തിരുവനന്തപുരം: ആക്രമണം കയ്യും കെട്ടി നോക്കി നില്‍ക്കുന്ന പോലീസുകാര്‍ സര്‍വ്വീസില്‍ കാണില്ലന്ന് ഐ.ജി മനോജ് എബ്രഹാം.
തലസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണങ്ങള്‍ അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്നും ഐ.ജി വ്യക്തമാക്കി.
ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം നടക്കുമ്പോള്‍ പ്രതികരിക്കാതിരുന്ന പൊലീസുകാരെ സസ്‌പെന്റ് ചെയ്യാന്‍ ഐ ജി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ഏത് പാര്‍ട്ടി ഓഫീസായാലും സംസ്ഥാനത്തെ ക്രമസമാധാന നില തകരാന്‍ ഇടയാക്കുന്ന പ്രവര്‍ത്തി കണ്ണിന്റെ മുന്നില്‍ നടക്കുമ്പോള്‍ തടയാന്‍ കാക്കിയിട്ട പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും മുഖം നോക്കാതെ ജോലി ചെയ്യാന്‍ പറ്റില്ലങ്കില്‍ ഈ പണിക്ക് നില്‍ക്കേണ്ടന്നുമാണ് ഐജിയുടെ താക്കീത്.
മനോജ് എബ്രഹാമിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് എ.കെ.ജി സെന്ററടക്കം വിവിധ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍.
ഭരണസിരാ കേന്ദ്രമായ തലസ്ഥാനം സ്തംഭിപ്പിക്കാന്‍ ആര് ശ്രമിച്ചാലും അടിച്ചമര്‍ത്താനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇതിനിടെ ബിജെപി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ ഐ പി.ബിനു ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സിപിഎം അന്വേഷണ വിധേയമായി സസ്‌പെന്റും ചെയ്തിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച നിരവധി ആര്‍ എസ് എസ-ബിജെപി പ്രവര്‍ത്തകരും പൊലീസ് പിടിയിലായിട്ടുണ്ട്.
തലസ്ഥാന ജില്ലയെ മുള്‍മുനയിലാക്കിയ പ്രശ്‌നങ്ങള്‍ക്കു തുടക്കം ഐരാണിമുട്ടം സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു.
എം.ജി കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ടനത്തെ തുടര്‍ന്ന് കോളേജുകളിലെ കൊടിമരങ്ങള്‍ നീക്കാന്‍ ധാരണയായെങ്കിലും എസ്.എഫ്.എയുടേത് ഹോമിയോ കോളേജില്‍ നിന്നും മാറ്റിയിരുന്നില്ല. കൊടിമരം പുറത്തുനിന്നുള്ള എ.ബി.വി.പിക്കാരെത്തി നശിപ്പിച്ചതാണ് പ്രകോപനത്തിന് തുടക്കമായത്.
സംഭവമറിഞ്ഞ് പോലീസെത്തി സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തിയെങ്കിലും ഡി.വൈ.എഫ്.ഐ ചാല ഏരിയ സെക്രട്ടറി ഉണ്ണിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് കോളേജിനടുത്തുള്ള എ.ബി.വി.പി ജില്ലാ കമ്മിറ്റിയംഗം സൂരജിന്റെ വീട്ടില്‍ പ്രത്യാക്രമണം നടന്നു. പിന്നീടങ്ങോട്ട് പരമ്പരയായി ആക്രമണമുണ്ടാവുകയായിരുന്നു.
ആറ്റുകാല്‍, ചാല പ്രദേശത്തെ സി.പി.എം, ബി.ജെ.പി നേതാക്കളുടെയടക്കം പ്രവര്‍ത്തകരുടെ വീടുകള്‍ പരക്കെ ആക്രമിക്കപ്പെട്ടു. പ്രദേശത്തിന് പുറത്ത് കുന്നുകുഴിയില്‍ വാര്‍ഡ് കൗണ്‍സിലറും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ ഐ.പി ബിനുവിന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം അതിരൂക്ഷമായത്.
തുടര്‍ന്ന് ബിനുവും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയും അടങ്ങിയ സംഘം കുന്നുകുഴിയിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുകയായിരുന്നു. ബേസ്‌ബോള്‍ സ്റ്റിക്കുമായി എത്തിയ കൗണ്‍സിലര്‍ കാറുകള്‍ അടിച്ചുതകര്‍ക്കുകയും തടയാന്‍ ശ്രമിച്ച പൊലീസുകാരനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സമയം മറ്റ് പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. ഇതിനുശേഷം ആര്‍എസ്എസുകാര്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്കും പ്രത്യാക്രമണം നടത്തി.
ഐ.ജി അടക്കമുള്ളവര്‍ നേരിട്ട് രംഗത്തിറങ്ങിയതോടെ നഗരം ഇപ്പോള്‍ പൊലീസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. അക്രമികള്‍ക്ക് വേണ്ടി വ്യാപകമായി പൊലീസ് റെയ്ഡും ആരംഭിച്ചിട്ടുണ്ട്.