രജനി പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുന്നത് ആർഎസ്എസ് നേതൃത്ത്വത്തിന്റെ ‘തിരക്കഥ’

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ് തിരക്കഥ പ്രകാരം.

ബിജെപിയുടെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പിന്തുണ നഷ്ടമാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വതന്ത്രമായി പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയും തിരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎ യുടെ ഭാഗമായി മാറുക എന്നതാണ് നിര്‍ദ്ദേശം.

ഈ നിര്‍ദ്ദേശത്തോട് രജനികാന്തും ബിജെപി നേതൃത്ത്വവും തത്ത്വത്തില്‍ യോജിച്ചതായാണ് സൂചന. ആര്‍ എസ് എസ് നേതാവ് ഗുരുമൂര്‍ത്തിയാണ് എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.

അതേസമയം ജൂലൈയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനിയുടെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്ക് വാദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതു സംബന്ധമായ അന്തിമ തീരുമാനമായിട്ടില്ലന്നാണ് അറിയുന്നത്.

താന്‍ അഭിനയിച്ച യന്തിരന്‍ 2 വിനെയും ഇപ്പോള്‍ പുതുതായി അഭിനയിക്കുന്ന മരുമകന്‍ ധനുഷ് നിര്‍മ്മിക്കുന്ന ‘കരികാല’നെയും രാഷ്ട്രീയ പ്രവേശനം ബാധിക്കരുതെന്ന നിര്‍ബന്ധം രജനിക്കുണ്ട്.

സൂപ്പര്‍ സ്റ്റാര്‍ എപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാലും അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നിലംപൊത്തി ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഈ സാഹചര്യത്തില്‍ തമിഴകത്തെ ഭരണപ്രതിപക്ഷ പാര്‍ട്ടികളും നിലവില്‍ ആശങ്കയിലാണ്.

ബിജെപിയിലാകട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ മതിയെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കമെങ്കിലും രജനികാന്ത് എപ്പോള്‍ തീരുമാനിച്ചാലും നിയമസഭാ തിരഞ്ഞെടുപ്പിന് ‘കളമൊരുക്കാന്‍’ കേന്ദ്ര നേതൃത്ത്വം തയ്യാറാണ്.

രജനി പുതിയ പാര്‍ട്ടിയുണ്ടാക്കുകയാണെങ്കില്‍ ഒപ്പം പോകാന്‍ അണ്ണാ ഡിഎംകെ, ഡിഎംകെ പാര്‍ട്ടികളില്‍പ്പെട്ട നിരവധി എം.എല്‍.എമാര്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

പളനി സാമി മന്ത്രിസഭക്കെതിരെ ഇനിയൊരു അവിശ്വാസം കൊണ്ടു വന്നാല്‍ അത് പാസാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

അതിനു വേണ്ടി ഇപ്പോഴത്തെ ‘പ്രത്യേക സാഹചര്യത്തില്‍’ ഡിഎംകെ മുന്‍കൈ എടുക്കുമോ എന്ന കാര്യത്തില്‍ പക്ഷെ സംശയമുണ്ട്.

തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് രജനികാന്ത് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

Top