വിസ ആനുകൂല്യം; ഖത്തറിന്റെ നിലപാടില്‍ ഞെട്ടി യു.എ.ഇ, നേട്ടമുണ്ടാക്കുക ഇന്ത്യാക്കാര്‍

ദോഹ: സൗദിയുടെ നേതൃത്ത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ വിലക്കിനെതിരെ പുതിയ പോര്‍മുഖം തുറന്ന ഖത്തറിന്റെ നടപടിയില്‍ എങ്ങും പരിഭ്രാന്തി.

ഇന്ത്യയുള്‍പ്പെടെ 47 രാജ്യക്കാര്‍ക്ക് വിസയില്ലാതെ ഖത്തറിലെത്താനുള്ള അനുമതി നല്‍കിയത് ഖത്തര്‍ ഭരണകൂടത്തിന്റെ തന്ത്രപരമായ നിലപാടായാണ് സൗദി ഉള്‍പ്പെടെ കാണുന്നത്.

ഉപരോധത്തെ നേരിടാന്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുക , ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്വന്തം നിലക്ക് തല ഉയര്‍ത്തി നില്‍ക്കുക തുടങ്ങിയ അജണ്ട മുന്‍ നിര്‍ത്തിയാണ് ഈ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതെന്നാണ് ആക്ഷേപം.

ഖത്തറിന്റെ പുതിയ നിലപാട് ഏറ്റവും അധികം ഉപയോഗ പ്പെടുത്തുക ഇന്ത്യക്കാര്‍ ആയിരിക്കുമെന്നാണ് ഉപരോധക്കാരുടെ വിലയിരുത്തല്‍.

ഇറാനുമായുള്ള ബന്ധവും തീവ്രവാദികളെ സഹായിക്കുന്നതും ചൂണ്ടിക്കാട്ടി അമേരിക്കയുടെ താല്‍പ്പര്യപ്രകാരം ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ കര – വ്യാ മ – ജല ഉപരോധം മറികടക്കാന്‍ ഇന്ത്യന്‍ നിലപാടാണ് ഖത്തറിനെ ഏറ്റവും അധികം സഹായിച്ചതെന്നാണ് ഇപ്പോഴും സൗദിയും യു.എ.ഇ ഭരണകൂടവും വിശ്വസിക്കുന്നത്.

ഖത്തറിലുള്ളതിനേക്കാള്‍ പല മടങ്ങ് ഇരട്ടി ഇന്ത്യക്കാര്‍ യു.എ.ഇയില്‍ ഉണ്ടായിട്ടും ഖത്തറിന് സഹായം വാഗ്ദാനം ചെയ്ത ഇന്ത്യയുടെ നടപടി മറ്റ് ലോക രാഷ്ട്രങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി ഉപയോഗപ്പെടുത്തിയെന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തുന്നു.

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തടഞ്ഞാല്‍ സൈനികമായി ഇന്ത്യ നേരിടുമെന്നതിനാല്‍ ജല ഗതാഗത നിരോധനം തുടക്കത്തില്‍ തന്നെ പാളിയിരുന്നു.

ചൈനയും പാക്കിസ്ഥാനും അമേരിക്കയും ഒഴികെയുള്ള മറ്റ് മിക്ക രാജ്യങ്ങളും ഖത്തര്‍ വിഷയത്തില്‍ ഇന്ത്യയുടെതിന് സമാനമായ നിലപാടിലായിരുന്നു.

ഇന്ത്യക്കെതിരെ തീവ്രവാദികളെ പാലൂട്ടി വളര്‍ത്തുന്ന പാക്കിസ്ഥാനെതിരെ വിലക്ക് ഏര്‍പ്പെടുത്താതെ ഖത്തറിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ ഇന്ത്യക്ക് അകത്തും പ്രതിഷേധം ശക്തമായിരുന്നു.

ഇന്ത്യയുമായി ഏറെ അടുപ്പം പുലര്‍ത്തുകയും പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപിലേക്ക് പീരങ്കി ആക്രമണം നടത്തി പ്രതികരിക്കുകയും ചെയ്ത ഇറാനെ തീവ്രവാദികളെ സഹായിക്കുന്ന രാഷ്ട്രമായി കാണാന്‍ ഇന്ത്യക്ക് ഒരിക്കലും കഴിയുമായിരുന്നില്ല.

