special-Vigilance Director appoinment; Diwan and yasin are active consideration of state government

തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറകര്‍ സ്ഥാനത്തേക്ക് സി പി എമ്മിന്റെ പ്രഥമ പരിഗണനയില്‍ ഡിജിപി രാജേഷ് ദിവാനും മുഹമ്മദ് യാസിനും

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെങ്കിലും രാജേഷ് ദിവാനേയോ അതല്ലങ്കില്‍ മുഹമ്മദ് യാസിനേയോ പരിഗണിക്കണമെന്നതാണ് സിപിഎം നേതൃത്വത്തിന്റെ താല്‍പര്യംമെന്നാണ് സൂചന.

ഇതു സംബന്ധമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും.

രഹസ്യാന്വേഷണ വിഭാഗം മേധാവിയായ മുഹമ്മദ് യാസിനേക്കാള്‍ സീനിയറാണെങ്കിലും പദവിയില്‍ യാസിന് താഴെയാണിപ്പോള്‍ രാജേഷ് ദിവാന്‍ ജോലി ചെയ്യുന്നത്.

എഡിജിപി തസ്തികയായ നോര്‍ത്ത് സോണ്‍ പൊലീസ് മേധാവി സ്ഥാനത്ത് ഡിജിപി പദവിയോടെ പ്രവര്‍ത്തിക്കുകയാണിപ്പോള്‍ അദ്ദേഹം.

സംസ്ഥാനത്ത് ആകെയുള്ള രണ്ട് സോണുകളില്‍ സൗത്ത് സോണില്‍ എഡിജിപി സന്ധ്യയാണ് ഇതേ പദവിയില്‍ ഇരിക്കുന്നത്.

പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം ഡിജിപിയായ തന്നെ എഡിജിപി തസ്തികയില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് ചാര്‍ജെടുക്കാതെ മാറി നിന്ന രാജേഷ് ദിവാന് ഡിജിപി പദവിയോടെ തന്നെ നിയമനം നല്‍കി സര്‍ക്കാര്‍ പിന്നീട് ഉത്തരവിറക്കുകയായിരുന്നു.

വിജിലന്‍സില്‍ ജേക്കബ് തോമസിന്റെ പിന്‍ഗാമി ശക്തനായ ഉദ്യോഗസ്ഥനായിരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെങ്കിലും സര്‍ക്കാറിന് സ്വീകാര്യനായ അത്തരത്തിലുള്ള ഒരു ഓഫീസര്‍ ഇപ്പോള്‍ ഡിജിപി പദവിയിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സീനിയോററ്റി പ്രകാരം ജേക്കബ് തോമസ് മാറിയ സാഹചര്യത്തില്‍ പരിഗണിക്കപ്പെടേണ്ടത് നോണ്‍ കേഡര്‍ തസ്തികയിലുള്ള ഋഷിരാജ് സിംങ്ങ് ആണെങ്കിലും സിപിഎം നേതൃത്വത്തിന് ഈ ഉദ്യോഗസ്ഥനില്‍ താല്‍പര്യമില്ല.

ജേക്കബ് തോമസിനേക്കാള്‍ വലിയ ‘തലവേദന’യാകും ഋഷിരാജ് സിങ്ങിനെ വിജിലന്‍സ് ഡയറക്ടറാക്കിയാല്‍ എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

പിന്നെ പരിഗണിക്കപ്പെടാവുന്ന ലിസ്റ്റില്‍ ഹേമചന്ദ്രന്‍ ,ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവരാണുള്ളത്.

കേന്ദ്ര സര്‍ക്കാറും ഓഡിറ്റര്‍ ജനറലും അംഗീകരിക്കാത്ത ഡിജിപി തസ്തികയാണ് ഇവരുടേത്. മാനദണ്ഡം ലംഘിച്ച് ശങ്കര്‍ റെഡ്ഡിയെ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറാക്കിയതിനെതിരെ അന്ന് പ്രതിപക്ഷം രംഗത്തു വന്നിരുന്നതുമാണ്.

കേന്ദ്രം അനുവദിച്ച രണ്ട് കേഡര്‍ തസ്തികക്കും രണ്ട് നോണ്‍ കേഡര്‍ തസ്തികക്കും പുറമെ അനധികൃതമായി യുഡിഎഫ് സര്‍ക്കാര്‍ നാല് പേര്‍ക്ക് കൂടി ഡിജിപി പദവി നല്‍കിയത് അംഗീകരിക്കില്ലന്ന് കേന്ദ്ര സര്‍ക്കാറും വ്യക്തമാക്കിയിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇവരുടെ ഡിജിപി പദവി എടുത്ത് കളയാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും ചീഫ് സെക്രട്ടറി അനുകൂലമായ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രിക്ക് മുന്നില്‍ അഭ്യര്‍ത്ഥന നടത്തിയതിനാല്‍ തല്‍ക്കാലം തുടരട്ടെ എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.

ഹേമചന്ദ്രനും ,ശങ്കര്‍ റെഡ്ഡിയും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറില്‍ തന്ത്രപ്രധാന സ്ഥാനങ്ങള്‍ വഹിക്കുകയും ഇപ്പോഴും യുഡിഎഫ് നേതൃത്വവുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഓഫീസര്‍മാരുമായതിനാല്‍ ഇവരെ ഒരു കാരണവശാലും തന്ത്രപ്രധാന തസ്തികകളിലേക്ക് പിണറായി സര്‍ക്കാര്‍ പരിഗണിക്കില്ലന്നാണ് അറിയുന്നത്.ഇതില്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയാണ് ജേക്കബ് തോമസിനെ നിയമിച്ചിരുന്നത് .

ഹേമചന്ദ്രനാകട്ടെ യു ഡി എഫ് സര്‍ക്കാറില്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായിരുന്നു.ഇടതു സര്‍ക്കാര്‍ വന്ന ശേഷമാണ് ഇദ്ദേഹത്തെ ഫയര്‍ഫോഴ്‌സിലേക്ക് തെറുപ്പിച്ചത്.

ഇപ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് എന്‍ ഒ സി കൊടുത്ത വിവാദത്തിലും ഹേമചന്ദ്രനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്..ഈ സാഹചര്യങ്ങളെല്ലാം ഹേമചന്ദ്രന് പ്രതികൂലമാണ്.

ഇതോടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സിപിഎമ്മിനും സര്‍ക്കാറിനും മുന്നില്‍ മൂന്ന് സാധ്യതകള്‍ മാത്രമാണുള്ളത്.

അതാവട്ടെ ഋഷിരാജ് സിംങ്ങ്, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവരുമാണ്. ഋഷിരാജ് സിംങ്ങിന് നറുക്ക് വീഴണമെങ്കില്‍ ഇനി മുഖ്യ മന്ത്രി പ്രത്യേക താല്‍പര്യം തന്നെ എടുക്കണം. ഇപ്പോഴത്തെ ‘അനുഭവ’ത്തിന്റെ പശ്ചാതലത്തില്‍ അതിനുള്ള സാധ്യത കുറവായതിനാല്‍ പാര്‍ട്ടി താല്‍പര്യം കൂടി പരിഗണിച്ച് ദിവാനോ യാസിനോ നറുക്ക് വീഴാനാണ് സാധ്യത.

കേന്ദ്രം ഉടക്കുമെന്ന് ഉറപ്പാണെങ്കിലും സര്‍ക്കാറിന് മുന്നില്‍ തല്‍ക്കാലം മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും.

Top