ചെങ്കൊടി പിന്തുണയിൽ ജനപ്രതിനിധികളായ ‘കച്ചവടക്കാർ’ അറിയണം ഈ നേതാക്കളെ !

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തില്‍ പൊതുസമ്മതരെ സ്വതന്ത്രരാക്കി വിജയിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത സി.പി.എമ്മിനെ ഇന്ന് പണക്കൊഴുപ്പിന്റെ മിടുക്കില്‍ എം.എല്‍.എമാരായവര്‍ നാണംകെടുത്തുന്നു.

ഇ.എം.എസിന്റെ ആദ്യ കേരള മന്ത്രിസഭയില്‍ ആഭ്യന്തര, നിയമമന്ത്രിയായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ ഒരു ദേശത്തിന്റെ കഥാകാരനായ എസ്.കെ പൊറ്റക്കാട്, കവി കടമ്മനിട്ട രാമകൃഷ്ണന്‍, കേരള കോണ്‍ഗ്രസില്‍ നിന്നും വന്ന ലോനപ്പന്‍ നമ്പാടന്‍, കോണ്‍ഗ്രസ്സ് മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസ അടക്കമുള്ളവര്‍ പാര്‍ട്ടിക്കു വിധേയരായി പ്രവര്‍ത്തിച്ച് പെരുമ ഉയര്‍ത്തിയപ്പോള്‍ പണക്കൊഴുപ്പില്‍ എം.എല്‍.എമാരായ സ്വതന്ത്രര്‍ നിയമലംഘനവും വിവാദങ്ങളുമുണ്ടാക്കി പാര്‍ട്ടിയെ നാണം കെടുത്തുകയാണ്.
23140189_2025651930999986_1034675263_n

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങള്‍ പിടിച്ചെടുത്ത സ്വതന്ത്ര എം.എല്‍.എമാരാണിപ്പോള്‍ പാര്‍ട്ടിക്കു വഴങ്ങാതെ തലവേദനയായിരിക്കുന്നത്.

ആര്യാടന്റെ തട്ടകമായിരുന്ന നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയ പി.വി അന്‍വര്‍, ലീഗ് കോട്ടയായ താനൂരില്‍ വിജയിച്ച വി. അബ്ദുറഹിമാന്‍, ലീഗ് കോട്ടയായ കൊടുവള്ളിയില്‍ വിജയിച്ച കാരാട്ട് റസാഖ്, കുന്ദമംഗലം പിടിച്ച പി.ടി.എ റഹീം എന്നിവരാണ് ഇപ്പോള്‍ ഇടതുപക്ഷത്തെ ആകെ നാണം കെടുത്തികൊണ്ടിരിക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സ്വര്‍ണ കള്ളക്കടത്തുകാരന്റെ മിനി കൂപ്പര്‍ ഉപയോഗിച്ചതും, ഇടത് സ്വതന്ത്ര എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും ദുബായിയില്‍ കള്ളക്കടത്തു പ്രതിയുടെ സല്‍ക്കാരം സ്വീകരിച്ചതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതോടെയാണ് നിലമ്പൂരിലെ സ്വീകരണത്തില്‍ കക്കാടംപൊയിലില്‍ നിയമം ലംഘിച്ച് വാട്ടര്‍തീം നിര്‍മ്മിച്ചതും ഭൂനിയമം ലംഘിച്ച് ഭൂമി കൈവശം വെച്ചതും നികുതി വെട്ടിപ്പുമടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പി.വി അന്‍വര്‍ എം.എല്‍.എയെ മാറ്റി നിര്‍ത്തിയത്.
23193025_2025651957666650_1573207711_n

താനൂരില്‍ മുസ്‌ലിം ലീഗിലെ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയ മുന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ ഇടതു സ്വതന്ത്രന്‍ വി. അബ്ദുറഹിമാന്‍ തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ ഭൂമി വിവാദത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ പി.ടി.എ റഹീമിന്റെ നേതൃത്വത്തില്‍ പി.വി അന്‍വര്‍, കാരാട്ട് റസാഖ്, വി. അബ്ദുറഹിമാന്‍ ഉള്‍പ്പെടെ നാല് എം.എല്‍.എമാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഇടതുമുന്നണിയോട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

പിണറായി വിജയന്‍ ശക്തമായ നിലപാടെടുത്തതോടെ ഇവരുടെ മന്ത്രിമോഹം സ്വപ്നമാവുകയായിരുന്നു.

പഴയകാല സ്വതന്ത്ര എം.എല്‍.എമാരില്‍ നിന്നും ഭിന്നമായി കച്ചവടത്തിനും പണമുണ്ടാക്കാനും സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഉപയോഗിക്കുന്ന നവ സ്വതന്ത്രരാണിപ്പോള്‍ പ്രതിപക്ഷത്തേക്കാളേറെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

Top