രാജ്യത്തെ വിഐപികൾ ഇനി പൊലീസ് മാത്രം, നീല ബീക്കൺ ലൈറ്റിട്ട് അവർ ഒന്നു വിലസും

ന്യൂഡല്‍ഹി: ഇനി രാജ്യത്ത് ‘വിഐപികള്‍’ പൊലീസുദ്യോഗസ്ഥര്‍ !

രാഷ്ട്രപതി മുതല്‍ ഐഎഎസ് സബ് കളക്ടര്‍ക്ക് വരെ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ലന്ന നിയമം വന്നതോടെ നിരത്തില്‍ ചീറിപ്പായുന്ന പൊലീസ് വാഹനങ്ങളാകും മെയ് ഒന്നു മുതല്‍ ഇനി വിലസുക.

പൊലീസ്, സൈനിക, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ക്കാണ് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത്.

പൊലീസ് വാഹനങ്ങള്‍ക്ക് യഥേഷ്ടം നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ഇനി മന്ത്രിമാരുടെ ‘പകിട്ടിനും’ എസ്‌കോട്ട് വരുന്ന പൊലീസ് വാഹനങ്ങള്‍ ഫ്‌ളാഷ് തെളിക്കണം.

രാത്രികാലങ്ങളില്‍ മാത്രമല്ല പകലും റോഡില്‍ മറ്റു വാഹനങ്ങള്‍ വഴി മാറുന്നതും വഴി ഒരുക്കുന്നതുമെല്ലാം വിഐപികളുടെ വാഹനത്തിലെ ഈ ബീക്കണ്‍ ലൈറ്റുകള്‍ കണ്ടിട്ടാണ്. പകല്‍ ഫ്‌ളാഷടിച്ചില്ലങ്കിലും വാഹനത്തില്‍ സ്ഥാപിക്കപ്പെട്ട നിലയില്‍ ബീക്കണ്‍ ലൈറ്റ് കണ്ടാല്‍ തന്നെ മറ്റ് വാഹനങ്ങള്‍ ബഹുമാനത്തോടെ വഴി മാറി കൊടുക്കുകയാണ് പതിവ്.

വിവിധ പാര്‍ട്ടികള്‍ക്ക് പോകുന്നതിനും വിഐപികള്‍ക്ക് ബീക്കണ്‍ ലൈറ്റിന്റെ വെളിച്ചം ഒരു അലങ്കാരമായിരുന്നു.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മാത്രമല്ല, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഐപിഎസുകാരനേക്കാള്‍ മാര്‍ക്കു വാങ്ങിയ ഐഎഎസുകാരനും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഐ പി എസുകാരന്‍ മാത്രമല്ല സാദാ എസ് ഐ പോലും നീല ബീക്കണ്‍ ലൈറ്റിട്ട് പറക്കുമ്പോള്‍ ഇനി ‘കൊതിയോടെ’ നോക്കി നില്‍ക്കാന്‍ മാത്രമേ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഐഎഎസുകാര്‍ക്കും സാധിക്കൂ.

മന്ത്രിമാര്‍ക്ക് പൊലീസ് എസ്‌കോട്ട് വാഹനങ്ങളുടെ ബീക്കണ്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ ‘ക്ഷീണം ‘ തീര്‍ക്കാന്‍ പറ്റുമെങ്കില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് അതിനു പോലും കഴിയുകയില്ല.

Top