ന്യൂഡല്‍ഹി: കേരളത്തില്‍ മാനദണ്ഡം പാലിക്കാതെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് സൂചന.
സംസ്ഥാനത്തിന് അനുവദിച്ച രണ്ട് കേഡര്‍ തസ്തികയില്‍ കേന്ദ്രത്തിന്റെ ലിസ്റ്റില്‍ ടി പി സെന്‍കുമാറും ഡിജിപി ലോക് നാഥ് ബഹ്‌റയുമാണ് നിലവിലുള്ളത്.
സെന്‍കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി അപ്രധാന വകുപ്പില്‍ കേരള സര്‍ക്കാര്‍ ഒതുക്കിയെങ്കിലും അദ്ദേഹമാണ് കേന്ദ്രത്തിന്റെ ലിസ്റ്റില്‍ ഇപ്പോഴും കേഡര്‍ പദവിയിലെ ഒന്നാമന്‍.
ഡിജിപി ലോക് നാഥ് ബഹ്‌റ ക്രമസമാധാന ചുമതലയുള്ള ഡി ജി പി എന്ന നിലയില്‍ കേഡര്‍ തസ്തികയിലാണ് ഇപ്പോഴുള്ളതെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ പദവി കേഡര്‍ തസ്തികയിലല്ല നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിന് അനുവദിച്ച രണ്ട് കേഡര്‍ തസ്തിക സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ തസ്തികക്കായി ഉള്ളതാണെന്നും എന്നാല്‍ സര്‍ക്കാര്‍ നിലവില്‍ ഇക്കാര്യത്തില്‍ തെറ്റായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നുമാണ് കേന്ദ്ര ആഭ്യന്തര – പേഴ്സണൽ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ജേക്കബ് തോമസ് സീനിയോറിറ്റിയില്‍ സംസ്ഥാനത്ത് രണ്ടാമനായതിനാലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാതിരുന്നതത്രെ.
സീനിയര്‍ ഉദ്യോഗസ്ഥരെ തഴഞ്ഞ് ജൂനിയറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കുകയാണെങ്കില്‍ ഇടപെടുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് ഇപ്പോള്‍ കേന്ദ്രം.
രണ്ട് കേഡര്‍ തസ്തികക്ക് പുറമെ കേന്ദ്രം അനുവദിച്ച രണ്ട് നോണ്‍ കേഡര്‍ തസ്തികയില്‍ നിലവില്‍ ജേക്കബ് തോമസും ഋഷിരാജ് സിങ്ങുമാണുള്ളത്.
ജൂണില്‍ സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ ഒഴിവുവരുന്ന കേഡര്‍ തസ്തികയില്‍ സാധാരണ ഗതിയില്‍ ഇവരില്‍ ആരെങ്കിലുമാണ് വരേണ്ടത്. ഋഷിരാജ് സിങ്ങ് ,ജേക്കബ് തോമസ് എന്നിവര്‍ 85 ബാച്ചിലെ ഐപിഎസുകാരാണ്. ബഹ്‌റയും ഇതേ ബാച്ചില്‍പ്പെട്ടയാളാണ്.
കേന്ദ്രവും ഓഡിറ്റര്‍ ജനറലും അംഗീകരിക്കാത്ത ഡി ജി പി തസ്തികയിലുള്ളവര്‍ ഹേമചന്ദ്രന്‍ ,ശങ്കര്‍ റെഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവരാണ്. ഋഷിരാജ് സിങ്ങിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് പരിഗണിച്ചില്ലങ്കില്‍ പിന്നെ സാധ്യത കൂടുതല്‍ രാജേഷ് ദിവാനും മുഹമ്മദ് യാസിനുമാണ്. ഇവിടെ കേന്ദ്രത്തിന്റെ ‘പിടി’ വീഴുമെന്നുറപ്പാണ്.
83 ബാച്ചുകാരനായ സെന്‍കുമാര്‍ ജൂണിലാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. തന്നെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.
കോടതിയുടെ നിരീക്ഷണങ്ങള്‍ സര്‍ക്കാറിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്. സെന്‍കുമാറിനെ മാറ്റിയത് സംബന്ധമായ കാരണങ്ങള്‍ അറിയുന്നതിനായി ഇതു സംബന്ധമായ എല്ലാ ഫയലുകളും സുപ്രീം കോടതി വിളിപ്പിച്ചിരിക്കുകയാണ്.
റിട്ടയര്‍ ചെയ്യാന്‍ ചുരുങ്ങിയ കാലയളവ് മാത്രം ഉള്ളതിനാല്‍ നഷ്ടമായ കാലയളവ് തിരിച്ചു നല്‍കണമെന്ന ആവശ്യവും സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഉന്നയിച്ചു കഴിഞ്ഞു. കോടതി ഇക്കാര്യം പരിശോധിക്കാം എന്ന് പറയുക കൂടി ചെയ്തത് ബഹ്‌റയെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്.
സെന്‍കുമാര്‍ തിരിച്ച് സ്ഥാനമേറ്റെടുക്കേണ്ട അവസ്ഥ സര്‍ക്കാറിന് മാത്രമല്ല, ബഹ്‌റക്കും വലിയ തിരിച്ചടിയാകും. ഇപ്പോള്‍ ജേക്കബ് തോമസ് അവധിയില്‍ പോയ സാഹചര്യത്തില്‍ ഏറ്റെടുത്ത വിജിലന്‍സ് ഡയറക്ടറുടെ തസ്തികയിലേക്ക് അത്തരമൊരു സാഹചര്യമുണ്ടായാല്‍ ബഹ്‌റക്ക് മാറേണ്ടി വരും.