ശബരിമല സീസണോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകള്‍; കുമളിയില്‍ നിന്ന് 12 കെഎസ്ആര്‍ടിസി ബസുകള്‍

കുമളി: ശബരിമല സീസണോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചതായി കെഎസ്ആര്‍ടിസി. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ 12 കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള സര്‍വീസുകളെ ബാധിക്കാത്ത വിധത്തിലാകും പ്രത്യേക സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക. മണ്ഡലകാലത്തുടനീളം കുമളി ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും പമ്പ വരെ ബസ് ഉറപ്പുവരുത്തും. 232 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസ് നിറയുന്നതനുസരിച്ചാവും ട്രിപ്പ് തുടങ്ങുക. ബസില്‍ 40 യാത്രക്കാരായാല്‍ പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മൂന്ന് ബസുകള്‍ കൂടിയെത്തുന്നതോടെ പമ്പ സര്‍വീസിനുള്ള ആകെ ബസുകളുടെ എണ്ണം 15 ആയി ഉയരും. തിരക്ക് വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ബസ് അനുവദിക്കുമെന്നും കുമളി ഡിപ്പോ അധികൃതര്‍ അറിയിച്ചു. കുമളി ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. 04869 223224 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭിക്കും.

കുമളിയില്‍ നിന്നുള്ള പ്രത്യേക സര്‍വീസ് കൂടാതെ തൊടുപുഴയില്‍ നിന്ന് ഒരു ബസും എല്ലാ ദിവസവും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വൈകീട്ട് ഏഴിന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് നിന്നാണ് ഇത് ആരംഭിക്കുക. കുമളി ഡിപ്പോ ഫോണ്‍: 04869 224242. കുമളിയില്‍ നിന്നുള്ള പ്രത്യേക സര്‍വീസ് കൂടാതെ വണ്ടിപ്പെരിയാര്‍-സത്രം പാതയില്‍ ഒരു ബസും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് വണ്ടിപ്പെരിയാറില്‍ നിന്ന് യാത്ര തുടങ്ങുന്ന ഈ ബസ് എട്ട് ട്രിപ്പുകള്‍ നടത്തും. രാത്രി 7.10 നാണ് ഈ ബസിന്റെ സത്രത്തില്‍ നിന്നുള്ള അവസാന ട്രിപ്പ്. ഇത് കുമളി ഡിപ്പോ വരെയുണ്ടാകും.

Top