കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളിലെ മയക്ക് മരുന്ന് ഉപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമായി പ്രത്യേക ചാരന്മാരെ ചുമതലപ്പെടുത്തുന്നു. ജയില്‍ തടവുകാരില്‍ നിന്നും വിശ്വസിക്കാന്‍ കഴിയുന്നവരെ കണ്ടെത്തിയാണ് ഇതിനായി നിയോഗിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മയക്ക് മരുന്നെത്തിച്ച പച്ചക്കറി വണ്ടിയുടമയെ പൊലീസ് പിടികൂടിയിരുന്നു.
ഈ സാഹചര്യത്തിലാണ് ജയിലിലെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. തടവുകാരെ വൈകിട്ട് ജയിലിലടയ്ക്കുന്നതിന് മുന്‍പ് വിശദമായ ദേഹപരിശോധന നടത്തണമെന്ന നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് പച്ചക്കറിയെത്തിക്കുന്ന ആളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു.
തടവുകാരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി അസിസ്റ്റന്റ് സൂപ്രണ്ടിന് സെക്യൂരിറ്റി ഓഫീസര്‍ എന്ന പുതിയ ചുമതലകൂടി നല്‍കിയിട്ടുണ്ട്.
പരോളില്‍ പുറത്തിറങ്ങുന്ന തടവുകാരാണ് മയക്കുമരുന്നെത്തിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കുന്നതെന്നും ഇതിനായി ചില ജയില്‍ വാര്‍ഡന്‍മാര്‍ സഹായം നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കുകളില്‍ അധികൃതര്‍ മിന്നല്‍പരിശോധന നടത്തണമെന്നും ഡിഐജിമാരുള്‍പ്പെടെയുളള ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഇറങ്ങണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.