കൊച്ചി: കാമ്പസുകളില്‍ ചുവപ്പ് തരംഗം ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ സിരകളില്‍ ആവേശമായി പടര്‍ന്ന് എസ്.എഫ്.ഐയുടെ വിജയതരംഗം തുടരുന്നു.
കേരളത്തില്‍ എസ്.എഫ്.ഐക്ക് ബദലാകാന്‍ പോയിട്ട് അടുത്ത് പോലും നില്‍ക്കാന്‍ ഒരു വിദ്യാര്‍ത്ഥി സംഘടനക്കും അടുത്ത കാലത്തൊന്നും കഴിയില്ലന്ന വ്യക്തമായ സന്ദേശം നല്‍കിയാണ് എസ്.എഫ്.ഐ വിജയ കുതിപ്പ് തുടരുന്നത്.
മൃഗീയ മേധാവിത്വം എന്നൊക്കെ പറഞ്ഞാല്‍ അത് എസ്.എഫ്.ഐയുടെ ഇത്തരം വിജയങ്ങള്‍ തന്നെയാണ്.
കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജുകളില്‍ ബഹുഭൂരിപക്ഷവും തൂത്ത് വാരിയതിന്റെ ആവേശം കെട്ടടങ്ങും മുന്‍പാണ് എം.ജി സര്‍വ്വകലാശാലക്ക് കീഴിലും എസ്.എഫ്.ഐ സമാന വിജയം ആവര്‍ത്തിച്ചിരിക്കുന്നത്.
ഇവിടെ ആകെ തിരഞ്ഞെടുപ്പ് നടന്ന 132 കോളജുകളില്‍ 127 ഉം എസ്.എഫ്.ഐ നേടിയത് കോണ്‍ഗ്രസ്സ് -കെ.എസ്.യു വിഭാഗത്തിന്റെ അടിത്തറയിളക്കുന്നതാണ്.
കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ സംസ്ഥാനത്ത് സ്വാധീനമുണ്ട് എന്നറിയപ്പെടുന്ന മധ്യകേരളത്തില്‍ സ്വന്തം വിദ്യാര്‍ത്ഥി സംഘടനക്കേറ്റ പ്രഹരം മുതിര്‍ന്ന നേതാക്കളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഭാവി തലമുറ ഇങ്ങനെ ചുവപ്പിനെ പ്രണയിച്ചാല്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും അടിവേര് തകരുമെന്നും കെ.എസ്.യുവിന് ഒരു ‘ചരമഗീതം’ പാടാന്‍ സമയമായെന്നുമാണ് ഖദറിനുള്ളിലെ പൊതു വികാരം.
അടിയന്തരിമായി വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് സജീവമായ തിരുത്തല്‍ ഇടപെടല്‍ നടത്തിയില്ലങ്കില്‍ ‘പണി’ പാളുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വവും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
കാവിക്കോട്ടയായ കോന്നി എന്‍.എസ്.എസ്, തൊടുപുഴ ഐ.എച്ച്.ആര്‍.ഡി കോളജും എസ്.എഫ്.ഐ പിടിച്ചെടുത്തത് എ.ബി.വി.പിക്കും ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്ത്വങ്ങള്‍ക്കും അപ്രതീക്ഷിത തിരിച്ചടിയായിട്ടുണ്ട്.
കെ.എസ്.യുവിന്റെ തകര്‍ച്ച എം.ജിയില്‍ നേട്ടമാക്കാമെന്ന കാവിപ്പടയുടെ പ്രതീക്ഷയാണ് ഇവിടെ പൊലിഞ്ഞത്.
സി.പി.എം ആകട്ടെ ഇതെല്ലാം മുന്‍പേ പ്രതീക്ഷിച്ചതാണെന്ന വിലയിരുത്തലിലാണ്.
