രാഹുലിന്റെ പ്രതീക്ഷകൾ സുധീരനിൽ തന്നെ, ഗ്രൂപ്പ് രാഷ്ട്രീയത്തിന് ‘ചക്ര പൂട്ടിട്ടാൻ’ നീക്കം

ന്യൂഡല്‍ഹി : ലോക് സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനും ഇടതുപക്ഷത്തില്‍ നിന്നും ഭരണം തിരിച്ചുപിടിക്കാനും കേരളത്തില്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷയര്‍പ്പിക്കുന്നത് വി.എം സുധീരനെ ?

ഗ്രൂപ്പ് പോരില്‍പ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവയ്‌ക്കേണ്ടി വന്ന വി.എം സുധീരനെ ‘കൈ’വിട്ടു കൊണ്ടുള്ള ഒരു ഏര്‍പ്പാടിനും ഹൈക്കമാന്റ് തയ്യാറാകില്ലന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തില്‍ നിന്നുള്ള എം.പിമാരടക്കം ഒരു വിഭാഗം ഇപ്പോള്‍ തന്നെ സുധീരന്റെ നിലപാടുകള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയാണ്.

കെ.പി.സി.സി നല്‍കിയ പട്ടിക ഹൈക്കമാന്റ് അംഗീകരിക്കാത്തതിനു പിന്നിലെ പ്രധാന ‘സൂത്രധാരന്‍’ സുധീരനാണെന്നാണ് എ ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ സംശയിക്കുന്നത്.

പരസ്പരം ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരമാവാമെന്ന ആന്റണിയുടെ നിലപാടു പോലും സുധീരന്‍ അംഗീകരിക്കുന്നില്ല.

ഗ്രൂപ്പുകള്‍ വിട്ടുവീഴ്ച ചെയ്യുന്നതല്ല, ഹൈക്കമാന്റ് അര്‍ഹതപ്പെട്ടവര്‍ക്ക് പരിഗണന നല്‍കുന്നതാണ് ശരിയായ സംഘടനാ രീതിയെന്നാണ് സുധീരന്റെ നിലപാട്.

കെ.പി.സി.സി പട്ടിക സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഡല്‍ഹിയിലേക്ക് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍, എം.എം ഹസ്സന്‍, വി.ഡി.സതീശന്‍ എന്നിവരെ രാഹുല്‍ വിളിപ്പിച്ചപ്പോഴും സുധീരന്റെ നിലപാടാണ് രാഹുലിനെ സ്വാധീനിച്ചതെന്നാണ് ഗ്രൂപ്പുകള്‍ സംശയിക്കുന്നത്.

കേരളത്തിലെ ഗ്രൂപ്പു തര്‍ക്കം ആശയപരമല്ല, വ്യക്തിപരമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയത് സുധീര സ്വാധീനം മൂലമാണെന്നാണ് ആക്ഷേപം.

ഹൈക്കമാന്റ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മൂന്നാം തവണയും തള്ളി കെ.പി.സി.സി പട്ടിക സമര്‍പ്പിച്ചതാണ് രാഹുലിനെ പ്രകോപിപ്പിച്ചത്.

ഗ്രൂപ്പ് വീതംവയ്പിനെതിരെ വി.എം.സുധീരനും പരസ്യമായി രംഗത്തു വന്നിരുന്നു.

സുധീരന് പിന്നാലെ ശശി തരൂര്‍, കെ.വി.തോമസ്, പി.സി.ചാക്കോ, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരാണ് കെ.പി.സി.സി സമര്‍പ്പിച്ച ലിസ്റ്റിനെതിരെ ഹൈക്കമാന്റിനെ സമീപിച്ചിരിക്കുന്നത്.

നേതാവ് ചമയുന്നതിലല്ല ജനങ്ങളെ പാര്‍ട്ടിയോടടുപ്പിക്കുന്നതിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നാണ് രാഹുലിന്റെ ഉപദേശം.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും 15 സീറ്റ് നേടിയിരിക്കണമെന്നതാണ് രാഹുല്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്.

സോളാര്‍ വിവാദത്തില്‍ കുരുങ്ങിയ ഉമ്മന്‍ ചാണ്ടിയേക്കാളും ഘടകകക്ഷികള്‍ക്ക് പോലും മതിപ്പില്ലാത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കാളും ജനങ്ങളെ ആകര്‍ഷിക്കാന്‍ സുധീരന്റെ സംശുദ്ധ പ്രതിച്ഛായക്ക് കഴിയുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തലത്രെ.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് വിരാമമിടാന്‍ ഒറ്റമൂലി പ്രയോഗിക്കാന്‍ തന്നെയാണ് രാഹുലിന്റെ തീരുമാനം.

സുധീരന് പിന്നില്‍ ഹൈക്കമാന്റ് ഉറച്ചു നിന്നാല്‍ ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ ഇപ്പോള്‍ ഉറച്ചു നില്‍ക്കുന്നവരും മറുകണ്ടം ചാടാനാണ് സാധ്യത.

Top