പനാജി: പുതുവത്സര ആഘോഷങ്ങളില്‍ ലഹരി ഉപയോഗം തടയാന്‍ ഗോവ പൊലീസിന്റെ പ്രത്യേക സംഘം. തീരദേശ മേഖലയിലുടനീളവും സണ്‍ബേണ്‍ ഇ.ഡി.എം ഫെസ്റ്റിവല്‍ വേദി പോലുള്ള സ്ഥലങ്ങളിലും ടീമുകള്‍ സജീവമാകുമെന്ന് പൊലീസ് അറിയിച്ചു.
ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, ആന്റി നാര്‍ക്കോട്ടിക് സെല്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഏരിയകളില്‍ പെട്രോളിങ്ങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തലോ മയക്കുമരുന്ന് ഉപഭോഗമോ കണ്ടെത്തിയാല്‍ ടീമുകള്‍ നടപടിയെടുക്കും. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെയും സംശയാസ്പദമായ വസ്തുക്കളുടെയും സാമ്പിളുകള്‍ പരിശോധിച്ച് വേഗത്തിലുള്ള ഫലങ്ങള്‍ ലഭിക്കുന്നതിനായി സ്‌പെക്ട്രോമീറ്ററുകള്‍ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി മൊബൈല്‍ റാപ്പിഡ് സ്‌ക്രീനിംഗ് ടെസ്റ്റ് സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.