മോദി സർക്കാറിനെ ‘ഞെട്ടിച്ച്’ കമ്യൂണിസ്റ്റ് ചൈനയ്ക്ക് കൈ കൊടുത്ത് പിണറായി . .

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള സഹകരണത്തിന്റെ പേരില്‍ ചൈനക്കെതിരെ കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകവെ ചൈനീസ് സഹായം സ്വീകരിച്ച കേരള മുഖ്യമന്ത്രിയുടെ നടപടിയില്‍ ‘ഞെട്ടി’ കേന്ദ്രം.

ഭവന നിര്‍മ്മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മ്മാണം, കൃഷി എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതിക സഹായം നല്‍കാമെന്നാണ് ചൈനയുടെ വാഗ്ദാനം.

മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹൂ വാണ് പിണറായിക്ക് ചൈനയുടെ സഹായം വാഗ്ദാനം ചെയ്തത്.

ഇതു സംബന്ധമായ വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച ശേഷം ഡല്‍ഹിയില്‍ ചൈനീസ് പ്രതിനിധികളുമായി മുഖ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തും.

കേരളവുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണക്ക് ഇവിടെ നിന്ന് പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കണമെന്ന അംബാസിഡറുടെ നിര്‍ദ്ദേശവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്. ചര്‍ച്ച പൂര്‍ത്തിയായ ശേഷം കേരള പ്രതിനിധികള്‍ ചൈനയിലേക്ക് പറക്കും.

കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നേതൃത്ത്വം നല്‍കുന്ന കേരളത്തിന് ലോകത്തിലെ പ്രധാന കമ്യൂണിസ്റ്റ് രാഷ്ട്രം നല്‍കുന്ന സഹായ വാഗ്ദാനം കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒട്ടും ദഹിക്കുന്നതല്ല.

ഇത്തരം സഹായങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടക്കുമായി രംഗത്ത് വരില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് വിവേചനം കാണിക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചൈനയുമായുള്ള ഈ കൈകോര്‍ക്കലിന് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.

സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റ് ഭരണം നിലവിലുണ്ടായിരുന്ന കാലഘട്ടത്തില്‍ പോലും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടികളോടായിരുന്നു ഇന്ത്യയിലെ സിപിഎം നേതാക്കള്‍ക്ക് അടുപ്പം.

സിപിഐക്കായിരുന്നു അക്കാലത്ത് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയോട് ഏറെ അടുപ്പമുണ്ടായിരുന്നത്.

ചൈനീസ് അനുകുല നിലപാടിന്റെ പേരില്‍ മുന്‍പ് നിരവധി സിപിഎം നേതാക്കളെ ഇന്ത്യയില്‍ ജയിലിലടച്ചിട്ടുമുണ്ട്. കേരളത്തിലെ പ്രമുഖ സിപിഎം നേതാക്കളും ഇതില്‍പ്പെടും.

ചൈനയും കേരളവും ഇപ്പോള്‍ കൈകോര്‍ക്കുന്നതിനെ സാധാരണ ഗതിയിലെ ഒരു ‘സഹകരണം’ മാത്രമായി കാണാതെ ഗൗരവമായി കാണാനാണ് കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തീരുമാനമെന്നാണ് സൂചന.

ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ എത്തിയ സമയത്ത് തന്നെയാണ് മുഖ്യമന്ത്രി പിണറായിയും ചൈനീസ് അംബാസിഡറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നതും ശ്രദ്ധയമാണ്.

Top