പാര്‍ട്ടി വര്‍ഗ്ഗ ബഹുജന സംഘടന അതിന്റെ ഉത്തരവാദിത്വം സ്വതന്ത്രമായി നിറവേറ്റുന്നതിന് വിദ്യാര്‍ത്ഥി സമൂഹം നല്‍കുന്ന പിന്തുണയാണ് വിജയത്തിന് ആധാരമെന്നാണ് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
ചുവപ്പിനെ പകയോട് കാണുന്ന വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളില്‍ നിന്നു പോലും വരുന്ന വിദ്യാര്‍ത്ഥികള്‍ കാമ്പസുകളില്‍ ശുഭ്ര പതാകക്ക് കീഴില്‍ അണിനിരക്കുന്നതില്‍ നിന്നു തന്നെ എസ്.എഫ്.ഐ യുടെ കരുത്തും വിശ്വാസ്യതയും പ്രകടമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
എസ്.എഫ്.ഐയുടെ തകര്‍പ്പന്‍ വിജയത്തിന്റെ വിശദാംശങ്ങള്‍ ചുവടെ:
ആകെ തിരഞ്ഞെടുപ്പ് നടന്ന 132 കോളേജുകളില്‍ 127 ലും യൂണിയന്‍ ഭരണം നേടിക്കൊണ്ടാണ് എസ്.എഫ്.ഐ ഉജ്ജ്വല വിജയം കൈവരിച്ചത്. എം.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി സംഘടനകളെ തൂത്തെറിഞ്ഞുകൊണ്ടാണ് ഈ ചരിത്രവിജയം.
‘ മത വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിപ്ലവ വിദ്യാര്‍ത്ഥി സംഘടന തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ചരിത്രത്തിലാദ്യമായി കോന്നി എന്‍ എസ് എസ് കോളേജ് എ ബി വി പി യില്‍ നിന്നു പിടിച്ചെടുത്തു. 8 വര്‍ഷം കെ എസ് യു വിന്റെ കൈയ്യിലായിരുന്ന മൂലമറ്റം സെന്റ് ജോസഫ് കോളേജ് എസ്എഫ്‌ഐ പിടിച്ചെടുത്തു. 2 വര്‍ഷം എ ബി വി പി യുടെ കൈയിലായിരുന്ന തൊടുപുഴ ഐ എച്ച് ആര്‍ ഡി കോളേജ്, കെ എസ് യു വിന്റെ കൈയ്യിലായിരുന്ന മുരുക്കശ്ശേരി പാവനാത്മ കോളേജ്, മുരിക്കാശ്ശേരി മാര്‍സ്ലീവാ കോളേജ്, ആലുവ യു സി കോളേജ്, ബി എ എം കോളേജ് മല്ലപ്പള്ളി, ചിറ്റാര്‍ കോളേജ്, എസ് ബി കോളേജ്, കാത്തോലിക് കോളേജ് എന്നിവ കെ എസ് യു വിന്റെ കയ്യില്‍ നിന്നും തിരിച്ചുപിടിച്ചു.
സെന്റ് ജോസഫ് അക്കാദമി ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മൂലമറ്റം, ഐ എച്ച് ആര്‍ ഡി കോളേജ് കുട്ടിക്കാനം, എസ്എസ്എം കോളേജ്, എസ്എന്‍ കോളേജ് പാമ്പനാട്, അയ്യപ്പ കോളേജ് പീരുമേട്, തൃപ്പുണിത്തറ ആര്‍ എല്‍ വി കോളേജ്, അല്‍ അമീന്‍ കോളേജ് ഇടത്തല, എസ് എസ് കോളേജ്, രണ്ടാര്‍ക്കര എച്ച് എം കോളേജ്, ഇന്ദിരാഗാന്ധി കോളേജ്, മാര്‍ ഏലിയാസ് കോളേജ്, സെന്റ് മേരീസ് കോളേജ്, ബി എം സി ലോ കോളേജ്, എസ്എന്‍ജിഐ എസ്ടി ആര്‍ട്‌സ് കോളേജ്, മാതാ കോളേജ്, ഗുജറാത്തി കോളേജ്, സെന്റ് തോമസ് കോളേജ് പുത്തന്‍കുരിശ്ശ്, തൃക്കാക്കര കെ എം എം കോളേജ്, എസ് എന്‍ ജിഐ എസ് ടി എന്‍ജിനീയറിങ് കോളേജ്, ഡി ബി കോളേജ്, മാര്‍ത്തോമ്മാ കോളേജ്, ശ്രീ മഹാദേവ കോളേജ്, കൊതോറ കോളേജ്, ഡി ബി കോളേജ് തലയോലപ്പറമ്പ്, ഫിഷറീസ് കോളേജ്, കീഴൂര്‍ ഡി ബി കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ്, കെ ഇ കോളേജ്, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍, ഹെന്‍ട്രി ബേക്കല്‍ കോളേജ്, കാഞ്ഞിരപ്പള്ളി ഐ എച്ച് ആര്‍ ഡി,സെന്റ് ജോസഫ് കോളേജ് മണര്‍ക്കാട്, നാട്ടകം ഗവ.കോളേജ്, സി എം എസ് കോളേജ്, എസ് എന്‍ കോളേജ് കുമരകം, എസ് എന്‍ കോളേജ് ചാന്നാനിക്കാട്, എം ഇ എസ് കോളേജ് പാമ്പാടി, എം ജി യൂണിവേഴ്‌സിറ്റി ക്യാമ്പസ്, പി ആര്‍ ഡി എസ് കോളേജ്, സെന്റ് ജോസഫ് കോളേജ് എന്നീ കോളേജുകളില്‍ മുഴുവന്‍ സീറ്റുകളും എതിരില്ലാതെ നേടിക്കൊണ്ടാണ് യൂണിയന്‍ കരസ്ഥമാക്കിയത്.
