special-protest against kodiyeri’s statement about malapuram byelection

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എന്‍സിപിയുടെ മന്ത്രി പ്രഖ്യാപനത്തില്‍ സ്വീകരിച്ച നിലപാടില്‍ സിപിഎമ്മില്‍ പ്രതിഷേധം.

ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ പകരം മന്ത്രിയെ എന്‍സിപി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന കോടിയേരിയുടെ നിലപാടിനെ ചൊല്ലിയാണ് സിപിഎമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിരിക്കുന്നത്.

ആകെ രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള എന്‍സിപിയുടെ തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനത്തേക്ക് വഴി ഒരുക്കുന്നതിനു വേണ്ടിയാണ് കോടിയേരി ഇത്തരം അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് വിമര്‍ശനം.

അധികാര മോഹിയായി പൊതു സമൂഹം വിലയിരുത്തുന്ന തോമസ് ചാണ്ടിയെന്ന കോടീശ്വരന്‍ മന്ത്രിയായാല്‍ അത് പിണറായി സര്‍ക്കാറിന് ‘ബാധ്യതയാകുമെന്നാണ് ‘ പാര്‍ട്ടിക്കകത്തെ അഭിപ്രായം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തന്നെ തന്റെ മന്ത്രിസ്ഥാനവും വകുപ്പും വരെ സ്വയം പ്രഖ്യാപിച്ച നേതാവാണ് തോമസ് ചാണ്ടി.

ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്ന ഓഡിയോ വാര്‍ത്തക്ക് പിന്നാലെ കാര്യങ്ങള്‍ വ്യക്തമായിട്ടുമതി പകരം മന്ത്രിയെ കുറിച്ചുള്ള ആലോചന എന്ന അഭിപ്രായത്തിനാണ് സിപിഎമ്മില്‍ മുന്‍തൂക്കം. പാര്‍ട്ടി തന്നെ മന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും അല്ലങ്കില്‍ ശശീന്ദ്രന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ അദ്ദേഹത്തിന് വീണ്ടും അവസരം കൊടുക്കേണ്ടി വന്നാല്‍ പോലും തോമസ് ചാണ്ടിയെ പരിഗണിക്കരുതെന്നുമാണ് ആവശ്യം.

കോടിയേരിയുടെ നിലപാടിനെതിരെ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ലങ്കിലും പാര്‍ട്ടി കമ്മിറ്റിയില്‍ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് തീരുമാനം.

ഗോവയില്‍ എന്‍സിപി പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ എന്‍സിപിക്ക് മന്ത്രി സ്ഥാനം ഇനി അനുവദിക്കരുതെന്ന വാദവും ശക്തമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയുടെ മന്ത്രിസഭാ പ്രവേശനത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎമ്മിലെ ബഹുഭൂരിപക്ഷവും.

മുസ്ലീ ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്തെ വിധിയെഴുത്ത് ഇടതു സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് എന്തടിസ്ഥാനത്തിലാണ് കോടിയേരി പറഞ്ഞതെന്നത് എത്ര ആലോചിച്ചിട്ടും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും പിടികിട്ടിയിട്ടില്ല. അണികളും ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.

മലപ്പുറത്തെയും സംസ്ഥാനത്തെയും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ യു ഡി എഫിന്റെ ഭൂരിപക്ഷം കുത്തനെ കുറക്കുകയും ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതിനാണ് സിപിഎം ഇവിടെ പ്രാമുഖ്യം കൊടുക്കുന്നത്.

എസ്ഡിപിഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും വോട്ടുകള്‍ കൂടി കുഞ്ഞാലിക്കുട്ടിക്ക് പോകുമോയെന്ന ആശങ്ക ഇടത് പ്രവര്‍ത്തകരില്‍ നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി കോടിയേരിയുടെ പ്രതികരണമുണ്ടായത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിണറായിക്കെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന് ഒരു വടി കൊടുത്തിരിക്കുകയാണ് ഈ പ്രസ്താവന വഴി കോടിയേരിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടി കാണിക്കുന്നത്.

Top