പൊലീസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി വരുന്നു, പല ഉന്നത ഉദ്യോഗസ്ഥരും തെറിക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി വരുന്നു. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന.

എസ്.പിമാര്‍ മുതല്‍ ഡി.ജി.പിമാര്‍ക്ക് വരെ ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് നീക്കം.

രഹസ്യാന്വേഷണ വിഭാഗം, സോണല്‍ മേഖലകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. വിജിലന്‍സിലും വലിയ രൂപത്തിലുള്ള അഴിച്ചുപണിക്ക് കളമൊരുങ്ങിയിട്ടുണ്ട്.

30ന് നിലവിലെ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവില്‍ ലോക് നാഥ് ബഹ്‌റയെ തന്നെ സര്‍ക്കാര്‍ നിയമിക്കുമോ എന്നതാണ് പൊലീസ് സേന ഇപ്പോള്‍ പ്രധാനമായും ഉറ്റുനോക്കുന്നത്.

സീനിയോറിറ്റി പ്രകാരമാണെങ്കില്‍ സെന്‍കുമാര്‍ പോയാല്‍ പിന്നെ സംസ്ഥാനത്ത് നിലവിലുള്ള ഉദ്യോഗസ്ഥരില്‍ സീനിയര്‍ ജേക്കബ് തോമസ് ആണ്. അദ്ദേഹം ലീവ് കഴിഞ്ഞ് വന്നിട്ടും പകരം നിയമനം നല്‍കിയിട്ടില്ല.

ബഹ്‌റ മാറുകയാണെങ്കില്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തന്നെ തിരിച്ചെത്തുമോ എന്ന അഭ്യൂഹവും ശക്തമാണ്.

എന്നാല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ജേക്കബ് തോമസിനെ മാത്രമല്ല ബഹ്‌റയെയും പഴയ ലാവണങ്ങളിലേക്ക് തിരിച്ചയക്കാന്‍ താല്‍പര്യമില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെതായിരിക്കം ഇനി അന്തിമ തീരുമാനം.

സെന്‍കുമാറിന് തൊട്ടു താഴെ സീനിയറായ അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍)ക്ക് വിരമിക്കാന്‍ അധികം കാലയളവ് ഇല്ല എന്നതിനാല്‍ അദ്ദേഹത്തിന് മടങ്ങി വരാന്‍ താല്‍പര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ മാത്രം മടങ്ങി വരാമെന്ന നിലപാടിലാണ് സിന്‍ഹ.

അതേസമയം മറ്റൊരു ഡിജിപി അസ്താന ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തി താല്‍ക്കാലികമായി ഡല്‍ഹി കേരള ഹൗസില്‍ അഡീഷണല്‍ റസി.കമ്മീഷണറായി ജോയിന്‍ ചെയ്തിട്ടുണ്ട്.

ജേക്കബ് തോമസ്, ലോക് നാഥ് ബഹ്‌റ, ഋഷിരാജ് സിംങ്ങ് എന്നിവര്‍ അസ്താനയേക്കാള്‍ സീനിയര്‍ ഉദ്യോഗസ്ഥരായതിനാല്‍ സീനിയോറിറ്റി സര്‍ക്കാര്‍ മറികടക്കുമോ എന്ന കാര്യവും കണ്ടറിയേണ്ട കാര്യമാണ്.

അസ്താനയെ നിയമിക്കുകയാണെങ്കില്‍ മറ്റ് മൂന്ന് പേര്‍ക്കും പൊലീസിന് പുറത്ത് നിയമനം നല്‍കേണ്ടി വരും.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച രണ്ട് ഡിജിപി കേഡര്‍ പോസ്റ്റില്‍ സെന്‍കുമാര്‍ വിരമിച്ചാല്‍ കേരളത്തിലുള്ള ഉദ്യോഗസ്ഥരില്‍ ജേക്കബ് തോമസും, ലോക്‌നാഥ് ബഹ്‌റയുമാണ് യഥാക്രമം സാധാരണ ഗതിയില്‍ വരേണ്ടത്. എക്‌സ് കേഡര്‍ പോസ്റ്റില്‍ ഋഷിരാജ് സിങ്ങിനു പുറമെ അസ്താനയും വരും.

കേഡര്‍ തസ്തികയില്‍ നിന്നല്ലാതെ പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ തസ്തികകളില്‍ നിയമനം നടത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടക്കുമെന്നും ഉറപ്പാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൊണ്ട് തന്നെ പൊലീസിന് പുതിയ ‘മുഖം’ നല്‍കി ഉടച്ചുവാര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം.

Top