കോണ്‍ഗ്രസ്സില്‍ ഇനി സുധീര യുഗം വരുന്നു ! ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഔട്ടാകും

ന്യൂഡല്‍ഹി : കേരളത്തിലെ സോളാര്‍ സുനാമിയില്‍പ്പെട്ട് നേതാക്കള്‍ ഒന്നടങ്കം ‘നാറിയ’ സാഹചര്യത്തില്‍ വി.എം സുധീരനെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നേക്കും.

ഹൈക്കമാന്റ് വൃത്തങ്ങളാണ് ഇതുസംബന്ധമായ സൂചന നല്‍കുന്നത്.

2019 ല്‍ നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ സുധീരനെ മുന്‍നിര്‍ത്തി കേരളത്തില്‍ പ്രചരണം മുന്നോട്ട് കൊണ്ടുപോയില്ലങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്.

നിലവില്‍ ലോക് സഭയില്‍ കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും കരുത്തിലാണ് കോണ്‍ഗ്രസ്സ് പിടിച്ചു നില്‍ക്കുന്നത്.

ബി.ജെ.പിക്ക് ബദല്‍ ഉയര്‍ത്താന്‍ എ.ഐ.സി.സി അദ്ധ്യക്ഷ പദവി ഏറ്റെടുത്ത് ശക്തമായ മുന്നേറ്റത്തിനൊരുങ്ങുന്ന രാഹുല്‍ ലോക് സഭയില്‍ 15 പേരെയെങ്കിലും അടുത്ത തവണ കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ പൊതു സമൂഹത്തില്‍ സ്വീകാര്യനായ സുധീരനെ മുന്‍ നിര്‍ത്തി പട നയിക്കാനാണ് രാഹുലിനും താല്‍പ്പര്യം. പുതിയ കെ.പി.സി.സി അദ്ധ്യക്ഷന്റെ കാര്യത്തിലും ഇനി സുധീരന്റെ നിലപാട് നിര്‍ണ്ണായകമാകും.

കേരളത്തിലെ സ്ഥിതി അതീവ ഗൗരവതരമാണെന്ന വിവരമാണ് ഹൈക്കമാന്റിന് കേരളത്തില്‍ നിന്നും ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

എ.കെ.ആന്റണിയെ വി.എം.സുധീരന്‍, എം.എം ഹസ്സന്‍ എന്നിവര്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

ആന്റണിയും രാഹുല്‍ ഗാന്ധിയും ഇതിനകം തന്നെ ആശയ വിനിമയം നടത്തിയതായും സൂചനകളുണ്ട്.

സോളാറില്‍ വിശദമായ അന്വേഷണത്തിന് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ അടുത്ത ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരെ അന്വേഷണം നീട്ടികൊണ്ടുപോകാനാണ് ഇടത് സര്‍ക്കാറുകള്‍ ശ്രമിക്കുകയെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്.

സുധീരനെ പരിഗണിക്കാന്‍ ഇതും പ്രധാന ഘടകമാണ്.

ഉമ്മന്‍ ചാണ്ടിയെ ‘കുരുക്കാന്‍’ രമേശ് ചെന്നിത്തലയും ഇടപെട്ടന്ന സരിതയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത് അടുത്ത മുഖ്യമന്ത്രി പദം മോഹിക്കുന്ന രമേശ് ചെന്നിത്തലക്ക് വന്‍ പ്രഹരമായിട്ടുണ്ട്.

ആര് നേതാവായാലും ചെന്നിത്തലയെ വാഴിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്ന എ വിഭാഗം നേതാക്കള്‍.

ഇതും സുധീരന് ഒടുവില്‍ ഗുണമായി മാറാനാണ് സാധ്യത.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും സുധീരനെ പുകച്ച് ചാടിക്കാന്‍ ഒരുമിച്ച കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് ഇനി വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

Top