കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി അന്വേഷണത്തിന് പ്രത്യേക സംഘം. കൊച്ചി ഡിസിപി ശശിധരന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. പെരുമ്പാവൂർ എഎസ്പി അനുജ് പാലിവാളാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി വിജയ് സാഖറെ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി ജയകുമാർ, കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ജോസ്, കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് എൻഎ എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ എയിൻ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ ബിപിൻ.ടി.ബി എന്നിവർ അംഗങ്ങളുമാണ്.
അതേസമയം, കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി സെക്‌സ് റാക്കറ്റ് കണ്ണിയാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്ന് ഡിസിപി വ്യക്തമാക്കി. ഷാഫിയുടെ ദുരൂഹ ഇടപാടുകൾ പരിശോധിക്കും. സ്ത്രീകളെ ഷാഫി കൂട്ടിക്കൊണ്ടു പോയത് മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണെന്നും ഡിസിപി പറഞ്ഞു.
”ഷാഫി യാതൊരു കൂസലുമില്ലാത്ത കൊടും ക്രിമിനലാണ്. സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാകാനുണ്ട്. എല്ലാം അന്വേഷിച്ചു വരികയാണ്. നിലവിൽ കേസിൽ മൂന്നു പേർക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ മറ്റു കാര്യങ്ങൾ പുറത്തുവരും. ഭഗവൽ സിങ് ലൈല ദമ്പതികൾക്കെതിരെ മറ്റു പരാതികൾ ഇതുവരെയില്ല” ഡിസിപി പറഞ്ഞു.