തമിഴകത്തില്‍ ചോരപ്പുഴയൊഴുക്കിയ അവര്‍ ഇപ്പോള്‍ കേരളത്തില്‍ ? കൊല്ലുന്ന കവര്‍ച്ച . .

കൊച്ചി : തമിഴ്‌നാട്ടില്‍ ഭീതി വിതച്ച് ആളെ തലക്കടിച്ച് കൊന്നിരുന്ന കൊള്ളക്കാരുടെ സംഘത്തില്‍പ്പെട്ടവര്‍ കേരളത്തിലോ ?

കാസര്‍ഗോഡിലേയും, കൊച്ചിയിലേയും കൊലപാതകവും കവര്‍ച്ചയും കണ്ടാല്‍ ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആയുധങ്ങളുമായി ചെന്ന് മൃഗീയമായി ആക്രമിച്ച് കവര്‍ച്ച നടത്തുന്ന രാജസ്ഥാനിലെ ‘ബവരിയാസ്’ വിഭാഗത്തിലെ കൊള്ളക്കാരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനിലെത്തിയാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയിരുന്നത്.

രണ്ടു പേരെ വെടിവെച്ച് കൊന്ന ശേഷം അവശേഷിക്കുന്നവരെ പിടികൂടി കൊണ്ടുവരികയായിരുന്നു. വലിയ ലോറിയിലെത്തി ആക്രമണം നടത്തി പണവും ആഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു ഇവരുടെ പതിവ്.

1995 മുതല്‍ 2000 വരെ 24 കേസുകളാണ് തമിഴകത്ത് മാത്രം ബവരിയാസുകള്‍ സൃഷ്ടിച്ചത്.

പരമ്പരാഗതമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊള്ള നടത്തി വരുന്ന സംഘമാണിത്. സ്വന്തം സംസ്ഥാനത്ത് മാത്രം ഇക്കൂട്ടര്‍ കാര്യമായി ആക്രമണം നടത്താറില്ല.

തമിഴകത്തെ മുന്‍ മന്ത്രിയും എം.എല്‍.എയുമായിരുന്ന സുദര്‍ശനന്റെ വീട്ടില്‍ നടന്ന ആക്രമണവും കൊലപാതകവുമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നത്.

തമിഴകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്വക്വാഡുണ്ടാക്കിയാണ് അന്വേഷണം തുടങ്ങിയത്.

സംഭവസ്ഥലത്ത് നിന്നും പൊലീസ് നായ ചില ബുള്ളറ്റുകള്‍ കണ്ടെത്തി. പരിശോധനയില്‍ ഇത് നോര്‍ത്ത് ഇന്ത്യയില്‍ ഉപയോഗിക്കുന്നതാണെന്ന് പിന്നീട് കണ്ടെത്തി.

കവര്‍ച്ചാസ്ഥലത്ത് നിന്ന് കണ്ടെത്തിയ ഷൂവാകട്ടെ തമിഴ്‌നാട്ടിലുള്ളവര്‍ ധരിക്കുന്നതായിരുന്നുമില്ല.

ഇതോടെ സമാനമായ കവര്‍ച്ചകള്‍ സംസ്ഥാനത്ത് നടന്നതിന്റെ വിവരങ്ങള്‍ തേടിയ അന്വേഷണ സംഘത്തെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ലഭിച്ച വിവരങ്ങളത്രയും.

പത്ത് വര്‍ഷത്തില്‍ 24 സംഭവങ്ങളാണ് സമാനമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. നിരവധി പേര്‍ കൊല്ലപ്പെടുകയും മാരകമായ പരിക്ക് ഏല്‍ക്കുകയും ചെയ്യപ്പെട്ടിരുന്നു.

1995-96നു ശേഷം പിന്നീട് നടന്നത് 2001ല്‍ ആയിരുന്നു. ഇതിന്റെ കാരണവും അന്വഷണ സംഘം പരിശോധിച്ചു.

ഹൈദരബാദ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി, യു.പി തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലേക്കും ഫിംഗര്‍ പ്രിന്റ് വിദഗ്ദനുമായി നേരിട്ട് ചെന്നായിരുന്നു അന്വേഷണം.

പല സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരം ആക്രമണം നടത്തുന്നവര്‍ ബവരിയാസ് വിഭാഗത്തില്‍പ്പെട്ട കൊള്ളക്കാരാണെന്ന് തമിഴക പൊലീസ് മനസ്സിലാക്കിയത്.

