കൊച്ചി: ദിലീപും ഗോപികയും അഭിനയിച്ച സ്വലേ (സ്വന്തം ലേഖകന്‍) സിനിമയിലെ നായക കഥാപാത്രത്തിന്റെ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി.
പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ വീട്ടിലിരുത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ നായക കഥാപാത്രത്തിന്റെ ടെന്‍ഷന്‍ സിനിമയില്‍ അഭിനയിച്ച് ഫലിപ്പിച്ച ദിലീപ് ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് വിധേയനാകുമ്പോള്‍ പുറത്ത് ദിലീപിന്റെ കഥാപാത്രത്തെ അനുസ്മരിക്കുന്ന രൂപത്തില്‍ ടെന്‍ഷനടിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വിളറി പിടിച്ച് നില്‍ക്കുകയായിരുന്നു സഹിന്‍.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടറായ സഹിനെ ആയിരുന്നു ആലുവ പൊലീസ് ക്ലബിന് മുന്നില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനല്‍ ചുമതലപ്പെടുത്തിയിരുന്നത്.
മറ്റൊരു വനിതാ റിപ്പോര്‍ട്ടര്‍ക്ക് താരസംഘടനയായ അമ്മയുടെ എക്ലിക്യുട്ടീവ് യോഗം നടന്ന ക്രൗണ്‍ പ്ലാസ ഹോട്ടലിനു മുന്നിലായിരുന്നു ചുമതല.
ദിലീപിനെ ചോദ്യം ചെയ്യുന്നത് നീണ്ട് പോകുകയും വിവരങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോഴും സഹിന്റെ ഫോണ്‍ കോള്‍ നിര്‍ത്താതെ ശബ്ദിക്കുകയായിരുന്നു.
പ്രസവ വേദന തുടങ്ങിയതോടെ വീണ്ടും ഭാര്യയുടെ കോളെത്തി. എപ്പോള്‍ വരുമെന്ന ദയനീയ ചോദ്യത്തിന് ഉടനെ എത്തുമെന്ന് മറുപടി നല്‍കി ആശ്വസിപ്പിക്കുമ്പോഴും ചോദ്യം ചെയ്യല്‍ എപ്പോള്‍ തീരുമെന്ന ഒരു ധാരണയും സഹിന് ഉണ്ടായിരുന്നില്ല.
ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹവും ഇതിനിടെ ശക്തമായി. തൊട്ട് പിന്നാലെ ഇനിയും ചോദ്യം ചെയ്യല്‍ നീളുമെന്ന വിവരവും അകത്ത് നിന്നും ലഭിച്ചു.
ഇതോടെ ‘ചൂടുള്ള’ വാര്‍ത്ത നല്‍കാന്‍ എത്തിയ റിപ്പോര്‍ട്ടറുടെ സിരകളിലും ‘ചൂട് ‘ പിടിച്ചു.
പിരിമുറുക്കത്തിനിടെ നടന്‍ സിദ്ധിഖും നാദിര്‍ഷയുടെ സഹോദരനും പൊലീസ് ക്ലബില്‍ എത്തിയതോടെ സഹിന്‍ അവരുടെ അടുത്തേക്കോടി, തൊട്ട് പിന്നാലെ വീണ്ടും ഭാര്യയുടെ കോള്‍ . .മറുപടി ഒന്നു തന്നെ. ദാ ഇപ്പോള്‍ എത്തും.
‘അമ്മ’യുടെ യോഗം കഴിഞ്ഞത് 11 മണിക്കാണെങ്കില്‍ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യല്‍ അവസാനിച്ചത് പുലര്‍ച്ചെ 1.45 ഓടെയാണ്. സ്‌പെഷ്യല്‍ ബുളളറ്റിനും സിറ്റോറിയുമെല്ലാം കൊടുത്ത് സഹിന്‍ സിറ്റി ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 4 മണി.
അപ്പോഴേക്കും ഭാര്യ മനീഷയെ പ്രസവവേദനയെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് കയറ്റിയിരുന്നു.
ഉച്ചക്ക് 12.30 മുതല്‍ പുലര്‍ച്ചെവരെ നീണ്ട പിരിമുറുക്കം സന്തോഷത്തിന് വഴിമാറി ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും ‘വിപ്ലവ’ വീര്യം സഹിന്‍ കൈവിട്ടില്ല. പെണ്‍കുട്ടിക്ക് നല്‍കി ഒന്നാന്തരം ഒരു പേര് എസ് ത. വിപ്ലവം എന്ന അര്‍ത്ഥം വരുന്ന പേര് നേരത്തെ തീരുമാനിച്ചുറച്ച പേരുകളിലൊന്നായിരുന്നു.