സുരേന്ദ്രൻ നിയമസഭയിലെത്തുമോ? ചങ്കിടിച്ച് ഭരണ – പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വങ്ങൾ

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ഒന്നുകില്‍ ഒരു ഉപതിരഞ്ഞെടുപ്പ് അതല്ലങ്കില്‍ സുരേന്ദ്രന്റെ വിജയം . .ഇതില്‍ ഏതെങ്കിലുമൊന്ന് നടക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഇതില്‍ ഏത് സംഭവിച്ചാലും എല്‍ഡിഎഫിനും യുഡിഎഫിനു വലിയ വെല്ലുവിളിയാകും. രണ്ടാമതൊരു എംഎല്‍എയെ ബിജെപിക്ക് കിട്ടുന്നത് ഇരു മുന്നണികള്‍ക്കും സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതല്ല.

ബിജെപിയുടെ തീപ്പൊരി ‘നാവാ’യ സുരേന്ദ്രന്‍ നിയമസഭയില്‍ എത്തിയാല്‍ ‘സൂപ്പര്‍’ പ്രതിപക്ഷമാകുമെന്ന ഭയമാണ് യുഡിഎഫിന്. ഇടതുപക്ഷമാകട്ടെ സഭ പ്രക്ഷുബ്ധമാകാന്‍ സുരേന്ദ്രന്റെ വരവ് കാരണമാകുമെന്ന നിഗമനത്തിലുമാണ്.

നിലവില്‍ ഒ രാജഗോപാല്‍ മാത്രമാണ് കേരള നിയമസഭയിലെ ബിജെപിയുടെ അംഗം.

മഞ്ചേശ്വരത്ത് നിന്ന് സുരേന്ദ്രന്‍ വിജയിച്ചതായി പ്രഖ്യാപിച്ചാല്‍ അത് കാവിപ്പടക്ക് വന്‍ നേട്ടമാകും. ഇനി വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടാലും ബിജെപി ഹാപ്പിയാണ്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ വോട്ട് രേഖപ്പെടുത്തിയതായാണ് പരാതിയില്‍ ബോധിപ്പിച്ചിരുന്നത്.

മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദിന്റെ മരണ സര്‍ട്ടിഫിക്കറ്റാണ് സുരേന്ദ്രന്‍ തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നത്.

ഈ രേഖ പ്രകാരം 2015 നവംബര്‍ 5ന് മുഹമ്മദ് മരിച്ചു. എന്നാല്‍ 2016 മെയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ മുഹമ്മദിന്റെ വോട്ട് രേഖപ്പെടുത്തപ്പെട്ടിരുന്നുവെന്ന് റിട്ടേണിംഗ് ഓഫീസര്‍ പി.എച്ച്. സിനാജുദീനും ഹൈക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ പത്ത് വോട്ടര്‍മാരോട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസയക്കുകയായിരുന്നു. ജൂണ്‍ മാസം 8,9 തീയതികളില്‍ വോട്ടര്‍മാര്‍ നേരിട്ട് ഹാജരാവണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ രണ്ടു പേര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാവുകയും വോട്ട് ചെയ്തിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു.

ഭീഷണി മൂലം മറ്റ് നാലു പേര്‍ക്ക് സമന്‍സ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് അതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് സമന്‍സ് എത്തിക്കാന്‍ പൊലീസ് സഹായം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ഇവരാരും തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ ഇല്ലായിരുന്നുവെന്നും, കള്ളവോട്ട് നടന്നിട്ടുള്ളതിനാല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ നിയമസസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും 89 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖിനോട് കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

ആരോപണം കോടതിയില്‍ തെളിയിക്കപ്പെടുന്നതോടെ നിലവിലെ എംഎല്‍എ അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കപ്പെടും. അങ്ങനെ വന്നാല്‍ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടാനോ സാധ്യതയുണ്ട്.

വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടത്‌-വലത് മുന്നണികള്‍ പൊതുസമ്മതനെ നിര്‍ത്തി ‘ഒറ്റക്കെട്ടായി’ രംഗത്ത് വരാനുള്ള സാധ്യതയാണുള്ളത്.

ഈ സാഹചര്യത്തില്‍ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് അസാധുവാക്കി സുരേന്ദ്രനെ കോടതി വിജയിയായി പ്രഖ്യാപിക്കണമെന്ന നിലപാട് സ്വീകരിക്കാനാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ ശ്രമിക്കുന്നത്. ഇനി തിരഞ്ഞെടുപ്പിനാണ് കളം ഒരുങ്ങുന്നതെങ്കില്‍ അതിനും ബിജെപി റെഡിയാണ്.

Top