അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് യാത്ര തിരിച്ചു

ഹൈദരാബാദ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജര്‍ഖണ്ഡിലേയ്ക്ക് പുറപ്പെട്ടു. തെലങ്കാനയിലെ ലിംഗമ്പള്ളി നിന്ന് പുലര്‍ച്ചെ 4:50 നാണ് ജര്‍ഖണ്ഡിലെ ഹതിയ ജില്ലയിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്.

1200 തൊഴിലാളികളുമായാണ് ട്രെയിന്‍ പുറപ്പെട്ടത്. 24 കോച്ചുകളുള്ള ട്രെയിനില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ 72 പേര്‍ക്ക് യാത്രചെയ്യാവുന്നതാണ്. എന്നാല്‍ എന്നാല്‍ സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 54 പേര്‍ മാത്രമേ നിലവില്‍ യാത്ര ചെയ്യുന്നുള്ളൂ.

തെലങ്കാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക ട്രെയിന്‍ ഓടിച്ചതെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ വക്താവ് പറഞ്ഞു.

കോവിഡ് ലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കുടിയേറ്റക്കാരെ ട്രെയിനില്‍ നാട്ടിലേക്ക് അയക്കുന്നത്.

Top