എറണാകുളം മഹാരാജാസ് കോളേജ്, പിയന്ന കോളേജ്, അക്യുനാസ് കോളേജ്, ഗവ ആര്‍ട്‌സ് കോളേജ് തൃപ്പുണിത്തറ, ഗവ സംസ്‌കൃത കോളേജ്, നിര്‍മല ആര്‍ട്‌സ് കോളേജ്, എസ് എന്‍ ലോ കോളേജ്, പി എം ജേക്കബ് മെമ്മോറിയല്‍ കോളേജ്, അറഫ കോളേജ്, എം എ കോളേജ് കോതമംഗലം, എല്‍ദോമ ബസേലിയസ് കോളേജ്, മൗണ്ട് കാര്‍മല്‍ കോളേജ്, മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് നെല്ലിമറ്റം, ശ്രീ ധര്‍മശാസ്ത കോളേജ്, ഐ എല്‍ എം കോളേജ്, ശ്രീ ശങ്കരാചാര്യ കോളേജ് കാലടി, സെന്റ് ആന്‍സ് കോളേജ് അങ്കമാലി, ബി എം സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എസ് എന്‍ എം കോളേജ്, ഭാരത് മാതാ കോളേജ് തൃക്കാക്കര, അടിമാലി എം ബി കോളേജ്, കാര്‍മല്‍ ഗിരി കോളേജ് അടിമാലി, ഗവ.കോളേജ് മൂന്നാര്‍, മറയൂര്‍ ഐ എച്ച് ആര്‍ ഡി, കട്ടപ്പന ഐ എച്ച് ആര്‍ ഡി, ഹോളിക്രോസ് കോളേജ്, സഹ്യ ജ്യോതി കോളേജ്, ഗിരി ജ്യോതി കോളേജ്, ഏറ്റുമാനൂരപ്പന്‍ കോളേജ്, പി എം ജി കോളേജ് മംഗളം കോളേജ്, രാമപുരം കോളേജ്, അരുവിത്തറ കോളേജ്, എസ് ഡി കോളേജ് ചങ്ങനാശ്ശേരി, എന്‍ എസ് എസ് കോളേജ് ചങ്ങനാശേരി, എസ് വി ആര്‍ കോളേജ് വാഴൂര്‍, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, ഇലന്തൂര്‍ ഗവ കോളേജ്, ബികോം കോളേജ്, സെന്റ് തോമസ് കോളേജ് കോന്നി, വി എന്‍ എസ് കോളേജ്, സ്റ്റാര്‍സ് കോളേജ്, എസ് എന്‍ ഡി പി കോളേജ്, എസ് എ എസ് കോളേജ്, സെന്റ് തോമസ് കോളേജ് റാന്നി, സെന്റ് തോമസ് കോളേജ് ഇടമുറി, മുസലിയാര്‍ കോളേജ്, ആലപ്പുഴ സെന്റ് അലോഷ്യസ് കോളേജ് തുടങ്ങിയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ യൂണിയന്‍ ഭരണം കരസ്ഥമാക്കിയത്.
ചുവപ്പന്‍മാരുടെ ഈ തകര്‍പ്പന്‍ വിജയം യുഡിഎഫിനും സംഘപരിവാറിനും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ് സൃഷ്ടിച്ചിരിക്കുന്നത്.