മലപ്പുറം: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കൂടുതല്‍ സീറ്റ് അനുവദിച്ചില്ലങ്കില്‍ എല്‍.ഡി.എഫുമായി സഹകരിക്കണ കാര്യം മുസ്ലീം ലീഗ് ആലോചിക്കണമെന്ന് നേതൃതലത്തില്‍ ആവശ്യം.
ലീഗിന്റെ ഒരു പ്രമുഖ എം.പിയുടെ നേതൃത്ത്വത്തിലുള്ള പ്രബല വിഭാഗമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.
സി.പി.എം നേതൃത്വവുമായി ഏറെ അടുപ്പമുള്ള ഈ നേതാവിന്റെ നീക്കത്തിന് മറുചേരിക്ക് പോലും ‘ബദല്‍’ മുന്നോട്ട് വയ്ക്കാനില്ലന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്ന് അവകാശപ്പെടുന്ന പ്രബല വിഭാഗം അതിന് അനുസരിച്ച പരിഗണന കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്നും ലീഗിന് ലഭിക്കുന്നില്ലന്ന നിലപാടുകാരാണ്.
എല്‍.ഡി.എഫില്‍ സി.പി.എംന്റെ സ്വാധീനത്തില്‍ മാത്രം വിജയിച്ചു കയറുന്ന സി.പി.ഐക്ക് പോലും ലോക് സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് വരെ നീക്കിവയ്ക്കുമ്പോഴാണ് കാലങ്ങളായി രണ്ട് സീറ്റില്‍ മാത്രം ലീഗിനെ ഒതുക്കുന്നതെന്നാണ് പരാതി.
ഇവിടെയാകട്ടെ ഒരു മുന്നണിയുടെയും പിന്‍ബലമില്ലാതെ വിജയിക്കാനുള്ള ശേഷി ലീഗിനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ വയനാട് ലോക്‌സഭാ മണ്ഡലം ലീഗിന് നല്‍കിയില്ലങ്കില്‍ എല്‍.ഡി.എഫുമായി അടവുനയം സ്വീകരിക്കാനാണ് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയിലെ ആലോചന.
ലീഗിന്റെ പിന്തുണ ഇല്ലങ്കില്‍ കോണ്‍ഗ്രസ്സിന്റെ ഒരു എം.പി പോലും മലബാറില്‍ നിന്ന് ലോക്‌സഭ കാണില്ലന്ന മുന്നറിയിപ്പും ഉയര്‍ന്നു കഴിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗ് ഇല്ലാതെ ഇനി ഒരിക്കലും യു.ഡി.എഫിന് തിരിച്ചു വരാന്‍ കഴിയില്ല എന്നതിനാല്‍ ഇത്തവണ പിടിമുറുക്കിയാല്‍ വയനാട് ലഭിക്കുമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിലെ കണക്ക് കൂട്ടല്‍.
അതേ സമയം വയനാട് സീറ്റ് മുന്‍നിര്‍ത്തി വിലപേശാന്‍ ശ്രമിക്കുന്നത് മന:പൂര്‍വ്വം കോണ്‍ഗ്രസ്സുമായി ഉടക്ക് ഉണ്ടാക്കി മുന്നണി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന സംശയം ചില നേതാക്കള്‍ക്കിടയിലുണ്ടെന്നും പറയപ്പെടുന്നുണ്ട്.
സി.പി.എമ്മില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് ലഭിച്ചാല്‍ ലീഗ് ധാരണക്ക് തയ്യാറാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ മുതിര്‍ന്ന ലീഗ് നേതാവ് പ്രതികരിച്ചത്.
രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുത ഇല്ലന്നും ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ കര്‍ക്കശ നിലപാടു സ്വീകരിക്കുന്നത് ആരായാലും അവരുമായി സഹകരിക്കാന്‍ ലീഗിന് മടിയില്ലന്നും ഇപ്പോള്‍ പേര് വെളിപ്പെടുത്തരുതെന്ന ആമുഖത്തോടെ അദ്ദേഹം പറഞ്ഞു.
അഭിപ്രായ ഭിന്നത എത് കാര്യത്തിലും സ്വാഭാവികമാണെന്നും എന്നാല്‍ ലീഗ് ഒരു തീരുമാനമെടുക്കുകയാണെങ്കില്‍ എല്ലാവരും ആ തീരുമാനത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നുമാണ് ഭിന്നത സംബന്ധിച്ച ചോദ്യത്തിനുള്ള വിശദീകരണം.
ഭരണത്തിലിരുന്ന് സി.പി.ഐ ‘പ്രതിപക്ഷം’ കളിക്കുന്നതില്‍ സി.പി.എം കടുത്ത രോഷത്തിലിരിക്കുന്ന സാഹചര്യത്തില്‍ ലീഗിനുള്ളിലെ പുതിയ നീക്കത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
റിപ്പോര്‍ട്ട് ; അബ്ദുള്‍ ലത്തീഫ്