അച്ഛനും മകനും തികഞ്ഞ അവസരവാദികള്‍, ബി.ഡി.ജെ.എസിനെ സി.പി.എം അടുപ്പിക്കില്ല

തിരുവനന്തപുരം: ഇടതു ബര്‍ത്ത് പ്രതീക്ഷിച്ച് ബി.ഡി.ജെ.എസ്, ബി.ജെ.പി മുന്നണി വിടേണ്ടതില്ലെന്ന് സി.പി.എം.

ആര്‍.എസ്.എസിന്റെ ഉല്‍പ്പന്നമായ ബി.ഡി.ജെ.എസിനെ ഒരു കാരണവശാലും ഇടതുമുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടി.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ നിന്നും ബി.ഡി.ജെ.എസ് അകലുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

ഇടതുപക്ഷത്തോടും വലതുപക്ഷത്തോടും തങ്ങള്‍ക്ക് യാതൊരുവിധ അയിത്തവുമില്ലന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

മുന്നണി മാറ്റം സംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിച്ചായിരുന്നു മകന്‍ കൂടിയായ തുഷാറിന്റെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്.

അധികാരത്തിലെത്താന്‍ ആരുമായും കൂട്ടുകൂടുമെന്നും തുഷാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന ബി.ഡി.ജെ.എസ് ആവശ്യം ബി.ജെ.പി നേതൃത്വം പരിഗണിക്കാത്തതാണ് ഉടക്കിന് കാരണമായിരിക്കുന്നത്.

കേവലം അധികാരം മാത്രം ലക്ഷ്യമിട്ട് ആരുമായും കൂട്ടുകൂടാന്‍ തട്ടി കൂട്ടിയ പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ ഇടതുപക്ഷം വഴിയമ്പലമല്ലന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്.

ഈ പശ്ചാത്തലത്തില്‍ ഇനി ബി.ജെ.പി പാളയം വിട്ടാല്‍ യു.ഡി.എഫിനെ ആശ്രയിക്കുക മാത്രമേ ബി.ഡി.ജെ.എസിനെ സംബന്ധിച്ച് വഴിയുള്ളൂ.

വി.എം സുധീരന്‍, വി.ഡി.സതീശന്‍, ടി.എന്‍ പ്രതാപന്‍, ഷുക്കൂര്‍, എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളുടെ പ്രഖ്യാപിത ശത്രുവാണ് വെളളാപ്പള്ളി എന്നതിനാല്‍ യു.ഡി.എഫ് പ്രവേശനവും സുഗമമാകില്ല.

മാത്രമല്ല അടുപ്പക്കാരനായ ഉമ്മന്‍ ചാണ്ടിക്ക് പഴയ സ്വാധീനം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇല്ലാത്തതും ബി.ഡി.ജെ.എസിനെ സംബന്ധിച്ച് തിരിച്ചടിയാണ്.

ചുരുക്കത്തില്‍ ത്രിശങ്കുവിലായ അവസ്ഥയിലാണ് അച്ഛനും മകനും . .

Top