special-sfi trapped to promotion given by Nivin Pauly sakhav movie

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായത് പൊലീസ് അതിക്രമമല്ലന്നും നുഴഞ്ഞ് കയറിയവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും സിപിഎമ്മും സർക്കാറും നിലപാട് പ്രഖ്യാപിച്ചിരിക്കെ സിനിമയിലെ ‘ സഖാവ് ‘പൊലീസിനെതിരെ തിരിഞ്ഞതിൽ വെട്ടിലായത് കണ്ണൂരിലെ സഖാക്കൾ.

സഖാവ് സിനിമയുടെ പ്രചരണാർത്ഥം തലശ്ശേരിയിൽ നിന്ന് വടകരയിലേക്ക് സംഘടിപ്പിച്ച റോഡ് ഷോയിൽ സിനിമയിൽ സഖാവിനെ അവതരിപ്പിച്ച നിവിൻ പോളിക്കൊപ്പം അനവധി എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരും പങ്കെടുത്തിരുന്നു.

തലശ്ശേരി ബ്രണ്ണൻ കോളജിലും കണ്ണൂർ സർവ്വകലാശാലയിലും ഉൾപ്പെടെ റോഡ് ഷോക്ക് വൻ സ്വീകരണങ്ങളാണ് എസ്എഫ്ഐ പ്രവർത്തകരുടെ മേൽ നേട്ടത്തിൽ നൽകിയിരുന്നത്.

പരിപാടി ഉദ്ഘാടനം ചെയ്തത് തന്നെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കൂടിയായ തലശ്ശേരി എംഎൽഎ എ എൻ ഷംസീറായിരുന്നു.

കച്ചവട സിനിമയുടെ പ്രചരണ പ്രവർത്തനങ്ങളിൽ എംഎൽഎ അടക്കമുള്ളവർ പങ്കാളികളായതിനെതിരെ മുൻ എസ്എഫ്ഐ നേതാക്കളും യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ ശക്തമായി രംഗത്തു വരുന്ന സാഹചര്യവുമുണ്ടായി.

ഇതിനു തൊട്ട് പിന്നാലെയാണ് ഇപ്പോൾ സിപിഎം സഖാക്കളുടെ നിലപാടു തള്ളി സിനിമയിലെ ‘സഖാവും’ രംഗത്തിറങ്ങിയിരിക്കുന്നത്.

ജിഷ്ണുവിന്റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളിയായ നിവിൻ പോളി ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രം കറുപ്പാക്കിയാണ് പ്രതിഷേധമറിയിച്ചിരുന്നത്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

IMG-20170408-WA0001
വാട്സ്ആപ്പിൽ പോസ്റ്റുകൾ തയ്യാറാക്കി നടന്റെ ഫോട്ടോ സഹിതം കൊടുത്ത് ‘സഖാക്കളെ തളളിയ സഖാവ് ‘ എന്ന അടിക്കുറിപ്പിലാണ് ട്രോളൻമാരും ട്രോളുന്നത്.

വിവാദ സംഭവത്തിൽ ഇപ്പോൾ സിപിഎമ്മിന്റെ നിലപാടിനൊപ്പം നിൽക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടാൽ തിയ്യേറ്ററിൽ ‘സഖാവിന്റെ ‘ കാര്യത്തിൽ പെട്ടന്ന് തീരുമാനമാകുമെന്ന ഉപദേശമാണത്രെ നടന്റെ ഫേസ് ബുക്ക് പോസ്റ്റിന് പിന്നിൽ.

കാറിൽ ആക്രമിക്കപ്പെട്ട സഹപ്രവർത്തകയായ ഒരു നടിയുടെ കണ്ണുനീര് കാണാത്തവരാണ് ഇപ്പോൾ ജിഷ്ണുവിന്റെ അമ്മയുടെ കണ്ണുനീർ തുടക്കാൻ വന്നിരിക്കുന്നതെന്ന വിമർശനവും നിവിൻ പോളിക്ക് മറുപടിയായി പ്രചരിക്കുന്നുണ്ട്.

