കൊച്ചി: പൊലീസ് ലാത്തി ചാര്‍ജ്ജിന്റെ പേരില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തിനെതിരെ സേന ഒറ്റക്കെട്ട്.
ഡി.സി.പി യതീഷ് ചന്ദ്ര അതിരുവിട്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പൊലീസിന് നേരെ കല്ലെറിഞ്ഞും റോഡ് തടഞ്ഞും പ്രകോപനം സൃഷ്ടിച്ചതാണ് ലാത്തി വീശുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നുമാണ് ആഭ്യന്തര വകുപ്പിന് പൊലീസ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ തലേ ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നതായി രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പോരാട്ടം, സിപിഐ (എംഎല്‍) പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.
ഹൈക്കോടതി എല്‍.പി.ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമരക്കാരെ തടയേണ്ടത് പൊലീസിന്റെ സ്വാഭാവികമായ നടപടിയാണെന്നാണ് വാദം.
സ്ത്രീകളെയും കുട്ടികളെയും സമരത്തിന്റെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പ്രതിരോധത്തിലാക്കാനും സംഘര്‍ഷമുണ്ടാക്കാനും ആസൂത്രിത ശ്രമമാണ് ഉണ്ടായതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിസിപിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ സേനയുടെ മനോവീര്യം കെടുമെന്നാണ് പൊലീസ് ഉന്നതര്‍ ആഭ്യന്തര വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ 21ന് സമരക്കാരുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ച നിര്‍ണ്ണായകമാവും.
ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വിഎസ്, സ്ഥലം എം.എല്‍.എ എസ്.ശര്‍മ്മ, സിപിഐ ജില്ലാ സെക്രട്ടറി രാജു എന്നിവര്‍ ഡിസിപിയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
ഭരണപക്ഷത്ത് നിന്നു തന്നെ ഇത്തരത്തില്‍ ശക്തമായ സമ്മര്‍ദ്ദം വന്നതിനാല്‍ ഡി.സി.പി യെ സ്ഥലം മാറ്റുകയെങ്കിലും ചെയ്യുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.
അതേസമയം ടെര്‍മിനലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലാത്ത മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ സിപിഎം നേതൃത്ത്വത്തില്‍ തന്നെ ആശങ്കയുണ്ട്.
വലിയ മുതല്‍ മുടക്കില്‍ തുടങ്ങിയ പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ പിന്നെ വ്യവസായ മേഖല കേരളത്തോട് മുഖം തിരിക്കുമെന്നും ഒരു വന്‍കിട പദ്ധതിയും നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നുമാണ് സര്‍ക്കാറിന്റെ ഭയം.
അതിനാല്‍ തന്നെ സമരക്കാരുടെ ആശങ്കകള്‍ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രധാനമായും ആലോചിക്കുന്നത്.
വൈപ്പിന്‍ നിവാസികളുടെ സമരം പ്രതിപക്ഷവും മറ്റ് ചില സംഘടനകളും ഏറ്റെടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കുന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യതയും വളരെ കുറവാണ്.