രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് മെയ്20ന് സ്‌പെഷ്യല്‍ ട്രെയിന്‍; യാത്ര സൗജന്യം

ന്യൂഡല്‍ഹി: മെയ് 20ന് രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെടും. രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്കായാണ് പ്രത്യേക നോണ്‍ എസി ട്രെയിന്‍ സര്‍വ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. രാജസ്ഥാനില്‍ ജയ്പൂരിന് പുറമേ ചിറ്റോര്‍ഗഡിലും ട്രെയിന്‍ നിര്‍ത്തും. യാത്രക്കാര്‍ അറിയിക്കുന്നതനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരിനോട് ചര്‍ച്ച നടത്തിയിരുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ രാജസ്ഥാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പഞ്ചാബ് സര്‍ക്കാരും സമാനമായ രീതിയില്‍ സൗജന്യമായി ട്രെയിന്‍ സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെയും, അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും പിസിസി കളും നടപടികള്‍ സ്വീകരിക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പഞ്ചാബില്‍ നിന്നുള്ള ട്രെയിന്‍ ജലന്ധറില്‍ നിന്നും ആരംഭിച്ചു പാലക്കാട്, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ യാത്രക്കാരെ എത്തിക്കും. 1450 യാത്രക്കാരെ വഹിക്കാവുന്ന ഈ ട്രെയിനുകളില്‍ യാത്ര സൗജന്യമായിരിക്കുമെന്നും രാജസ്ഥാന്‍ , പഞ്ചാബ് സര്‍ക്കാരുകള്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടു മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വേണുഗോപാല്‍ അറിയിച്ചിരുന്നു.

Top