തിരുവനന്തപുരം: എത്ര മന്ത്രിമാർ രാജിവയ്ക്കേണ്ടി വന്നാലും എന്ത് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വന്നാലും ശശീന്ദ്രൻ രാജി വയ്ക്കാനിടയാക്കിയ സംഭവത്തിൽ കർക്കശ നടപടിയുണ്ടാകുമെന്ന നിലപാടിൽ മുഖ്യമന്ത്രി !
ഒരാളുടെ ഭീഷണിക്ക് മുന്നിലും വഴങ്ങുന്ന പ്രശ്നമില്ലന്നും ഒരു മന്ത്രി രാജിവയ്ക്കാനിടയാക്കിയ സംഭവത്തിന് പിന്നിലെ ‘അദൃശ്യകരങ്ങൾ’ കണ്ടെത്തി നടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം.
ജുഡീഷ്യൽ അന്വേഷണം കാലതാമസമില്ലാതെ എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്.
മന്ത്രിക്കെതിരെ നടന്ന ഗൂഡാലോചന എന്നതിൽ നിന്നും സർക്കാറിനെതിരെയുള്ള ഗൂഡാലോചന എന്ന രൂപത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയടക്കമുള്ളവർ ഓഡിയോ സംഭവത്തെ നോക്കി കാണുന്നത്. പ്രത്യേകിച്ച് വേറെ രണ്ട് മന്ത്രിമാരും ഒരു എംഎൽഎയും സമാനമായ രൂപത്തിലുള്ള ‘കെണിയിൽ ‘ പെട്ടെന്ന വാർത്ത പുറത്തു വന്ന സാഹചര്യത്തിൽ.
ഇത്തരം പ്രചരണങ്ങൾ ചില കേന്ദ്രങ്ങൾ പുകമറ സൃഷ്ടിക്കുന്നതിനു വേണ്ടി ബോധപൂർവ്വം നടത്തുന്ന പ്രചാരവേലയായാണ് സർക്കാർ കാണുന്നത്. മുൻ വിധിയോടെ വിഷയത്തെ സമീപിക്കുന്നില്ലങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ഒത്തുതീർപ്പിനും സമവായ ചർച്ചകൾക്കും സർക്കാർ തയ്യാറല്ല. അതിനു വേണ്ടി ആരെങ്കിലും ഇനിയും ‘ബലിയാടാകാനുണ്ടെങ്കിലും ‘ വഴങ്ങില്ല.
ഓഡിയോ വിവാദത്തിൽ പിണറായി സർക്കാറിനല്ലാതെ ചങ്കുറപ്പുള്ള തീരുമാനമെടുക്കാൻ മറ്റൊരു സർക്കാറിനും കഴിയില്ല എന്ന അഭിപ്രായവുമായി പൊതു സമൂഹവും പ്രത്യേകിച്ച് സാംസ്കാരിക നായകരും പ്രമുഖ മാധ്യമ പ്രവർത്തകരുമെല്ലാം പരസ്യമായി രംഗത്ത് വന്നതും സർക്കാറിനെ കർക്കശ നടപടിയിലേക്ക് കടക്കാൻ പ്രേരിപ്പിച്ച ഘടകമാണ്.
അണിയറയിലെ ‘രഹസ്യം ‘ പുറത്തായി നിരപരാധിത്യം ബോധ്യപ്പെട്ടാൽ ശശീന്ദ്രനെ തന്നെ മന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കാനുള്ള സാധ്യതയും ഇനി തള്ളിക്കളയാവുന്നതല്ല.
തോമസ് ചാണ്ടിയെ മന്ത്രിസഭയിലെടുക്കുന്നതിൽ മുഖ്യമന്ത്രിക്ക് കടുത്ത എതിർപ്പുള്ളതിനാൽ ശശീന്ദ്രനെ വീണ്ടും പരിഗണിക്കുകയോ അതല്ലങ്കിൽ സിപിഎം ഈ മന്ത്രി പദം ഏറ്റെടുക്കുകയോ ചെയ്യുകയാണ് മുന്നിലുള്ള പോംവഴി.
അതേ സമയം മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിക്കണമെന്ന ആവശ്യം എൻസിപി സംസ്ഥാന നേതൃത്വം തന്നെ ഇപ്പോൾ മുന്നോട്ട് വച്ചിട്ടുള്ളത് മന്ത്രി പദം മോഹിക്കുന്ന തോമസ് ചാണ്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇപ്പോൾ തോമസ് ചാണ്ടി മന്ത്രിയായാൽ പിന്നീട് ജുഡീഷ്യൽ അന്വേഷണത്തിൽ ശശീന്ദ്രൻ നിരപരാധി ആണെന്ന് വ്യക്തമായാൽ പോലും മന്ത്രിസ്ഥാനത്ത് നിന്ന് ചാണ്ടിയെ മാറ്റുന്നത് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് എൻസിപിയിലെ പ്രബല വിഭാഗം ഈ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.
ശശീന്ദ്രന് നിരപരാധിത്വം തെളിയിച്ച് മന്ത്രി സ്ഥാനത്ത് തിരിച്ചെത്താൻ കഴിയുമെന്ന് എൻസിപി അഖിലേന്ത്യാ അദ്ധ്യക്ഷൻ ശരദ് പവാറും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് ശശീന്ദ്രൻ അനുകൂലികളുടെ നീക്കം.
വിവാദ സംഭാഷണത്തിന്റെ കാര്യത്തിൽ ഡിജിറ്റൽ തെളിവുകൾ ഉള്ളതിനാൽ യാഥാർത്ഥ്യം കണ്ടെത്താൻ എളുപ്പത്തിൽ തന്നെ ജുഡീഷ്യൽ കമ്മിഷന് കഴിയുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടി കാട്ടുന്നത്.
ഒറിജിനൽ സംഭാഷണ രേഖകൾ ചാനലിനോട് ഹാജരാക്കാൻ ആവശ്യപ്പെടുകയോ അതല്ലങ്കിൽ പിടിച്ചെടുക്കാൻ തന്നെ നിർദ്ദേശിക്കാനും ജുഡീഷ്യൽ കമ്മീഷന് അധികാരമുണ്ട്.
അണിയറയിലെ സ്ത്രീ ആരാണെന്ന് കണ്ടെത്തിയാൽ അവർ ഉപയോഗിച്ച ഫോൺ നമ്പരുകളുടെ കോൾ വിശദാംശങ്ങൾ രേഖാമൂലം മൊബൈൽ കമ്പനികളിൽ നിന്ന് കമ്മീഷന് ശേഖരിക്കേണ്ടി വരും.
ശശീന്ദ്രന്റെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, ഓഫീസിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയും പരിശോധിക്കേണ്ടി വരും.
പ്രധാനമായും ആരാണ് സത്രീ എന്നതും അവർ എന്തിനു വേണ്ടിയാണ് മന്ത്രിയെ സമീപിച്ചതെന്നതും കണ്ടെത്തി അത് സ്ഥിരീകരിച്ച് സ്ത്രീയുടെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടിയുംവരും. ഇക്കാര്യത്തിൽ ഇതിനകം ശേഖരിച്ചു കഴിഞ്ഞ രഹസ്യാന്വേഷണ റിപ്പോർട്ടുകളായിരിക്കും ജുഡീഷ്യൽ കമ്മീഷന് ഏറെ സഹായകരമാകുക