സ്‌പെഷ്യല്‍ ഒളിംപിക്‌സിന് അബുദാബിയില്‍ തുടക്കം; 195 ഓളം രാജ്യങ്ങള്‍ പങ്കെടുക്കും

അബുദാബി: സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബിയില്‍ തുടക്കമായി. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ 195 ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് നൂറുകണക്കിന് കായിക താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.

അബുദാബി, ദുബൈ എന്നിവിടങ്ങളിലായി 9 വേദികളിലായാണ് മത്സരം നടക്കുക. നിശ്ചയദാര്‍ഢ്യക്കാരുടെ ഉന്നമനത്തിനായി യുഎഇ നടത്തിയ പ്രവര്‍ത്തനങ്ങളെ ലോക ഒളിംപിക് കമ്മിറ്റി സി.ഇ.ഒ മേരി ഡേവിസ് പ്രകീര്‍ത്തിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് നടക്കുന്നത്.

യുഎഇയാണ് ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത്. വനിതാ കായിക താരങ്ങളുടെ ബാഹുല്യം സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ മറ്റൊരു പ്രത്യേകതയാണ്. അവിസ്മരണീയ ദൃശ്യവിരുന്നായിരുന്നു ഉദ്ഘാടന ചടങ്ങ്. 20,000 ത്തിലേറെ വൊളന്റിയര്‍മാരാണ് മേളക്കായി രംഗത്തുള്ളത്.

Top