കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നു.
ഇപ്പോള്‍ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കൂടി കേസില്‍ വലിച്ചിഴക്കാന്‍ നീക്കം നടക്കുന്ന പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് താര കുടുംബം.
നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പിക്കെതിരെ ദിലീപിന്റെ ജാമ്യ ഹര്‍ജിയിലും ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.
പുതിയ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനേക്കാള്‍ വിശ്വസ്തതയുള്ള അന്വേഷണ ഏജന്‍സിയായ സി.ബി.ഐ തന്നെ കേസന്വേഷണം നടത്തട്ടെ എന്ന നിലപാട് ദിലീപിന്റെ സുഹൃത്തുക്കള്‍ക്കുമുണ്ട്.
ഇക്കാര്യം ആവശ്യപ്പെടുന്നത് സംബന്ധിച്ച് ദിലീപ് ജയിലില്‍ വെച്ച് അഭിഭാഷകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
നുണപരിശോധനക്ക് തയ്യാറാണെന്ന നിലപാട് ദിലീപ് കോടതിയില്‍ സ്വീകരിച്ചേക്കുമെന്നും സൂചനകളുണ്ട്.
സാധാരണ കേസില്‍ ‘ അനിവാര്യ’മായ ഘട്ടത്തില്‍ നുണപരിശോധന നടത്താന്‍ നടപടി സ്വീകരിക്കാറുള്ളത് അന്വേഷണ സംഘമാണ്.
എന്നാല്‍ ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസായിട്ടും ഇതുവരെ ഇവിടെ അന്വേഷണ സംഘം അതിന് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്’
ഈ പശ്ചാത്തലത്തില്‍ ദിലീപും കാവ്യ മാധവനും സ്വയം നുണപരിശോധനക്ക് തയ്യാറാണെന്ന് പറഞ്ഞാല്‍ അന്വേഷണ സംഘത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
നുണപരിശോധനയില്‍ ദിലീപിനും കാവ്യക്കും അനുകുലമാണ് കാര്യങ്ങള്‍ എങ്കില്‍ ഇതുവരെ നടത്തിയ പൊലീസ് അന്വേഷണം തന്നെ ചോദ്യം ചെയ്യപ്പെടും.
അതേ സമയം പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ഇതിനകം ശക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണ സംഘം ഇതുവരെ നടപടി സ്വീകരിച്ചില്ല എന്നത് നിയമകേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നുണ്ട്.
പ്രത്യേകിച്ച് ഒരു കൊടും ക്രിമിനലാണ് പള്‍സര്‍ സുനി എന്നതിനാലും അയാളുടെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനാലും നുണപരിശോധന അനിവാര്യമാണെന്ന നിലപാടിലാണ് നിയമ കേന്ദ്രങ്ങള്‍.
ചെറിയ കേസുകള്‍ക്ക് പോലും പ്രതികളുടെ നുണപരിശോധന ആവശ്യപ്പെടാറുള്ള പൊലീസ് പള്‍സര്‍ സുനി, ദിലീപ് എന്നിവരെ നുണ പരിശോധനക്ക് വിധേയമാക്കാത്തത് ഇപ്പോള്‍ വലിയ ചോദ്യമായി ഉയര്‍ന്നു കഴിഞ്ഞു.
നുണപരിശോധനയില്‍ നിന്നും ലഭിക്കുന്ന റിസള്‍ട്ട് ‘പ്രതീക്ഷിക്കാത്തതായാല്‍’ അത് ഇതുവരെ നടത്തിയ അന്വേഷണത്തെ മൊത്തത്തില്‍ ബാധിക്കുമെന്ന ആശങ്ക ആയിരിക്കാം അന്വേഷണ സംഘത്തെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് ആക്ഷേപം.