തിരുവനന്തപുരം: ഹിന്ദു എന്ന പദത്തിന്റെയും കാവി നിറത്തിന്റെയും പകര്‍പ്പവകാശം തങ്ങള്‍ സ്വന്തമാക്കിയിട്ടില്ലെന്ന് ആര്‍എസ്എസ്.
ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെ നടന്ന ഹിന്ദു സേനയുടെ അതിക്രമത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രമുഖ ആര്‍ എസ് എസ് നേതാവ് സദാനന്ദന്‍ മാസ്റ്ററാണ് ‘പകര്‍പ്പവകാശം’ ചൂണ്ടിക്കാട്ടി പ്രതിരോധവുമായി രംഗത്ത് വന്നത്.
ഹിന്ദു എന്ന പേരും കാവി നിറവും ഉയര്‍ത്തി ആരെങ്കിലും എന്തെങ്കിലും കാണിച്ചു കൂട്ടിയാല്‍ മറുപടി പറയാന്‍ ആര്‍എസ്എസിന് ബാധ്യതയില്ലന്നും അദ്ദേഹം തുറന്നടിച്ചു.
മാധ്യമങ്ങള്‍ പെരുപ്പിച്ച് പറയുന്നത് പോലെ ഒന്നും അവിടെ സംഭവിച്ചിട്ടില്ല. രണ്ടു പേര്‍ പ്രതിഷേധിച്ചു അവരെ പാര്‍ട്ടി ഓഫീസിലെ സിപിഎമ്മുകാര്‍ പൂട്ടിയിട്ടു, പൊലീസ് കൊണ്ടുപോയി . . ഇതാണ് സംഭവിച്ചത്.
തങ്ങള്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരല്ലെന്ന് പ്രതിഷേധിച്ചവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സദാനന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വിവരം പുറത്തുവിട്ട മലയാളം വാര്‍ത്താ ചാനലുകള്‍ സിപിഎം ജനറല്‍ സെക്രട്ടറിയെ സംഘ പരിവാര്‍ ആക്രമിച്ചു എന്ന തെറ്റായ വാര്‍ത്തയാണ് നല്‍കിയത്. ആദ്യഘട്ടത്തില്‍ സിപിഎം പോലും പറയാതിരുന്ന ഒരു ആരോപണമാണിത്.
കോടിയേരി ബാലകൃഷണനെ ഡല്‍ഹിയില്‍ കാലുകുത്തിക്കില്ലെന്ന് പറഞ്ഞതായി പ്രചരിപ്പിച്ചിട്ടും കാല് കുത്തിയില്ലേ ? എന്തെങ്കിലും അദ്ദേഹത്തിന് സംഭവിച്ചോയെന്നും ആര്‍എസ്എസ് നേതാവ് ചോദിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ അതിക്രമം കാണിച്ച ഹിന്ദു സേനക്കാര്‍ സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരല്ലെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ പത്മകുമാറും പറഞ്ഞു.
ഈ വാദം പൊളിക്കാന്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി സംഘടനയെ മുന്‍നിര്‍ത്തി രംഗത്ത് വന്ന സിപിഎം നേതൃത്ത്വത്തിനെതിരെയും പത്മകുമാര്‍ ആഞ്ഞടിച്ചു.
എം എ ബേബിയുടെ ‘സ്വരലയ’ സിപിഎമ്മിലോ ഇടതുപക്ഷത്തോ ഉള്ള ഏതെങ്കിലും സംഘടനയാണോ എന്ന് മറുപടി പറഞ്ഞിട്ട് ആദിത്യ നാഥിന്റെ സംഘടനയുടെ കാര്യം പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന് സ്വന്തമായി സെക്യൂരിറ്റി സംവിധാനമുള്ള എകെജി ഭവനിനുള്ളില്‍ എങ്ങനെ രണ്ടു പേര്‍ കടന്നു എന്ന് ഡല്‍ഹി പൊലീസ് അന്വേഷിക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ വിളിച്ച മുദ്രാവാക്യം ചൂണ്ടിക്കാട്ടി സംഘപരിവാറാണെന്ന് പറയുന്നവര്‍ ഇന്‍ക്വിലാബ് വിളിക്കുന്നവര്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണോ എന്ന് വ്യക്തമാക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.