കോഴിക്കോട്: കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗണില്‍ കുടുങ്ങിയ മലയാളികളുമായി ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (02432) കേരളത്തിലെത്തി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിവേ സ്റ്റേഷനില്‍ രാത്രി 10 മണിക്കാണ് ട്രെയിന്‍ എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.40ന് എറണാകുളം സൗത്ത് ജംക്ഷനിലും 5.25നു തിരുവനന്തപുരത്തും എത്തിച്ചേരും.
ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരുണ്ട്. കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്തേക്കോ എറണാകുളത്തേക്കോ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യാന്‍ കഴിയും. എറണാകുളം ജംക്ഷനില്‍ നിന്നു സീറ്റിന്റെ ലഭ്യത അനുസരിച്ച് യാത്ര ചെയ്യാമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കും.
ജില്ലാ അടിസ്ഥാനത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ആരോഗ്യ, പൊലീസ് വകുപ്പുകളിലെ ജീവനക്കാരെ ഇതിനായി സജ്ജമാക്കി. വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍. ഹോം ക്വാറന്റൈന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലേക്കു മാറ്റും. രോഗലക്ഷണമുള്ളവരെ തുടര്‍പരിശോധനകള്‍ക്കു വിധേയരാക്കി ആവശ്യമെങ്കില്‍ ചികിത്സകേന്ദ്രത്തിലേക്കു കൊണ്ടുപോകും. എല്ലാ യാത്രക്കാരുടെയും ലഗേജ് അണുമുക്തമാക്കും.