തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യക്കെതിരെ നല്‍കിയ പരാതി അതേ സംഘത്തിന് തന്നെ നല്‍കിയത് വിവാദമാകുന്നു.
മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് തുടര്‍ നടപടിക്ക് കൈമാറിയിരുന്നു.
ഈ പരാതിയാണ് ഡി.ജി.പി ലോക് നാഥ് ബഹ്‌റ ഇപ്പോള്‍ സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് തന്നെ കൈമാറിയിരിക്കുന്നത്.
അത്യന്തം വിചിത്രവും സാമാന്യയുക്തിക്ക് നിരക്കാത്തതുമായ ഈ നടപടി പൊലീസ് കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സാധാരണ ഒരു ഉദ്യോഗസ്ഥനോ അന്വേഷണ സംഘത്തിനോ എതിരെ പരാതി ഉയര്‍ന്നാല്‍ അത് മറ്റ് ഏതെങ്കിലും സത്യസന്ധരായ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്.
എന്നാല്‍ ഗൗരവമായ ദിലീപിന്റെ അമ്മയുടെ പരാതി എന്ത് അടിസ്ഥാത്തിലാണ് ആരോപണ വിധേയരായ അന്വേഷണ സംഘത്തിന് തന്നെ ഡി.ജി.പി കൈമാറിയതെന്ന് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരും ചോദിക്കുന്നു.
അന്വേഷണ സംഘം മറ്റൊരു അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ സൂചനയായിട്ടാണ് ഈ നടപടിയെ നിയമകേന്ദ്രങ്ങള്‍ നോക്കിക്കാണുന്നത്.
പ്രത്യേകിച്ച് ഡി.ജി.പി തന്നെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ദിലീപിനെ ചോദ്യം ചെയ്തതായ വാര്‍ത്ത പുറത്തു വന്ന സാഹചര്യത്തില്‍ ഈ നടപടിയെ സംശയത്തോടു കൂടി മാത്രമേ കാണാന്‍ കഴിയൂ എന്നും നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തനിക്കെതിരെ വന്ന ഭീഷണി കോള്‍ സംബന്ധമായി ഡി.ജി.പിക്ക് തന്നെ നേരത്തെ പരാതി നല്‍കിയിരുന്നുവെന്ന ദിലീപിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥത്തില്‍ കേസ് അന്വേഷിക്കേണ്ടത് സിബിഐ ആണെന്നാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണ ചുമതല സത്യസന്ധരായ മറ്റേതെങ്കിലും ഉദ്യോഗസ്ഥനു നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ദിലീപിന്റെ ബന്ധുക്കളും പ്രതികരിച്ചു. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നാണ് ദിലീപിന്റെ അമ്മകെ.പി.സരോജ നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിതതാല്‍പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നാണ് അമ്മയുടെ ആരോപണം. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റംചുമത്താന്‍ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തീരാക്കളങ്കമാകുമെന്നും സരോജ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏപ്രിലില്‍ മറ്റുപ്രതികള്‍ക്കെതിരെ നല്‍കിയ കുറ്റപത്രത്തിന് കടകവിരുദ്ധമാണ് പിന്നീട് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം.
ആദ്യത്തെ അന്വേഷണത്തിലോ പിന്നീടുനടന്ന തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി സ്ഥാപിതതാല്‍പര്യം ഇല്ലാത്തവരും അന്വേഷണത്തില്‍ കഴിവുതെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളെ കേസ് എല്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് നീതികിട്ടില്ലെന്നും സരോജ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഡി.ജി.പിക്കെതിരെ ദിലീപിന്റെ ആരോപണങ്ങള്‍
ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
അതിങ്ങനെ: ഏപ്രില്‍ 10ന് വൈകിട്ട് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ നാദിര്‍ഷയെ വിഷ്ണു എന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ചിരുന്നു. പള്‍സര്‍ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറയാന്‍ സിനിമാ രംഗത്തെ ചിലര്‍ സുനിയെ നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞാണ് ഫോണ്‍ വിളിച്ചത്.
രണ്ടു നടന്‍മാരുടെയും ഒരു നടിയുടെയും ഒരു സംവിധായകന്റെയും പേരു പറഞ്ഞു. ഇതു റെക്കാഡ് ചെയ്ത നാദിര്‍ഷ തനിക്ക് അയച്ചു നല്‍കി. അന്നു തന്നെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ മൊബൈലില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. മാത്രമല്ല, വോയ്‌സ് ക്‌ളിപ്പ് വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഷൂട്ടിംഗിന്റെ തിരക്കിനിടെ അപ്പുണ്ണിക്ക് വന്നതടക്കമുള്ള ഫോണ്‍ കാളുകളുടെ വിവരങ്ങള്‍ ഏപ്രില്‍ 18, 20, 21 തീയതികളില്‍ ഡി.ജി.പിയെ വിളിച്ച് അറിയിച്ചു. വിവരങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കുകയും ചെയ്തു.
ഏപ്രില്‍ 16ന് ‘പ്രൊഫ. ഡിങ്കന്‍’ എന്ന തന്റെ ചിത്രത്തിന്റെ പൂജാചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡി.ജി.പിയോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പരാതി എഴുതി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 20ന് അളിയനായ സൂരജ് മുഖേന ഇ മെയില്‍ പരാതി നല്‍കി. ചലച്ചിത്ര നിര്‍മ്മാതാവായ രഞ്ജിത്ത് മുഖേന രേഖാമൂലമുള്ള പരാതിയും ഡി.ജി.പിക്കു നല്‍കി. ഡി.ജി.പി തന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
എ.ഡി.ജി.പി ബി സന്ധ്യയ്‌ക്കെതിരായ ആരോപണം
ആദ്യം തന്നെ ബ്‌ളാക്ക് മെയില്‍ ഭീഷണിയുണ്ടായിട്ടും ഏപ്രില്‍ 22 നാണ് ദിലീപ് പരാതി നല്‍കിയതെന്ന് നേരത്തേ പൊലീസ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നടിയുമായി കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യയ്ക്ക് അടുപ്പമുണ്ട്. തനിക്കെതിരായ അന്വേഷണ നടപടികളെക്കുറിച്ച് അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിന് അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനിടെ കാമറ ഓഫാക്കി
തന്നെ ചോദ്യം ചെയ്തപ്പോള്‍ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്റെ ജീവിതത്തിലുള്ള പ്രതിനായക വേഷത്തെക്കുറിച്ച് വിശദമായി പറഞ്ഞു. മുന്‍ ഭാര്യ മഞ്ജു വാര്യരുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രീകുമാര്‍ മേനോനു ബന്ധമുണ്ടെന്ന സംശയത്തെക്കുറിച്ചും ചോദ്യം ചെയ്യലില്‍ വിശദീകരിച്ചിരുന്നു. ഈ നേരമത്രയും ചോദ്യം ചെയ്യല്‍ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ കാമറ ഓഫായെന്ന് കണ്ടു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അവരുടെ പ്രതികരണം സംശയാസ്പദമായിരുന്നു.
വന്‍കിട മാധ്യമ കോര്‍പറേറ്റുകളുമായി ഉള്‍പ്പെടെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശ്രീകുമാര്‍ മേനോന്‍. ഒരുപാടു വ്യവസായ ബന്ധങ്ങളുള്ള ശ്രീകുമാര്‍ മേനോനു തന്നോടു ശത്രുതയുണ്ട്. സമരം പരാജയപ്പെട്ടതോടെ ലിബര്‍ട്ടി ബഷീറും തനിക്കെതിരെ തിരിഞ്ഞെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
റിപ്പോര്‍ട്ട് : എം വിനോദ്