സിനിമയിലെ ‘സഖാവിന്റെ ‘ നിറം മാറ്റത്തിൽ വെട്ടിലായത് റോഡ് ഷോയിലടക്കം പങ്കെടുത്ത് ക്ഷീണിച്ചവരും കാമ്പസുകളിൽ സ്വീകരണം സംഘടിപ്പിച്ചവരുമാണ്.

പാർട്ടി നിലപാടുകൾ കർശനമായി നടപ്പിലാക്കുന്ന മാനസികാവസ്ഥയിലുള്ള കണ്ണൂർ സഖാക്കൾക്ക് യഥാർത്ഥത്തിൽ ഇപ്പാഴാണത്രെ ‘സഖാവിന്റെ ‘ കച്ചവട തന്ത്രം പിടി കിട്ടിയത്.

ഒരേ സമയം രണ്ട് വള്ളത്തിൽ കാല് വയ്ക്കുന്ന ഒരു തരം അവസരവാദ രാഷ്ട്രീയം.സഖാക്കളും കാണണം സഖാക്കളെ എതിർക്കുന്നവരും തള്ളിക്കയറണം എന്ന കച്ചവട നിലപാട്.

അഭിനയിച്ച സിനിമകളിലൊന്നും കൈ പൊള്ളാത്ത സ്ഥിതിക്ക് ചെങ്കൊടി പിടിച്ച് കൈപൊള്ളേണ്ടന്ന് നായക നടന് സ്വയം തോന്നിയതാണോ അതോ നിർമ്മാതാവോ, സംവിധായകനോ അതുമല്ലങ്കിൽ വിതരണക്കാരൻ തന്നെയോ സമ്മർദ്ദം ചെലുത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യിപ്പിച്ചതാണോ എന്നത് ഇനിയും വ്യക്തമല്ല.

അതേ സമയം ജിഷ്ണുവിന്റെ അമ്മക്ക് എതിരായ പൊലീസ് നടപടിയിൽ സിപിഎമ്മും സർക്കാരും സ്വീകരിച്ച നിലപാടിനെതിരെ പ്രതിഷേധം വ്യാപകമായ പശ്ചാതലത്തിൽ ചെങ്കൊടിയുടെ രാഷ്ട്രീയം പറയുന്ന സഖാവിനെ എങ്ങനെയാണ് പ്രേക്ഷകർ സ്വീകരിക്കുക എന്ന കാര്യത്തിൽ അണിയറ പ്രവർത്തകരും ആശങ്കയിലാണെന്നാണ് സൂചന.

സിനിമയെ സിനിമയായി തന്നെയാണ്ട് ജനങ്ങൾ കാണുകയെന്ന് വാദിക്കുമ്പോഴും ഇപ്പോഴത്തെ സംഭവ വികാസങ്ങൾ എന്ത് പ്രതിഫലനമാണ് തിയ്യേറ്ററുകളിലുണ്ടാക്കുകയെന്നാണ് സിനിമാലോകവും ഇപ്പോൾ ഉറ്റുനോക്കുന്നത്.

ചെങ്കൊടിയുടെ രാഷ്ട്രീയം പറഞ്ഞ ‘ഒരു മെക്ലിക്കൻ അപാരതക്ക് ‘ മികച്ച ഓപ്പണിംങ്ങാണ് ലദിച്ചിരുന്നതെങ്കിലും സിനിമയിൽ വിദ്യാർത്ഥി സഖാവായ നായകനെ വധിക്കാൻ കഠാര കൊടുത്തയക്കുന്ന ലോക്കൽ നേതാവിനെ ചിത്രീകരിച്ചത് ഇടതു പ്രേക്ഷകർക്ക് ദഹിച്ചിരുന്നില്ല. ഇത് ചിത്രത്തിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു.

നിവിൻ പോളിയുടെ ‘സഖാവ് ‘ സംവിധാനം ചെയ്തത് മുൻ എസ് എഫ് ഐ പ്രവർത്തകനാണെങ്കിലും അകത്ത് എന്താണെന്ന് വ്യക്തമായിട്ട് മാത്രം ഇനി സിനിമ കാണാമെന്ന അഭിപ്രായമാണ് മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സഖാക്കൾക്കിടയിലുയർന്നിരിക്കുന്നത്.

Top