയത്.
ഇ.അഹമ്മദിന്റെ മരണത്തെതുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരെഞ്ഞെടുപ്പില്‍ വേങ്ങര 40,529 വോട്ടിന്റെ തിളക്കമാര്‍ന്ന ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടിക്കു സമ്മാനിച്ചു. ആറുമാസ കാലാവധി പ്രകാരം ഒക്ടോബര്‍ 25നകം വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകും.
റിപ്പോര്‍ട്ട് : എം വിനോദ്