ഉത്തരേന്ത്യയില്‍ മിക്ക പൊലീസ് സ്റ്റേഷനുകളിലും ഫിംഗര്‍ പ്രിന്റ് സംവിധാനം ഇല്ലാതിരുന്നത് അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെങ്കിലും ആഗ്രയിലെ ഒരു ജയിലിലെ പരിശോധനയില്‍ മറ്റൊരു കേസിലെ പ്രതിയുമായി ഫിംഗര്‍ പ്രിന്റിന് സാമ്യത കണ്ടെത്തി.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വഷണത്തിനൊടുവിലാണ് രണ്ട് പേര്‍ തമിഴ്‌നാട് പൊലീസിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. മറ്റു പ്രതികളെ സാഹസികമായി പിടികൂടി.

റെയ്ഡില്‍ ഒരു പ്രതിയുടെ വീട്ടില്‍ നിന്നും ലഭിച്ച കുട്ടിയുടെ നോട്ട് ബുക്കിന്റെ പിന്‍ഭാഗത്ത് എഴുതിയ മൊബൈല്‍ നമ്പറുകള്‍ കേസില്‍ പ്രധാന തെളിവായി.

ഇവയുടെ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ തമിഴകത്ത് ഈ സംഘം ആക്രമണം നടത്തിയ സമയങ്ങളിലെല്ലാം ഈ മൊബൈല്‍ നമ്പറുകളിലേക്ക് ലാന്‍ഡ് ഫോണില്‍ നിന്ന് കോള്‍ വന്നതായി കണ്ടെത്തി.

മൊബൈല്‍ ഉപയോഗിക്കാതെ, തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ ഭീകര താണ്ഡവത്തിന് ഇത്തരമൊരു ‘റിവേഴ്‌സ് ആപ്പ് ‘കൊള്ള സംഘം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

തുടര്‍ന്ന് ആക്രമണത്തിന് ഉപയോഗിച്ച ഹരിയാന രജിസ്‌ട്രേഷന്‍ ലോറികളും അന്വേഷണ സംഘം പിടിച്ചെടുത്തു. ഈ ലോറികള്‍ ആയുധ പുരകളായിരുന്നു.

ഇപ്പോള്‍ കാസര്‍ഗോഡ് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലും അന്യസംസ്ഥാനത്ത് നിന്നും വന്ന ഒരു വാഹനം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

പ്രതികളെ തേടി മുംബൈയിലേക്കാണ് ഇപ്പോള്‍ കേരള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

ബവരിയാസ് വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ കവര്‍ച്ചക്കാരെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ കൊച്ചിയിലും വാള്‍ കാട്ടിയും ആക്രമണം നടത്തിയും അന്‍പത് പവന്‍ കവര്‍ന്നതും സംസ്ഥാന പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഇതൊന്നും കേരളത്തിന് പരിചിതമായ മോഷണരീതികളല്ല.

കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായിയുടെ ഭാര്യാ വീട്ടില്‍ കവര്‍ച്ച നടന്നതിന്റെ തൊട്ടുപിന്നാലെ നടന്ന മോഷണം ജനങ്ങളെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്.

തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി വീട്ടില്‍ അനന്ദകുമാറിന്റെ ഭവനത്തിലാണ് ഇന്നു പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. 50 പവനും ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തു.

ഏകദേശം 15 പേരടങ്ങുന്ന വടക്കേ ഇന്ത്യന്‍ സ്വദേശികളായ സംഘമാണ് വാള്‍ കാട്ടി കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുന്‍പിലെ ജനാലയുടെ കമ്പികള്‍ അറുത്താണ് മോഷ്ടക്കള്‍ അകത്തു കടന്നത്. വീട്ടില്‍ ആനന്ദകുമാര്‍ (49), അമ്മ സ്വര്‍ണമ്മ (72), മക്കള്‍ ദീപക് , രൂപക് എന്നിവരെ വീടിന്റെ ഓരോ മുറിയിലും ഭാര്യ ഷാരിയെ (46) ബാത്ത്‌റൂമിലുമായി കെട്ടിയിട്ട നിലയിലായിരുന്നു.

