കൊച്ചി : സംസ്ഥാനത്ത് ബൗദ്ധീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍. ബുദ്ധിമാന്ദ്യം,ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹു വൈകല്യം തുടങ്ങിയ തരത്തില്‍ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത 284 സ്‌പെഷ്യല്‍ സ്‌കൂളുകളാണ് നിലവില്‍ ഉള്ളത്. ഇതില്‍ ഒരു സ്‌കൂള്‍ മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത്.
കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി സന്നദ്ധ സംഘടനകള്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങിയിരുന്നു. പല സ്‌കൂളുകളും 35 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. യാതൊരു ലാഭേച്ചയും ഇല്ലാതെ സേവന മനോഭാവത്തോടു കൂടിയാണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത്.
ഭൂരിഭാഗം സ്‌കൂളുകളും ആധുനിക സൗകര്യങ്ങളും തെറാപ്പി പരിശീലന യൂണിറ്റുകളും തൊഴില്‍ പരിശീലന സൗകര്യങ്ങളും ഉള്ളവയാണ്. 45,000 ത്തിലധികം കുട്ടികളാണ് കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ പ്രത്യേക പാഠ്യപദ്ധതിയിലൂടെ പഠനം നടത്തുന്നത്. പൊതുവിദ്യാലയങ്ങളിലെ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷനില്‍ നിന്ന് പുറത്തു വരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും ഒരാശ്രയമാണ് ഈ സ്‌പെഷ്യല്‍ സ്‌കൂളുകള്‍.
പത്താംതരം വരെ പഠിച്ച് മറ്റൊരു കുട്ടിയുടെ സഹായത്താല്‍ പരിക്ഷ എഴുതി എല്ലാ വിഷയത്തിനും മുന്തിയ മാര്‍ക്ക് വാങ്ങി ഒടുവില്‍ സ്വന്തം പേര് പോലും എഴുതുവാനറിയാതെ, സ്വന്തം ഷര്‍ട്ടിന്റെ ബട്ടണ്‍ പോലും ഇടാനറിയാതെ ഈ കുട്ടികളെല്ലാം ശരിയായ പഠനത്തിനായി സ്‌പെഷ്യല്‍ സ്‌കൂളുകളിലേക്കാണ് വന്നു ചേരുന്നത്. പ്രഥമിക പരിശീലനം നല്‍കേണ്ട പ്രായം കഴിഞ്ഞ് വരുന്ന ഈ കുട്ടികളെ പഠിപ്പിക്കുന്നതിലും ജീവിത നൈപുണികള്‍ പരിശീലിപ്പിക്കുന്നതിലും അധ്യാപകര്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്.
മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇത്തരം സ്ഥാപനങ്ങളെ 2009ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ.ബേബിയാണ് ഈ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയതും 10 കോടി രൂപ ധനസാഹായമായി നല്‍കിയതും.9 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ധനസഹായ തുക 13 കോടിയായി വര്‍ദ്ധിപ്പിച്ചെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പിനാവശ്യമായ തുകയുടെ 30% ത്തില്‍ താഴെ മാത്രമാണ് ഗ്രാന്റ് ലഭിക്കുന്നത്.ഈ കുട്ടികളെ പരിശീലിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനം 5000 രൂപയില്‍ താഴെയാണ്.
കേരളത്തില്‍ 43 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നു. കേള്‍വി കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള മുഴുവന്‍ സ്‌പെഷ്യല്‍ സ്‌കൂളുകളും ഗവണ്‍മെന്റ് നേരിട്ടോ എയ്ഡഡ് ആയോ നടത്തുന്നു.ഈ സ്‌കൂളുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസവും ഒപ്പം ഹോസ്റ്റല്‍ ചിലവ്,യാത്ര ബത്ത,ബുക്കുകള്‍,യൂണിഫോം എന്നിവയും സൗജന്യമായി നല്‍കുന്നു. എന്നാല്‍ വൈകല്യത്തില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന, പരിഗണവേണ്ടവരില്‍ പ്രത്യേക പരിഗണന നല്‍കേണ്ട ബുദ്ധിമാന്ദ്യം,ഓട്ടിസം, സെറിബ്രല്‍പാള്‍സി, ബഹുവൈകല്യം എന്നീ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് ഇതൊന്നും ലഭ്യമല്ല. ഈ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കില്‍ ഏതെങ്കിലും വ്യക്തിയുടെ യോ സംഘടനയുടയോ കാരുണ്യം ഉണ്ടെങ്കില്‍ മാത്രമെ കഴിയൂ.
കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂളുകളിലൂടെ അനോജ്യമായ സവിശേഷ വിദ്യാഭ്യാസം,തെറാപ്പി ചികിത്സകള്‍, കലാകായിക പരിശീലനം, തൊഴില്‍ പരിശീലനം, രക്ഷകതൃ പരിശീലനം എന്നിവ വഴി ഒട്ടേറെ കുട്ടികളെ സമൂഹത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ കൈ പിടിച്ച് ഉയര്‍ത്തുന്നതിനും ജോലികളില്‍ നിയമിക്കുന്നതിനും സ്വയം തൊഴിലൂടെ പര്യാപ്തമാക്കാനും കഴിഞ്ഞിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ വരെ ഈ കുട്ടികള്‍ മത്സരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് നമ്മുടെ കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും33 കുട്ടികള്‍ പങ്കെടുക്കുകയും 8 സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. തിരുവന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ ഒളിംപിക്‌സിലൂടെ നമ്മുടെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ ഒരു ഗിന്നസ് റെക്കോര്‍ഡ് ഉള്‍പ്പടെ 3 ലോക റെക്കോര്‍ഡുകളാണ് കേരളത്തിന് നേടിതന്നത്.
കഴിഞ്ഞ യുഎഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 33 സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂകളായി പ്രഖ്യാപിച്ചു കൊണ്ട് ഓഡര്‍ പുറത്തിറക്കുകയും 50 കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചതുമാണ്. ഘഉഎ പ്രകടനപത്രിയിലും മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് ആക്കുമെന്ന് പ്രഖ്യപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ പല വേദികളിലും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന അനുകൂല നിലപാട് സ്വീകരിക്കുകയും ഇവയെ ശക്തിപ്പെടുത്താനാവശ്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഉദ്യോഗസ്ഥതലത്തില്‍ ഏതാനും ചിലര്‍ ചേര്‍ന്ന് യാതൊരു ചര്‍ച്ചയും കൂടാതെ സ്‌പെഷ്യല്‍ സ്‌കൂളുകളെ സാമൂഹ്യനീതി വകുപ്പിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഈ തീരുമാനം നടപ്പിലായാല്‍ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന ഉച്ചഭക്ഷണ പദ്ധതിയും സമ്പത്തിക സഹായവും നിലക്കുകയും സ്‌കൂളുകളുടെ എയ്ഡഡ് ആവശ്യം നിരാകരിക്കപ്പെടാനും സാധ്യതയുണ്ട്. സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരുടെ മാന്യമായ ആവശ്യങ്ങളും മാനസിക വൈകല്യമുള്ള കുട്ടികളുടെ പഠിക്കുവാനുള്ള അവകാശവുമാണ് ഉദ്യോഗസ്ഥരുടെ അവഗണയില്‍ ഒരിടവും എത്താതെ പോകുന്നത്.
മാനസിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തകര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ ഭിന്നശേഷി വിഭാഗത്തില്‍ ഏറ്റവും കുടുതല്‍ ശ്രദ്ധ ചൊലുത്തേണ്ട മനസീക വെല്ലുവിളി നേരുന്ന കുട്ടികളുടെ സവിശേഷ വിദ്യാഭ്യാസത്തെ തള്ളിക്കളയരുത്.
മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഈ മേഖലയോട് കാണിക്കുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ചു കൊണ്ടും സ്‌പെഷ്യല്‍ സ്‌കൂളുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന പുതിയ തീരുമാനങ്ങള്‍ ഉപേക്ഷിക്കുന്നതിനും ജീവനക്കാര്‍ക്ക് മാന്യമായ വേതനം ലഭ്യമാക്കുന്നതിനും മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അവകാശപ്പെട്ട സവിശേഷ വിദ്യാഭ്യാത്തെ സംരക്ഷിക്കുവാനും വേണ്ടി സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരും രക്ഷിതാക്കളും മാനേജ്‌മെന്റും ചേര്‍ന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരത്തിന് തയ്യാറാകുകയാണ്. ആദ്യ ഘട്ടമായി ഏപ്രില്‍ 25 ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനും തുടര്‍ന്ന് അനിശ്ചിത കാല നിരാഹാര സമരമുള്‍പ്പടെയുള്ള പ്രതിക്ഷേധം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.