‘പയ്യോളി എക്സ്പ്രസ്സും പേടിക്കുന്നത് ഈ ചിത്ര ശലഭത്തെ’ കത്തിപ്പടരുന്ന പ്രതിഷേധാഗ്നി

ന്ത്യയുടെ അഭിമാനമായ പി.ടി ഉഷ അപമാനമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

പയ്യോളി എക്‌സ്പ്രസ്സ് എന്ന് മലയാളികള്‍ ആവേശത്തോടെ വിളിക്കുന്ന പിടി ഉഷക്ക് മേലെ പാലക്കാട്ടുകാരി ‘ചിത്രശലഭം’ പറക്കുമെന്ന ഭയമാണ് അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

ഹൈക്കോടതി ഉത്തരവിട്ടിട്ടും സാങ്കേതികത്വം പറഞ്ഞ് ഉത്തരവ് നടപ്പാക്കാതിരിക്കുന്ന ഉഷ ഉള്‍പ്പെട്ട ഏഴംഗ കമ്മിറ്റിയുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തതാണ്.

കോര്‍ട്ടലക്ഷ്യ നടപടി ചോദിച്ചു വാങ്ങുകയാണ് ഈ ‘ധിക്കാരി’ കമ്മിറ്റിയിപ്പോള്‍

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഗ്രാമത്തില്‍ കൂലിപ്പണിക്കാരായ ഉണ്ണികൃഷ്ണന്‍-വസന്തകുമാരി ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയാണ് ചിത്ര.

മുണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ സീനിയര്‍ വിഭാഗത്തിലെ മുഴുവന്‍ സ്വര്‍ണമെഡലുകളും സ്വന്തമാക്കികൊണ്ടായിരുന്നു ചിത്രയുടെ തുടക്കം.

പി.യു. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയും, ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയവും ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാട് ഇപ്പോഴും തുടരുകയാണ് അത്‌ലറ്റിക് ഫെഡറേഷന്‍.

തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ചിത്രയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കി അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. സമയപരിധി കഴിഞ്ഞ സാഹചര്യത്തില്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍വാഹമില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് അറിയിച്ചു. ഇതേക്കുറിച്ച് തിങ്കളാഴ്ച ഹൈക്കോടതിയില്‍ വിശദീകരണം നല്‍കാനാണ് നീക്കം.

എന്നാല്‍ ഈ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരും ഇപ്പേള്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. അപ്പീലിനു പോവാതെ ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം.

മികവുറ്റ ഒരു അത്‌ലീറ്റിനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ നീക്കങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീനും തുറന്നടിച്ചു.

ഫെഡറേഷന്റെ നിലപാട് അപലപനീയമാണെന്നും, കളത്തിനു പുറത്തുള്ള കാരണങ്ങളാണ് ചിത്രയെ ഒഴിവാക്കുന്നതിലേക്ക് നയിച്ചതെന്നാണ് മനസിലാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പി.യു. ചിത്രയുടെ മെഡല്‍വേട്ട

2017- ഇന്ത്യയിലെ ഭുവനേശ്വറില്‍ വെച്ച് നടന്ന 22 ആമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍
2014-ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500ാ, 3000ാ, 5000ാ ഇലും 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഈവന്റിലും സ്വര്‍ണമെഡല്‍
2013-ആദ്യ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 3000ാ ഇല്‍ സ്വര്‍ണ മെഡല്‍
2013 ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500ാ, 3000ാ, 5000ാ ഇലും 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഇനത്തിലും സ്വര്‍ണമെഡല്‍
2013-കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ 1500ാ, 3000ാ, 5000ാ ഇവയില്‍ സ്വര്‍ണമെഡല്‍
2012-കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ 1500ാ, 3000ാ, 5000ാ ഇവയില്‍ സ്വര്‍ണമെഡല്‍
2011-ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500ാ, 3000ാ, 5000ാ ഇവയില്‍ സ്വര്‍ണം. 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഇവന്റില്‍ വെങ്കലം

പയ്യോളി എക്‌സ്പ്രസ്സിനുമീതെ ചിത്രശലഭം പറക്കുമെന്ന പേടിയാണ് അത്‌ലറ്റിക് ഫെഡറേഷന്റെ തലതിരിഞ്ഞ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നതില്‍ ഇനി എന്താണ് തെറ്റ് ?

റിപ്പോര്‍ട്ട് : അബ്ദുള്‍ ലത്തീഫ്

Top