ലൗ ജിഹാദ് തടയാന്‍ പ്രത്യേക സംഘം ; പ്രസ്താവന വിവാദത്തില്‍

MARRIAGE

ബെംഗളൂരു: ലവ് ജിഹാദ് തടയുന്നതിന് ദൗത്യസംഘത്തെ രൂപീകരിക്കുമെന്ന മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമിയുടെ പ്രസ്താവന വിവാദത്തില്‍.

ലവ് ജിഹാദ് തടയുന്നതിനായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്നും പ്രത്യേക സംഘത്തെ നിയമിക്കുമെന്നുമാണ് രാജശേഖരാനന്ദ സ്വാമി പറഞ്ഞത്.

ഇതിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും സമാധാനത്തിന്റെ മാര്‍ഗത്തില്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സ്വാമി വ്യക്തമാക്കി.

കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും മറ്റു മതങ്ങളില്‍പ്പെട്ടവരുമായി പ്രണയത്തിലാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുകയും ലവി ജിഹാദ് പരിപാടികള്‍ പൊലീസിലെത്തുന്നതിനു മുന്‍പേ തീര്‍പ്പാക്കുകയുമാണ്‌ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ദൗത്യസംഘത്തിന് രൂപം നല്‍കുന്നത്.

ഇതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മതം സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നാണ് സ്വാമിയുടെ മറുപടി നല്‍കിയത്.

ലവ് ജിഹാദ് പോലുള്ള സംഭവങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പോലീസിനെയാണ് അറിയിക്കേണ്ടതെന്നും, എന്നാല്‍ ഇതിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, സംഘടനകള്‍ നിയമം കൈയിലെടുത്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കുവേണ്ടി രാജശേഖരാനന്ദ സ്വാമി മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടയിലാണ് വിവാദ പ്രസ്താവന.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും രാജശേഖരാനന്ദ സ്വാമി പറഞ്ഞു.

Top