കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം അറസ്റ്റ് ചെയ്ത് അകത്തിട്ട ദിലീപിനെതിരെ ഇനിയും അന്വേഷണ സംഘത്തിന്റെ പക്കല്‍ കാര്യമായ തെളിവുകളില്ലേ ?
നാല് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ വാദം ‘ തള്ളി’ ഉടനെ കുറ്റപത്രം സമര്‍പ്പിക്കില്ലന്ന നിലപാട് പൊലീസ് സ്വീകരിച്ചത് ദിലീപ് ‘പേടി’യിലാണെന്നാണ് സൂചന.
സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റയാണ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലന്ന് വ്യക്തമാക്കിയത്.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് സാധാരണ ഗതിയില്‍ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിടാനുള്ള സാധ്യത കുറവാണ്.
ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നുവെങ്കില്‍ പൊലീസ് രഹസ്യമായി കോടതിയില്‍ നല്‍കിയ തെളിവുകളടക്കം എന്താണെന്ന് മനസ്സിലാക്കാനും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനും ദിലീപിന് എളുപ്പത്തില്‍ കഴിയുമായിരുന്നു.
ഈ സാധ്യത തടയുക എന്നതാണ് കുറ്റപത്രം വൈകിപ്പിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേ സമയം കേസില്‍ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തുന്നതുവരെ കേസന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ ഹൈക്കോടതി ഇനി അനുവദിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രോസിക്യൂഷന്‍ ഈ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പറഞ്ഞ കേസില്‍ പിന്നെയും കൂടുതല്‍ സമയം എന്തിനാണെന്ന് ഹൈക്കോടതിയില്‍ വ്യക്തമായി വിശദീകരിക്കേണ്ടി വരും.
ദിലീപിനെ ജയിലിലിട്ട് വിചാരണ നടത്തുന്നതിനാവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കല്‍ ഉണ്ടെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.
നിരപരാധിത്വം തെളിയിച്ച്, തന്നെ കുരുക്കിയ മുഴുവന്‍ പേര്‍ക്കുമെതിരെ സിവിലായും ക്രിമിനലായും കേസുകള്‍ നല്‍കാനാണ് ദിലീപിന്റെ പുതിയ തീരുമാനം.
ഇതു സംബന്ധമായി സി.ബി.ഐ അന്വേഷണം ദിലീപ് ആവശ്യപ്പെട്ടാല്‍ സംസ്ഥാന പൊലീസാണ് വെട്ടിലാകുക.
പൊലീസ് മേധാവി ബഹ്‌റക്ക്, തനിക്ക് വന്ന ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ വാട്‌സ് ആപ്പ് വഴി നല്‍കിയതായി ദിലീപ് മുന്‍പ് പറഞ്ഞതും ഇക്കാര്യം ഡി.ജി.പി ലോക് നാഥ് ബഹ്‌റ തന്നെ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ദിലീപിന്റെ പരാതി സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതിന് പ്രസക്തിയുണ്ടാവില്ല.
ദിലീപിന്റെ അമ്മ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതി ആരോപണ വിധേയയായ അന്വേഷണ സംഘം മേധാവി എ.ഡി.ജി.പി സന്ധ്യക്ക് തന്നെ കൈമാറിയ ഡി.ജി.പിയുടെ നടപടിയും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാണ് ദിലീപിന്റെ തീരുമാനം.
ഈ സാഹചര്യത്തില്‍ എളുപ്പത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് കോടതിയില്‍ നിന്നും ലഭിച്ചേക്കുമെന്നാണ് നിയമ കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നത്.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിക്കുന്നതോടെ ശക്തമായ നിയമ പോരാട്ടത്തിനിറങ്ങാന്‍ തന്നെയാണ് ദിലീപിന്റെ നീക്കം.
ഇപ്പോള്‍ തനിക്ക് ലഭിച്ച ജാമ്യത്തിലെ കടുത്ത നിയന്ത്രണം നീക്കം ചെയ്യുന്നതിന് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിക്കും.
ഇതെല്ലാം മുന്‍കൂട്ടി കണ്ട് നടി ആക്രമിക്കപ്പെട്ട കേസ് അനന്തമായി നീട്ടികൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമത്രെ.
റിപ്പോര്‍ട്ട് : എം വിനോദ്