ചെന്നൈ : തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം അണ്ണാ ഡിഎംകെയെ പ്രതിസന്ധിയിലാക്കുന്നു.
പരസ്പരം പോരടിച്ചിരുന്ന പനീര്‍ശെല്‍വം വിഭാഗവും പളനി സ്വാമി വിഭാഗവും ഒത്തൊരുമിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയിലെ ഒരു മന്ത്രിതന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ നേതാക്കള്‍ പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന് പറഞ്ഞു ‘വെടി പൊട്ടിച്ചത്’ മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസനാണ്. നേരത്തെ ജയലളിത ആശുപത്രിയില്‍ ഇഡ്‌ലി കഴിക്കുന്നതായി പറഞ്ഞ മന്ത്രി അന്ന് അങ്ങനെ പറയേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചിരിക്കുകയാണിപ്പോള്‍.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ജയലളിതയെ തങ്ങളാരും കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുമ്പ് പറയാതിരുന്നത് ശശികലയെ പേടിച്ചാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
ബിജെപി പ്രസിഡന്റ് അമിത് ഷാ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എന്നിവര്‍ക്കു പോലും ജയലളിതയെ കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
ശശികലയെ സംശയത്തിന്റെ മുന്‍നിര്‍ത്തിയുള്ള മന്ത്രിയുടെ പ്രതികരണം പ്രതിപക്ഷം ഏറ്റെടുത്തുകഴിഞ്ഞു.
ജയലളിതയുടെ മരത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉടന്‍ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത്രയും ഗൗരവമായ കാര്യങ്ങള്‍ മുന്‍പു പറയാതെ ഇപ്പോള്‍ പുറത്ത് പറഞ്ഞ മന്ത്രി അണ്ണാ ഡിഎംകെ നേതാക്കളെ മൊത്തത്തില്‍ സംശയത്തിന്റ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
എല്ലാ കാര്യങ്ങളും ശശികലക്കൊപ്പം നന്ന് ചെയ്ത നേതാക്കള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നാണ് തമിഴ് ജനത ഇപ്പോള്‍ വിശ്വസിക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം നേരത്തെ പറഞ്ഞില്ല എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരു മറുപടിയും അണ്ണാ ഡിഎംകെ നേതൃത്വത്തിന് പറയാന്‍ സാധിക്കുന്നില്ല
ജയലളിതയുടെ മരണത്തോടെ ശൂന്യമായ തമിഴക രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ നടന്‍മാരായ രജനീകാന്തും കമല്‍ ഹാസനും തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അവര്‍ക്ക് വലിയ ഒരായുധമാണ്.
‘
മുഖ്യപ്രതിപക്ഷമായ ഡി.എം.കെ ഇപ്പോള്‍ തന്നെ വിഷയം ഏറ്റെടുത്തു കഴിഞ്ഞു.
അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതിനു വേണ്ടി പലതും അണ്ണാ ഡിഎംകെ നേതാക്കള്‍ ഒളിച്ചു വെച്ചതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായെന്നു പറയുന്ന ഡിസംബര്‍ നാലിന് വൈകിട്ട് 4.15ന് പതിവുപരിശോധനയ്ക്ക് വന്ന ഡോക്ടറാണ് ജയലളിതയുടെ ഹൃദയാഘാതം കണ്ടെത്തിയത് എന്നാണ് വിശദീകരണം.
ടെലിവിഷന്‍ പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ജയലളിതയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ഡോക്ടര്‍ പറഞ്ഞെന്നാണ് ആശുപത്രിയുടെ വിശദീകരണം. പെട്ടെന്ന് ഉപകരണങ്ങള്‍ കൊണ്ടുവന്ന് ഹൃദയമിടിപ്പും രക്തസമ്മര്‍ദവും പരിശോധിച്ചതായും ഹൃദയസ്തംഭനം സ്ഥിരീകരിച്ചെന്നുമാണ് ആശുപത്രി പുറത്തുവിടുന്ന വിവരങ്ങള്‍.
ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ജയലളിതയുടെ ചികിത്സ നിശ്ചയിച്ചത്. ഹൃദയാഘാതം ഉണ്ടായശേഷമുള്ള ചികിത്സയ്ക്ക് കൂടിയാലോചനകള്‍ കൂടുതലായി നടത്താന്‍ സാവകാശമുണ്ടായിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. നല്‍കിയ മരുന്നുകള്‍, ചികിത്സ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇനിയും ആശുപത്രി അധികൃതര്‍ നല്‍കിയിട്ടില്ല.
മരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സാവകാശം ശരീരത്തില്‍ വിഷം കടത്തിവിട്ടിട്ടുണ്ടെന്നാണ് ഒരു പ്രചാരണം. ഇത് വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്തതാണെന്നും പറയുന്നു.
ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണറെ അറിയിച്ചെന്നാണ് കരുതുന്നത്. ശശികലയാണ് വിശദാംശങ്ങള്‍ അറിഞ്ഞിരുന്ന മറ്റൊരാള്‍. വിശദാംശങ്ങള്‍ ഇതുവരെ അവരും പുറത്തുവിട്ടിട്ടില്ല. സംസ്‌കാരച്ചടങ്ങ് കഴിഞ്ഞ് പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അര്‍ധരാത്രിതന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