മലപ്പുറത്ത് സ്ഥിതി ആശങ്കാജനകം,എങ്ങും പരിഭ്രാന്തി, വന്‍ സംഘർഷ സാധ്യതയെന്ന് . .

തിരൂര്‍: കോളിളക്കം സൃഷ്ടിച്ച കൊടുഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി കൊലചെയ്യപ്പെട്ടതോടെ ജില്ല വീണ്ടും കലുഷിതമാകുന്നു.

മതം മാറിയതിന് ദാരുണമായി കൊല ചെയ്യപ്പെട്ട ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ജില്ലക്കകത്ത് അരങ്ങേറിയിരുന്നു.

തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയാണ് പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നത്. പ്രതികളെല്ലാം ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ്.

ജാമ്യ കാലയളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങിയ പ്രതികളില്‍ രണ്ടാം പ്രതി ബിബിനാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ഇതോടെ മറ്റ് പ്രതികളും ജാഗ്രതയിലാണ്. ഇവര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. പ്രതികളുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്.

സംഘപരിവാര്‍ ബിബീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹർത്താൽ സമാധാന പരമായിരുന്നെങ്കിലും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥ തന്നെയാണ് ഇവിടെ.

ആര്‍.എസ്.എസ്-ബി.ജെ.പി വിഭാഗങ്ങള്‍ക്ക് ഏറെ പ്രവര്‍ത്തകര്‍ ഉള്ള ജില്ലയിലെ പ്രദേശങ്ങളാണ് തിരൂരും താനൂരും.

അത് കൊണ്ടു തന്നെ സംഘര്‍ഷം വ്യാപിച്ചാല്‍ പിടി വിട്ടു പോകുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും മുന്നറിയിപ്പു നല്‍കുന്നത്.

ഇരു വിഭാഗത്തെയും തീവ്രനിലപാടുകാര്‍ മുതലെടുപ്പു നടത്താതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഊഹാപോഹങ്ങള്‍ക്കൊന്നും ചെവികൊടുക്കരുതെന്നും പൊലീസ് ആവശ്യപ്പെടുന്നു.

ബിബീഷിന്റെ കൊലപാതകികളെ പിടികൂടാന്‍ പ്രത്യേക പൊലീസ് ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്.

2016 നവംബര്‍ 19നാണ് കൊടുഞ്ഞി ഫാറൂഖ് നഗറിലെ കൃഷ്ണന്‍ നായര്‍ പുല്ലാണി മീനാക്ഷി ദമ്പതികളുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസല്‍ (32) കൊല്ലപ്പെട്ടത്.

താനൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ പോകവെയാണ് ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ വച്ച് വെട്ടേറ്റത്ത്.

ഫൈസല്‍ കുടുംബസമേതം മതം മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കേസ്. ഫൈസലിന്റെ സഹോദരി ഭര്‍ത്താവടക്കം 9 പേരാണ് കേസില്‍ പ്രതിയായിരുന്നത്.

ഇതിനിടെ സമാധാന ആഹ്വാനവുമായി പാണക്കാട് സയിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി കൊല്ലപ്പെട്ടുവെന്നത് ഏറെ നടുക്കത്തോടെയാണ് കേള്‍ക്കാന്‍ സാധിച്ചത്. ഈ നിയമ വിരുദ്ധ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുന്നു. ഇതിനു പിന്നില്‍ ആരാണെങ്കിലും സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുക മാത്രമാണവരുടെ ലക്ഷ്യമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സയിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ സഹോദരങ്ങളും ഒന്നായ് രംഗത്തിറങ്ങണമെന്നും സയിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട് : എം വിനോദ്

Top