ഇത് സി.പി.എമ്മിനേ സാധികൂ, എതിരാളികളും ഒടുവിൽ സമ്മതിച്ചു, ചെങ്കൊടി പെരുമ വീണ്ടും

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കാണിക്കാത്ത ചങ്കൂറ്റം കാണിക്കുന്ന പാര്‍ട്ടി ഏതാണെന്ന ചോദ്യത്തിന് സി.പി.എം മാത്രമാണെന്ന് പറയാന്‍ അധികം ആലോചിക്കേണ്ട ആവശ്യം രാഷ്ട്രീയ എതിരാളികള്‍ക്കുപോലുമില്ല.

മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ തല മുതിര്‍ന്ന നേതാവുമായിരുന്ന ജോതിഭസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന നിലപാട് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വച്ചപ്പോള്‍ അത് വേണ്ട എന്ന് പറഞ്ഞ് ഓഫര്‍ തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് സി.പി.എം.

ലോകത്ത് ആദ്യമായി ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തിലെ ഇ.എം.എസ് സര്‍ക്കാറായിരുന്നത് പോലെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഒരു കമ്യൂണിസ്റ്റുകാരനായി മാറുമായിരുന്ന അവസരമാണ് ഇതുവഴി സി.പി.എം തട്ടി തെറിപ്പിച്ചത്.

പ്രത്യേയശാസ്ത്രപരമായ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി ജോതിഭസു പ്രധാനമന്ത്രിയാകേണ്ടതില്ലന്ന തീരുമാനത്തിലെത്തിയത്.
21741513_2003332906569240_915773509_n
ഇത് ചരിത്രപരമായ മണ്ടത്തരമാണെന്ന വിമര്‍ശനം പിന്നീട് ഉയര്‍ന്നെങ്കിലും ഇപ്പോഴും മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സി.പി.എം.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ നയങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂട്ടുമുന്നണി സര്‍ക്കാറിന്റെ നായകന്‍ കമ്യൂണിസ്റ്റുകാരനായത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്ന നിലപാടാണ് അന്നും ഇന്നും സി.പി.എമ്മിനുള്ളത്.

സി.പി.ഐ പോലും കേന്ദ്ര മന്ത്രിസഭയില്‍ ചേര്‍ന്ന് ആഭ്യന്തര മന്ത്രി പദം ഉള്‍പ്പെടെ അധികാരത്തിന്റെ അപ്പക്കഷ്ണം നുണയുമ്പോഴാണ് ചുവപ്പിന്റെ രാഷ്ട്രീയത്തില്‍ അധികാരത്തിനു വേണ്ടി വിട്ടുവീഴ്ചകളില്ലന്ന ഉറച്ച നിലപാട് സി.പി.എം സ്വീകരിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെ പോലും അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു ഇത്.

സംഘടനാപരവും പ്രത്യേയശാസ്ത്രപരവുമായ കാര്യങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്ക് വലിയ ‘വില’ നല്‍കേണ്ടി വന്ന പാര്‍ട്ടിയും സി.പി.എം തന്നെയാണ്.
21733402_2003332856569245_1875164476_n
ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന സി.പി.എം നേതാക്കളെ പുറത്താക്കിയത് സി.പി.എമ്മിന്റെ കര്‍ക്കശമായ അച്ചടക്ക നടപടിയുടെ ഉദാഹരണങ്ങളാണ്.

ഇപ്പോഴിതാ കടുത്ത വെല്ലുവിളികള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴും പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയെപോലും പുറത്താക്കിയിരിക്കുകയാണ് സി.പി.എം.

എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ ഋതബ്രത ബാനര്‍ജിയെയാണ് സി.പി.എം ബംഗാള്‍ ഘടകം പുറത്താക്കിയത്. തീരുമാനത്തിന് കേന്ദ്ര കമ്മറ്റി അംഗീകാരം നല്‍കുന്നതോടെ നടപടിക്രമം പൂര്‍ത്തിയാകും.

അനവധി വര്‍ഷങ്ങളോളം ബംഗാളിനെ ചുവപ്പിന്റെ ഉരുക്കു കോട്ടയായി കാത്ത ചെങ്കൊടി ഇപ്പോള്‍ മമതയുടെ തൃണമൂല്‍ ഭരണത്തില്‍ കടുത്ത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഒരു രാജ്യസഭാ എം.പിയെ തന്നെ പുറത്താക്കാന്‍ സി.പി.എം കാണിച്ച ധൈര്യം രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

സീതാറാം യച്ചൂരി കോണ്‍ഗ്രസ്സ് പിന്തുണയോടെ ബംഗാളില്‍ നിന്നും രാജ്യസഭയിലെത്തേണ്ടതില്ലന്ന് പറഞ്ഞ് ലഭിക്കുമായിരുന്ന ഒരു രാജ്യസഭാ സീറ്റ് വേണ്ടന്ന് വച്ച പാര്‍ട്ടി, 2020 ഏപ്രില്‍ വരെ കാലാവധിയുള്ള രാജ്യസഭാ എം.പിയെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.

ഇനി ബംഗാളില്‍ നിന്നും സി.പി.എമ്മിനു അവശേഷിക്കുന്ന ഏക രാജ്യസഭാംഗം തപന്‍സെന്‍മാത്രമാണ്.

ഇദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞാല്‍ തല്‍ക്കാലം ബംഗാളില്‍ നിന്നും രാജ്യസഭയില്‍ സി.പി.എമ്മിന് ആരുമില്ലാത്ത സാഹചര്യമാണ് ഇനിയുണ്ടാവുക.

ഇതെല്ലാം വ്യക്തമായി അറിയുന്ന സി.പി.എം, അധികാരസ്ഥാനത്തേക്കാള്‍ പാര്‍ട്ടി അച്ചടക്കത്തിനും പ്രത്യേയശാസ്ത്ര നിലപാടുകള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നത് എന്ന് ഋതബ്രതക്കെതിരായ അച്ചടക്ക നടപടിയിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.
21741790_2003332873235910_91785794_n
കഴിഞ്ഞ 21 വര്‍ഷമായി സി.പി.എമ്മിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലും സജീവ സാനിധ്യമാണ് ഋതബ്രത ബാനര്‍ജി.

ഒരു കമ്യൂണിസ്റ്റിനു ചേരാത്ത ജീവിതശൈലിയുമായി മുന്നോട്ടു പോയ ഇദ്ദേഹത്തിനെതിരെ ആദ്യ ഭാര്യ ഉര്‍ബ ചൗധരി നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ ആദ്യവാരം പാര്‍ട്ടിയില്‍ നിന്നും മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു.

വില കൂടിയ ആപ്പിള്‍ വാച്ചും പേനയും ധരിച്ച് ഋതബ്ര ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിനെ വിമര്‍ശിച്ച യുവാവിന്റെ ജോലി തൊഴിലുടമയില്‍ സമ്മര്‍ദ്ദം ചെലുത്തി തെറിപ്പിച്ച ഇയാളുടെ നടപടിയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.

ശിക്ഷയുടെ കാലാവധി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ആനന്ദബസാര്‍ പത്രികയുടെ ടി.വി.ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഋതബ്രത പാര്‍ട്ടി വിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ നടത്തിയതാണ് ഇപ്പോള്‍ പുറത്താക്കലില്‍ കലാശിച്ചിരിക്കുന്നത്.

പാര്‍ട്ടി ഭരണഘടനയുടെ 19 (13) വകുപ്പു പ്രകാരമാണ് നടപടി.

റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍

Top