ദുബായ്: ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ ഖത്തര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തിരിച്ചടിയായതോടെ സമവായത്തിന് വഴങ്ങി സൗദിയും !
വിഷയത്തില്‍ ഇടപെട്ട് കുവൈത്ത് തുടങ്ങിയ മധ്യസ്ഥ ശ്രമത്തോട് സൗദിയിലെ സല്‍മാന്‍ രാജാവ് അനുകൂലമായി പ്രതികരിച്ചെന്നാണ് പുറത്തു വരുന്ന വിവരം.
താല്‍ക്കാലികമായാണെങ്കില്‍ പോലും ഉപരോധം പിന്‍വലിക്കാനാണ് നീക്കം. സൗദിയോടൊപ്പം ഉപരോധം ഏര്‍പ്പെടുത്തിയ ഈജിപ്ത് പൗരന്‍മാരെ പുറത്താക്കാന്‍ ഖത്തര്‍ നീക്കം നടത്തിയതും അറബ് രാഷ്ട്രങ്ങളെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇന്ത്യയും ഇറാനും ഖത്തറിനെ സഹായിക്കാന്‍ മുന്നോട്ട് വന്നതും ഖത്തറുമായുള്ള ഇന്ത്യയിലേക്കടക്കമുള്ള ചരക്ക് നീക്കം തടയാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നതും സൗദിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തന്നെ ഇപ്പോഴത്തെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ട്. രാജ്യഭരണം ആയതിനാല്‍ ആരും പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് മാത്രം.
പെരുന്നാള്‍ സമയത്ത് ലക്ഷക്കണക്കിന് ജനങ്ങളാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനായി ഖത്തറിലേക്കും അവിടെനിന്നു സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നത്. ഖത്തറുമായുള്ള കടല്‍, ആകാശ ബന്ധം യുഎഇ വിഛേദിച്ചതിനെ തുടര്‍ന്നു ഫുജൈറ, ജബല്‍ അലി, അബുദാബി തുടങ്ങിയിടങ്ങളില്‍നിന്നു ചരക്കുനീക്കം തടസ്സപ്പെട്ടെങ്കിലും നിരോധനമില്ലാത്ത രാജ്യങ്ങള്‍വഴി അത്യാവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ഇറാനും ഇന്ത്യയും ഇതില്‍ ഉള്‍പ്പെടും.
ഖത്തറുമായി സൗദി അറേബ്യ കരമാര്‍ഗമുള്ള ബന്ധം വിച്ഛേദിച്ചതോടെ, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ചരക്കുഗതാഗതം നിലച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ഖത്തര്‍. ഇതില്‍ 40 ശതമാനവും സൗദി അറേബ്യ വഴിയാണ്. എണ്ണൂറോളം ലോറികളാണു ദിവസവും സൗദി അതിര്‍ത്തിവഴി ഖത്തറിലെത്തിയിരുന്നത്. ഈ വഴി ലക്ഷക്കണക്കിനു സന്ദര്‍ശകരും എത്തിയിരുന്നു. സൗദി അറേബ്യയും യുഎഇയുമാണു ഖത്തറിന്റെ മുഖ്യ വ്യാപാര പങ്കാളികള്‍.
2012ല്‍ സൗദിയിലെ വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ഖത്തറിലേക്കുള്ള ഇറച്ചി കയറ്റുമതി നിര്‍ത്തിയിരുന്നു. അന്നു ബള്‍ഗേറിയയില്‍നിന്നു ഹലാല്‍ ചിക്കന്‍ ഇറക്കുമതി ചെയ്താണു ഖത്തര്‍ പ്രതിസന്ധി തരണം ചെയ്തത്. കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ വഴി ചരക്ക് നീക്കം നടത്താനും ശ്രമങ്ങള്‍ നടന്നുവരികയാണ്.
താല്‍ക്കാലികമായി ഇനി ഉപരോധം പിന്‍വലിക്കുകയോ ഇളവുകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്താല്‍പോലും ഖത്തറും സൗദിയുടെ നേതൃത്ത്വത്തിലുള്ള അറബ്‌രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും തുടരാനാണ് സാധ്യത.
ഇതില്‍ ഇന്ത്യ സ്വീകരിച്ച നിലപാടാണ് സൗദിക്കും യുഎഇക്കും കനത്ത പ്രഹരമായത്.
ഭീകരബന്ധം ചൂണ്ടിക്കാട്ടി ഖത്തറിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ ഇന്ത്യ ഒപ്പം നില്‍ക്കുമെന്നായിരുന്നു സൗദിയുള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ കരുതിയിരുന്നത്.
എന്നാല്‍ ഇന്ത്യയുമായി ഏറെ അടുപ്പമുള്ള ഖത്തറിനെ കൈവിടാന്‍ തയ്യാറാകാതിരുന്ന ഇന്ത്യ ഖത്തറുമായുള്ള വ്യാപാര ബന്ധം പഴയതുപോലെ തന്നെ നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.