കവര്‍ച്ച സംഘം പോയ ശേഷം നാലരയോടെ ഇളയ മകനായ രൂപക് കെട്ടഴിക്കുകയും തുടര്‍ന്ന് ഒച്ചവെച്ചു സമീപവാസികളെ വിവരം അറിയിക്കുകയുമാണ് ഉണ്ടായത്. രൂപക്കിന്റെ ബഹളം കേട്ട സമീപവാസികളായ അഭിലാഷ് ജോര്‍ജ്, അഖില്‍ തോമസ് എന്നിവര്‍ ഇവരെ രക്ഷപ്പെടുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

സിറ്റി പൊലീസ് കമീഷണര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വന്‍ കവര്‍ച്ച നടന്ന വീട് റെയില്‍വേ ട്രാക്കില്‍ നിന്നും 80 മീറ്റര്‍ മാത്രം ദൂരത്താണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ നടക്കുന്ന മൂന്നാം കവര്‍ച്ചയാണിത്. കാസര്‍കോട് ചീമേനിയിലായിരുന്നു രണ്ടു ദിവസം മുന്‍പത്തെ കവര്‍ച്ച. അവിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നശേഷമായിരുന്നു മോഷണം നടത്തിയത്. അതേസമയം, കൊച്ചി പുല്ലേപ്പടിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവരുകയായിരുന്നു.

കാസര്‍ഗോഡ്‌ പുലിയന്നൂരില്‍ മൂന്നംഗസംഘം വീട്ടമ്മയെയും ഭര്‍ത്താവിനേയും കഴുത്തറുത്താണ് വീടു കൊള്ളയടിച്ചത്. വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്. പി വി ജാനകിയമ്മ(66) ആണ് മരിച്ചത്. ഭര്‍ത്താവ് കളത്തേര കൃഷ്ണനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 9.30 ഓടെയാണ് മുഖം മൂടി ധരിച്ച അക്രമികള്‍ വീട്ടിലെത്തിയത്.

കോളിങ് ബെല്‍ അടിച്ചപ്പോള്‍ കൃഷ്ണന്‍ ആണ് വാതില്‍ തുറന്നത്.പെട്ടെന്ന് അക്രമികള്‍ വാതില്‍ മുഴുവനായും തള്ളിത്തുറക്കുകയും വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു. ശേഷം ഇദ്ദേഹത്തിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഈ സമയം കിടപ്പുമുറിയില്‍ നിന്നോടിയെത്തിയ ഭാര്യ ജാനകിമ്മയെയും അക്രമികള്‍ കടന്നുപിടിക്കുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ജാനകിയമ്മയെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി കഴുത്തറക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന അരലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിച്ചു. അക്രമിക്കപ്പെട്ടപ്പോള്‍ തന്നെ കൃഷ്ണന് ബോധം നഷ്ടപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിന് ശേഷം ബോധം തിരിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം പോലീസ് സ്റ്റേഷനിലേക്കു വിളിക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍പക്കക്കാര്‍ കണ്ടത് ജാനകിയമ്മ മരിച്ചുകിടക്കുന്നതാണ്.

ഒരാഴ്ചയില്‍ നടന്ന ഈ മൂന്ന് സംഭവങ്ങള്‍ കേരള പൊലീസിനെ സംബന്ധിച്ച് ഏറെ വെല്ലുവിളിയുയര്‍ത്തുന്നതാണ്.

പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാതിരുന്നിട്ടും രാജസ്ഥാനില്‍പോയി വെടിവെച്ച് കൊന്നും, പിടിച്ച് കൊണ്ടുവന്നും കഴിവ് തെളിയിച്ച തമിഴ്‌നാട് പൊലീസിന്റെ പാതയിലൂടെ സഞ്ചരിച്ചാല്‍ ഒരുപക്ഷെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞേക്കും.

ബവരിയാസ് ഗ്രൂപ്പിന് പുറമെ ഇത്തരത്തില്‍ മൃഗീയമായി കവര്‍ച്ച നടത്തുന്ന മറ്റു ഗ്രൂപ്പുകള്‍ പാരഡൈസ്, സാന്‍സിസ്, കഞ്ചരാസ്, സാപിരാസ് എന്നിവരാണ്.

തമിഴക പൊലീസ് ബവരിയാസ് കവര്‍ച്ചാസംഘത്തെ പിടികൂടിയത് പ്രമേയമാക്കി അടുത്തയിടെ പുറത്തിറങ്ങിയ ‘തീരന്‍’ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

റിപ്പോര്‍ട്ട് : എം വിനോദ്

Top