മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ ബലാത്സംഗ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു പ്രതിയായ ബലാത്സംഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പി ജി മനു ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്. പുത്തന്‍കുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നല്‍കും. അതേ സമയം കേസില്‍ പ്രതിയായ പി ജി മനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ചോറ്റാനിക്കര എസ് എച്ച് ഒ അടക്കം 6 പേരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ നടപടികള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പിജി മനുവിനെ കണ്ടെത്തി മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക.

2018 ല്‍ ഉണ്ടായ കേസില്‍ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിര്‍ദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസില്‍ സഹായം നല്‍കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. 2023 ഒക്ടോബര്‍ 10 നാണ് പീഡനം. തുടര്‍ന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

Top