ഗണേഷ് ചതുര്‍ഥി ദിനത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തില്‍

ന്യൂഡല്‍ഹി: ഗണേഷ് ചതുര്‍ഥി ദിനത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തില്‍ നടക്കും. സെപ്റ്റംബര്‍ 18നു സമ്മേളനം പഴയ മന്ദിരത്തില്‍ തുടങ്ങി സെപ്റ്റംബര്‍ 19നു ഗണേഷ് ചതുര്‍ഥി ദിനത്തില്‍ പുതിയ കെട്ടിടത്തിലേക്കു മാറാനാണു തീരുമാനം. ഇതോടെ സെപ്റ്റംബര്‍ 18നു ചേരുന്ന സമ്മേളനം പഴയ പാര്‍ലമെന്റിലെ അവസാന സമ്മേളനം ആയിരിക്കും. പുതിയ മന്ദിരം മേയ് 28ന് ഉദ്ഘാടനം ചെയ്‌തെങ്കിലും മഴക്കാല സമ്മേളനം പഴയ മന്ദിരത്തിലാണു നടന്നത്.

പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിലേക്കു മാറുന്നതു സംബന്ധിച്ച വിവരം വാര്‍ത്ത ഏജന്‍സി എഎന്‍ഐയാണു പുറത്തുവിട്ടത്. ഈ മാസം 18 മുതല്‍ 22 വരെയാണു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ എന്താണെന്നതില്‍ വ്യക്തയില്ല. എന്താണ് സമ്മേളന അജന്‍ഡയെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ 5 നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.

Top