തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് എ കെ ശശീന്ദ്രന്‍ രാജി വയ്ക്കാന്‍ ഇടയാക്കിയ ഓഡിയോ സംഭാഷണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം.
വിവാദ സംഭാഷണം പുറത്തായത് സംബന്ധിച്ച് സിപിഎമ്മും സര്‍ക്കാറും സംശയിക്കുന്ന വ്യക്തിക്ക് ചില ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചിരുന്നതായാണ് സൂചന.
ഈ ഒരു സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം സാധ്യമാകണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന നിഗമനത്തില്‍ മുഖ്യമന്ത്രി എത്തിചേരുകയായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
സ്ത്രീ, മന്ത്രിയുമായി സംസാരിക്കാനുണ്ടായ സാഹചര്യം തൊട്ട് ഗൂഢാലോചന വരെ അന്വേഷണ പരിധിയില്‍ വരും.
സംഭാഷണത്തിലെ സ്ത്രീ സ്വയം മന്ത്രിയുടെ അടുത്ത് ബന്ധപ്പെട്ടതാണോ, അതോ ആരെങ്കിലും പറഞ്ഞയച്ചതാണോ, സ്ത്രീ തന്നെ ചാനലിനു നല്‍കിയ ഓഡിയോ ആണോ പുറത്തു വന്നത് എന്നതും പരിശോധിക്കും.
ഇനി ഇതൊന്നുമല്ല ഫോണ്‍ സംഭാഷണം ചോര്‍ത്തിയതാണെന്ന് തെളിഞ്ഞാല്‍ ഉന്നത ഉദ്യോഗസ്ഥരും കുടുങ്ങും.
ഫോണ്‍ ചോര്‍ത്തുന്നത് പോയിട്ട് മറ്റുള്ളവരുടെ കോള്‍ വിശദാംശം പരിശോധിക്കുന്നതിനു പോലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. ഇത് ലംഘിക്കപ്പെട്ടാല്‍ വിവരങ്ങള്‍ ചോര്‍ത്തിയവരും ശേഖരിച്ചവരുമെല്ലാം പെടും.
ആരുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. ചുമതലപ്പെടുത്തുന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥനെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരുടെ പാനലിലും മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്തിമ തീരുമാനമെടുക്കുക.
ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്നും അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചാല്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്നും തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യം ആഭ്യന്തര സെക്രട്ടറിയുമായും ഡിജിപിയുമായുള്ള കൂടികാഴ്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പരാതിയില്ലാതെ അന്വേഷിക്കാന്‍ കഴിയില്ലന്ന നിലപാടിലായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ.