ആരാണ് ‘യഥാര്‍ത്ഥത്തില്‍’ ഇന്ത്യ ഭരിക്കുന്നത് ? ബി.ജെ.പിക്കാര്‍ തന്നെ പരസ്പരം ചോദിച്ചു തുടങ്ങി ഇപ്പോള്‍ ഇത്തരമൊരു ചോദ്യം.
സൂപ്പര്‍ ‘പ്രധാന’ മുഖ്യമന്ത്രിയായി ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലെത്തിച്ച് ഇന്ത്യയിലെ മൊത്തം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ പ്രഖ്യാപിപ്പിച്ച പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ അമ്പരന്ന് നില്‍ക്കുകയാണിപ്പോള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും കേന്ദ്ര സര്‍ക്കാറും.
ഒരു ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അധികാര പരിധിയിലെ കാര്യങ്ങളാണ് ചെയ്തതെന്ന് വാദിക്കുമ്പോള്‍ തന്നെ ഇത് ഓവറായില്ലേ എന്നാണ് കേന്ദ്രത്തിലെ പ്രമുഖരുടെ വിലയിരുത്തല്‍.
പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ഒരു കേന്ദ്ര മന്ത്രിയുണ്ടായിട്ടും അദ്ദേഹത്തെപോലും അടുപ്പിക്കാതെ മൊത്തത്തില്‍ ക്രെഡിറ്റ് അടിച്ച് മാറ്റിയ ഇടത് സര്‍ക്കാറിന്റെ നടപടിയാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറുടെ വസതിയില്‍ കൂടിക്കാഴ്ച നടന്നത് നല്ല കാര്യമൊക്കെയാണെങ്കിലും ഷാര്‍ജ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമിക്ക് നല്‍കിയ ഡിലിറ്റ് ബിരുദം അദ്ദേഹത്തെ കേരളത്തിലെത്തിക്കാനുള്ള ഇടത് ബുദ്ധികേന്ദ്രങ്ങളുടെ തന്ത്രപരമായ നീക്കമായിട്ടാണ് ബിജെപി നേതൃത്വം കാണുന്നത്.
ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സാധാരണ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമെല്ലാം ഇടപെട്ട് നടത്തേണ്ട ഇത്തരമൊരു വലിയ കാര്യം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി സാമര്‍ത്ഥ്യത്തില്‍ നേടിയെടുത്തതാണ് കേന്ദ്രത്തെ അലോസരപ്പെടുത്തുന്നത്.
ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കാനാണ് തീരുമാനമായത്.
മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന് ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഈ അഭ്യര്‍ത്ഥനപ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ഷാര്‍ജ സുല്‍ത്താന്‍ തീരുമാനിച്ചത്.
മലയാളികളെ മാത്രമല്ല, ഗുരുതര ക്രിമിനല്‍ കേസുകളില്‍പെടാത്ത മുഴുവന്‍ ഇന്ത്യക്കാരെയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു.
ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ബിരുദദാന ചടങ്ങില്‍ ആദ്യം പരാമര്‍ശിച്ചത്. ‘ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിച്ചത്, എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ. അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും’. എന്നാണ് ശൈഖ് സുല്‍ത്താന്‍ എന്നോട് പറഞ്ഞത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം പിന്നീട് തന്റെ മറുപടി പ്രസംഗത്തില്‍ ശൈഖ് സുല്‍ത്താനും സ്ഥിരീകരിക്കുകയായിരുന്നു.
ചെറിയ തര്‍ക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലുംപെട്ട് വിവിധ സംസ്ഥാനങ്ങളിലെ നിരവധി ഇന്ത്യക്കാര്‍ ഷാര്‍ജ ജയിലുകളില്‍ കഴിയുന്നുണ്ട്. കേരളാ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇവര്‍ക്ക് വലിയ ആശ്വാസമാകും.
യുഎഇയിലെ മറ്റു എമിറേറ്റ്സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.
കേന്ദ്രം വിദേശത്ത് തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതിന് അറച്ചുനില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഇടപെടലിലൂടെ നിരവധി പേര്‍ക്ക് മോചനം സാധ്യമാകുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ പറന്ന് നടന്ന് സൂപ്പര്‍ ‘പവറാ’കാന്‍ ശ്രമിക്കുന്ന മോദിയോട് രാഷട്രത്തലവന്മാരെ ‘മെരുക്കി’ കാര്യം നേടാന്‍ തനിക്കും കഴിയുമെന്ന് പറയാതെ പറയുകയാണ് ഈ ഇടപെടലിലൂടെ പിണറായി വിജയന്‍.