കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം. നഗരത്തിനുള്ളിലെ പല റോഡുകളും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. വാഹനങ്ങൾ കെ.കെ.റോഡിൽ ജനറൽ ആശുപത്രിക്കു മുന്നിൽ തടഞ്ഞു. ഇതിനെത്തുടർന്ന് യാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി.
കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ) സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപു ഹാളിൽ കയറണമെന്നു നിർദേശമുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ടുവച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.