കൊച്ചി: വിചാരണ കഴിയും വരെ ദിലീപിനെ പുറം ലോകം കാണിക്കില്ലന്ന് വാശി പിടിച്ചവരുടെ ‘മുഖത്ത് ചവിട്ടി’ ജനപ്രിയതാരം ബുധനാഴ്ച ജയിലില്‍ നിന്നും പുറത്തിറങ്ങും.
ഒരു മിനുട്ടെങ്കിലും പുറത്ത് കാണിക്കാതിരിക്കാന്‍ റിമാന്‍ഡ് കാലാവധി കഴിയുന്ന സമയങ്ങളില്‍ പോലും വീഡിയോ കോണ്‍ഫറന്‍സ് നടത്തിക്കാന്‍ ഇടപെടുന്ന പ്രോസിക്യൂഷന് രണ്ട് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നത് കനത്ത പ്രഹരമാണ്.
സ്വന്തം പിതാവിന്റെ ശ്രാദ്ധ ചടങ്ങിന് പോലും പങ്കെടുക്കുന്നതിനെ എതിര്‍ത്ത പ്രോസിക്യൂഷനും അന്വേഷണ സംഘവും എന്തിനാണ് ഇത്ര ഭയപ്പെടുന്നത് എന്ന ചോദ്യം നിരവധി സംശയങ്ങളാണ് പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്നത്.
ഇവരുടെ വാദങ്ങള്‍ തള്ളിയ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ദിലീപിനെ അനുകൂലിക്കുന്നവരെ സംബന്ധിച്ച് ഏറെ സന്തോഷം പകര്‍ന്നിട്ടുണ്ട്.
പുറത്തിറങ്ങുന്ന ദിലീപ് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതില്‍ തന്നെ അവരുടെ ഭയം വ്യക്തമാണ്.
രണ്ട് മാസത്തെ ജയില്‍ വാസത്തിനു ശേഷം പുറം ലോകം കാണുന്ന ദിലീപിന്റെ മുഖം കണ്ടാല്‍ തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ എരിയുന്ന കനല്‍ വായിച്ചെടുക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്.
വന്‍ പൊലീസ് സന്നാഹമാണ് ദിലീപ് പുറത്തുള്ള രണ്ട് മണിക്കൂര്‍ സുരക്ഷയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ സൂപ്പര്‍ താരം ജയറാം, ഹരിശ്രീ അശോകന്‍, കെ.ബി ഗണേഷ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവര്‍ ജയിലില്‍ പോയി ദിലീപിനെ കാണാന്‍ തയ്യാറായത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്.
മറ്റു സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ദിലീപിനെ കാണാന്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് സൂചന.
സിനിമാ മേഖലയിലെ മുഴവന്‍ സംഘടനകളും ചേര്‍ന്ന് എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ്.
സി.ബി.ഐ അന്വേഷണത്തിന് തന്നെ ഈ കേസ് വിടണമെന്നതാണ് സിനിമാ സംഘടനകളുടെ ആവശ്യം. അതിന് സര്‍ക്കാര്‍ തയ്യാറായില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.
ഇതിനിടെ,രണ്ടാമത് ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിക്കെതിരെ രംഗത്ത് വന്ന പ്രോസിക്യൂഷന്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇനിയും ലഭിക്കേണ്ടതുള്ളതിനാല്‍ ജാമ്യം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടത് അന്വേഷണ സംഘത്തില്‍ പൊതുസമൂഹത്തില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന കുറ്റത്തിന് മുന്‍പ് പള്‍സര്‍ സുനിയുടെ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് എന്തിനായിരുന്നു എന്ന ചോദ്യം പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് മാരാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നു.
ഇവരെ പ്രതിയാക്കിയത് പിന്നെ എന്തിനായിരുന്നു എന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് മറുപടിയില്ല.
മാത്രമല്ല, ആദ്യ ജാമ്യ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട അന്വേഷണ സംഘം ഹൈക്കോടതിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ഒളിവിലാണ് അയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു.
ഗൂഢാലോചന അറിയാവുന്ന പ്രധാനിയായാണ് അപ്പുണ്ണിക്ക് മേല്‍ പൊലീസും ഒരു വിഭാഗം മാധ്യമങ്ങളും പുകമറ സൃഷ്ടിച്ചിരുന്നത്.
എന്നാല്‍ പിന്നീട് അപ്പുണ്ണി നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ പ്രതിയാക്കാതെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി പറഞ്ഞ് വിടുകയാണ് അന്വേഷണ സംഘം ചെയ്തത്.
ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ മന:പൂര്‍വ്വം കോടതിയെ പോലും അന്വേഷണ സംഘം തെറ്റിധരിപ്പിക്കുകയാണെന്ന് നിയമ കേന്ദ്രങ്ങള്‍ പോലും സംശയിക്കാന്‍ മറ്റൊരു കാരണമിതാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പോലും മൊഴി നല്‍കാത്ത പശ്ചാത്തലത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ പറ്റിയില്ലങ്കില്‍ വലിയ ‘വില’ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കേണ്ടി വരും.
തന്റെ മരണം വരെ നീതിക്കുവേണ്ടി പോരാടുമെന്നും ഒരു നിരപരാധിക്കും തന്റെ ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഈ കേസിന്റെ അന്തിമ വിധിയും തുടര്‍ നടപടികളും കാരണമാകുമെന്നുമാണ് ദിലീപിന്റെ ആത്മവിശ്വാസം.
റിപ്പോര്‍ട്ട് : എം വിനോദ്