മാത്രമല്ല ഐ.എസ് തീവ്രവാദികളുടെ ആക്രമണം നേരിടുന്ന രാജ്യം കൂടിയാണ് ഇറാന്‍ എന്നതും ഇന്ത്യന്‍ നിലപാടിന് ബലമേകുന്നതായിരുന്നു.

അത് കൊണ്ട് തന്നെയാണ് സാമാന്യ യുക്തിക്ക് നിരക്കാത്ത ആരോപണം ഉന്നയിച്ച് ഖത്തറിനു നേരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യ പിന്തുണക്കാതിരുന്നത്.

ഖത്തറിനെ സഹായിക്കാന്‍ തുര്‍ക്കി, പട്ടാളത്തെ അയക്കുകയും, ഭക്ഷണ സാധനങ്ങള്‍ കയറ്റിയ നിരവധി ഇറാന്‍ കപ്പലുകള്‍ ഖത്തര്‍ തീരത്ത് എത്തുകയും ചെയ്തിരുന്നു.

ഇന്ത്യയാവട്ടെ സാധാരണ ഗതിയില്‍ നടത്തുന്ന വ്യാപാര ബന്ധം ശക്തമായി തുടരുകയും ചെയ്തു.

കൂടുതല്‍ സഹായം ഖത്തര്‍ ആവശ്യപ്പെട്ടാല്‍ നല്‍കുമെന്ന ഇന്ത്യന്‍ നിലപാടില്‍ നീരസമുണ്ടായിരുന്നെങ്കിലും ഇന്ത്യക്കെതിരെ പ്രതികരിക്കാന്‍ സൗദിയടക്കമുള്ള ഉപരോധക്കാര്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

അമേരിക്കയാവട്ടെ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്നീട് നിലപാട് മാറ്റി ഉപരോധത്തില്‍ അയവു വരുത്താന്‍ സൗദിയോട് ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി.

അമേരിക്കന്‍ സഖ്യകക്ഷികളായ ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളും ഖത്തറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

റഷ്യയും ഖത്തറിനെതിരായ ഉപരോധം ശരിയല്ലന്ന നിലപാടുകാരാണ്.

അറബ് രാഷ്ട്രങ്ങളില്‍ അതിവേഗം വളരുന്ന ഖത്തര്‍, മേഖലയിലെ സൗദിയുടെ അപ്രമാധിത്വത്തിന് വിരാമമിടും എന്ന തിരിച്ചറിവുകൂടി സൗദി രാജാവിന്റെ കര്‍ക്കശ നിലപാടിനു പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്.

ഫുട്‌ബോള്‍ ലോകകപ്പ് മത്സരവേദി ഖത്തറിന് ലഭിച്ചതും സൗദിയെ ചൊടിപ്പിച്ചിരുന്നു.

മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ രൂപത്തിലുള്ള സ്വാതന്ത്ര്യവും പരിഗണനയും ഖത്തറിലുണ്ട് എന്നത് ഭാവിയില്‍ തങ്ങളുടെ രാജ്യത്തെ പൗരന്‍മാരെയും ബാധിക്കുമോ എന്ന ആശങ്ക സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നിലവിലുണ്ട്.

സാമ്പത്തികമായി വലിയ ശക്തിയായി ഇപ്പോഴും അറബ് മേഖലയില്‍ നില്‍ക്കുകയും ലോക രാഷ്ട്രങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുകയും ചെയ്യുന്ന ഖത്തറിനെ സൗദി പേടിക്കുക തന്നെ വേണമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ഖത്തര്‍ മോഡല്‍ വിസ ആനുകൂല്യം നല്‍കുന്നത് ഭാവിയില്‍ പരിഗണിക്കേണ്ട അവസ്ഥയിലേക്ക് യു.എ.ഇ ഭരണകൂടത്തെ പുതിയ നിലപാട് വഴി ഖത്തര്‍ എത്തിച്ചിരിക്കുകയാണെന്നാണ് നയതന്ത്ര വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

Top