തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ ജൂണ്‍ 30 ന് വിരമിക്കുന്നതിന്റെ പിന്നാലെ ഓഗസ്റ്റില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും വിരമിക്കും.
ഉദ്യോഗസ്ഥ തലത്തില്‍ പരസ്പരം ഏറ്റുമുട്ടിയ രണ്ട് സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പോരാട്ടം ഇനി കളത്തിന് പുറത്തേക്കാണ് നീങ്ങുവാന്‍ പോകുന്നത്.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച അന്നത്തെ ആഭ്യന്തര സെക്രട്ടറി കൂടിയായ നളിനി നെറ്റോക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് വിരമിച്ച ശേഷം സെന്‍കുമാര്‍ പദ്ധതിയിടുന്നത്.
ചീഫ് സെക്രട്ടറിയല്ലാതാകുന്നതോടെ വ്യക്തിപരമായി ഈ നിയമ നടപടിയെ നളിനി നെറ്റോക്ക് നേരിടേണ്ടി വരും. സെന്‍കുമാര്‍ കാത്ത് നില്‍ക്കുന്നതും അത്തരമൊരു അവസരത്തിനായാണ്.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട ഫയല്‍ വിളിച്ചു വരുത്തിയ സുപ്രീം കോടതിക്ക് കൃത്രിമം ബോധ്യപ്പെട്ട സാഹചര്യത്തില്‍ നിയമനടപടിക്ക് മേല്‍ മറ്റ് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സെന്‍കുമാറിന്റെ അഭിഭാഷകന്‍.
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ സിഎടിയിലും ഹൈക്കോടതിയിലും സെന്‍കുമാര്‍ മുന്‍പ് നല്‍കിയ പരാതിയില്‍ നളിനി നെറ്റോയെ കക്ഷിയാക്കിയിരുന്നുവെങ്കില്‍ അവര്‍ക്ക് കടുത്ത നടപടി അന്നേ നേരിടേണ്ടി വരുമായിരുന്നേനെ എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് താന്‍ ഒപ്പിട്ട നോട്ട് കാണാത്തതിലും കൃത്രിമം നടന്നതിലും നടപടി ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലും നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഇതെല്ലാം കോടതിയിലെത്തുമ്പോള്‍ നളിനി നെറ്റോക്ക് മാത്രമല്ല സര്‍ക്കാറിനും തിരിച്ചടിയാകാനാണ് സാധ്യതയെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ ഇടപെട്ടത് നളിനി നെറ്റോയാണെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നത്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാന്‍ നളിനി നെറ്റോക്ക് മുന്നിലുണ്ടായ അവസരം ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന വിജയാനന്ദിനെ കേരളത്തിലേക്ക് തിരികെ എത്തിച്ച് തകര്‍ത്തതിന് പിന്നില്‍ താനാണെന്നതാണ് ‘പകക്ക ‘ കാരണമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം വീണ്ടും പൊലീസ് മേധാവിയായി ചുമതലയേറ്റിട്ടും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാതെ ബുദ്ധിമുട്ടിക്കുന്നതിന് പിന്നിലെ ബുദ്ധികേന്ദ്രവും തന്റെ ‘എതിരാളി’ തന്നെയാണെന്ന നിഗമനത്തിലാണ് സെന്‍കുമാര്‍.
എസ് പി റാങ്കിലുള്ള പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാലകൃഷ്ണന് തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം ഇടതു പക്ഷത്തിന്റെയോ മുഖ്യമന്ത്രി പിണറായിയുടെ വ്യക്തിപരമായ താല്‍പര്യം കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് സെന്‍കുമാര്‍ അടുപ്പക്കാരോട് വ്യക്തമാക്കിയിരിക്കുന്നത്.
ഈ ഒരു സാഹചര്യത്തില്‍ ശക്തമായി നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഇതിനായി പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ 48 മണിക്കൂറിനകം നല്‍കണമെന്ന് ആഭ്യന്തര വകുപ്പിലെ വിവരാവകാശ വിഭാഗത്തോട് സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയതിനെതിരെയും നളിനി നെറ്റോ വിരമിച്ചാല്‍ പുറ്റിങ്ങല്‍ റിപ്പോര്‍ട്ടിലെ കൃത്രിമം ചൂണ്ടിക്കാട്ടിയും നിയമ നടപടി സ്വീകരിക്കാനാണ് നീക്കം.