ചെന്നൈ: തമിഴക രാഷ്ട്രീയത്തിലിറങ്ങാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തീരുമാനിച്ചിരിക്കെ കടുത്ത വെല്ലുവിളിയുടെ സൂചന നല്‍കി നടന്‍ കമല്‍ ഹാസന്‍.
സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും രജനിയുടെ എതിരാളിയാകാനുള്ള പുറപ്പാടാണോ ഉലകനായകന്റേതെന്ന സംശയം തമിഴകത്തിപ്പോള്‍ കത്തിപ്പടരുകയാണ്.
രജനി രാഷ്ട്രീയത്തിലിറങ്ങുന്നതിനെ ബിജെപി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആശങ്കയോടെയാണ് നോക്കി കാണുന്നത്.
അവരിപ്പോള്‍ കമല്‍ ഹാസന്റെ ‘കവിതാ രാഷ്ട്രീയ’ത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
ട്വിറ്ററില്‍ ചൊവ്വാഴ്ച രാത്രി കമല്‍ കുറിച്ച 11 വരി ‘രാഷ്ട്രീയ’ കവിതയാണ് തമിഴകത്തിപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം. കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന ആയിട്ടാണ് കവിതയെ ഒരു വിഭാഗം നോക്കി കാണുന്നത്.
മുതല്‍വന്‍ എന്ന വാക്ക് കവിതയില്‍ കമല്‍ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. മുതല്‍വന്‍ എന്നാല്‍ തമിഴില്‍ മുഖ്യമന്ത്രി എന്നാണര്‍ത്ഥം. അര്‍ജുന്‍ നായകനായ ശങ്കര്‍ ചിത്രം മുതല്‍വന്‍ ഓര്‍ക്കുക. ” ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാവും. ” എന്നാണ് കമല്‍ എഴുതിയിരിക്കുന്നത്.
” നമുക്ക് വിമര്‍ശിക്കാം. ആരും ഇപ്പോള്‍ രാജാവല്ല. നമുക്ക് ആഹ്ളാദത്തോടെ കുതിച്ചുയരാം , നമ്മള്‍ അവരെപ്പോലെ രാജാക്കന്മാരല്ലല്ലോ. തുരത്തപ്പെട്ടാല്‍ , മരിച്ചാല്‍ ഞാന്‍ ഒരു തീവ്രവാദിയാണ്. ഞാന്‍ നിനച്ചാല്‍ , തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാണ്. കുമ്പിടുന്നതുകൊണ്ട് ഞാന്‍ അടിമയാവുമോ ? കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാന്‍ നഷ്ടപ്പെടുന്നവനാവുമോ ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്.” നാളെ ഇംഗ്ളീഷ് പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാവും എന്ന ചെറിയൊരു പ്രസ്താവനയും കമല്‍ ഈ കവിതയ്ക്ക് ആമുഖമായി കൊടുത്തിട്ടുണ്ട്.
കടുത്ത നിരീശ്വരവാദിയായ കമല്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സഹയാത്രികനാണ്.
സിപിഎമ്മിന്റെ ദേശീയ നേതാക്കളുമായി മാത്രമല്ല കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളുമായും വ്യക്തിപരമായ അടുത്ത സൗഹൃദമുണ്ട്.
പരന്ന വായനാശീലമുള്ള ഈ സൂപ്പര്‍ താരത്തിന്റെ ഇഷ്ട പുസ്തകം തന്നെ കാള്‍ മാര്‍ക്സിന്റെ ‘മൂലധന’മാണ്. ആരാധനാപാത്രങ്ങളാകട്ടെ ക്യൂബന്‍ വിപ്ലവ നായകന്മാരായ ഫിഡല്‍ കാസ്‌ട്രോയും ചെഗുവേരയുമാണ്.
സിനിമയും രാഷ്ട്രീയവും ഇട കലര്‍ന്നിരിക്കുന്ന തമിഴകത്ത് താരങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് മുഖ്യമന്ത്രിമാരാക്കിയ ചരിത്രമാണുള്ളത്.
എം.ജി രാമചന്ദ്രന്‍(എം.ജി.ആര്‍) , ജയലളിത എന്നിവര്‍ താര പകിട്ടുമായി വന്ന് ജനഹൃദയങ്ങള്‍ കീഴടക്കിയ മുഖ്യമന്ത്രിമാരാണ്.
നിരവധി തവണ മുഖ്യമന്ത്രിയായ കരുണാനിധിയാകട്ടെ സിനിമാ തിരക്കഥാ രംഗത്ത് കഴിവ് തെളിയിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
തമിഴകത്ത് രജനികാന്തിനുള്ള വന്‍ ജനപിന്തുണയെ എങ്ങനെ അതിജീവിക്കുമെന്ന് കരുതി അമ്പരന്നിരിക്കുന്ന ഡി.എം.കെ, അണ്ണാ ഡിഎംകെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കമലിന്റെ മനസ്സറിയാന്‍ ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മുമായാണ് കമലിന് അടുത്ത ബന്ധമെന്ന് അറിയാവുന്ന ഡി.എം.കെ, മുന്നണിയില്‍ വലിയ പ്രാധാന്യം നല്‍കി പരിഗണിക്കാമെന്ന വാഗ്ദാനം നല്‍കി കമലിനെ സ്വാധീനിക്കാന്‍ സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട് ശ്രമം നടത്തുന്നതായും സൂചനകളുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തമിഴ്നാട് രാഷ്ട്രപതി ഭരണത്തിലേക്കും തുടര്‍ന്ന് പൊതു തിരഞ്ഞെടുപ്പിലേക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.
സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രജനി തിരഞ്ഞെടുപ്പിനെ നേരിട്ടാലും ഫലം വന്നു കഴിഞ്ഞാല്‍ എന്‍.ഡി.എയുടെ ഭാഗമായി മാറുമെന്ന, ബിജെപി പ്രതീക്ഷയ്ക്ക് ഭീഷണിയാകുമോ കമലെന്നാണ് നേതാക്കളുടെ ആശങ്ക.
ഭരണ പക്ഷമായ അണ്ണാ ഡിഎംകെ പളനി സ്വാമി-ശശികല-പനീര്‍ശെല്‍വ വിഭാഗങ്ങളായി കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ നിഷ്പ്രയാസം അധികാരത്തില്‍ വരാമെന്നായിരുന്നു പ്രധാന പ്രതിപക്ഷമായ ഡി.എം.കെയും സ്വപ്‌നം കണ്ടിരുന്നത്.
എന്നാല്‍ രജനിയുടെ സാന്നിധ്യത്തോടെ ഈ പ്രതീക്ഷയാകെ താളം തെറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍ തന്നെയാണ് ഇപ്പോള്‍ കമലിനെ സ്വന്തം പാളയത്തിലെത്തിക്കാനും ശ്രമം നടത്തുന്നത്.
ചില വിട്ടുവീഴ്ചകള്‍ ഇല്ലാതെ മുന്നോട്ട് പോയാല്‍ രാഷ്ട്രീയപരമായ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് കണ്ടാണ് ഈ തന്ത്രപരമായ നീക്കം. സിപിഎം നേതൃത്വം വഴി കമലിനെ ഒപ്പം കൂട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മുമ്പ് പലതവണ ഡിഎംകെ മുന്നണിയിലും അണ്ണാഡിഎംകെ മുന്നണിയിലും ഘടകകക്ഷി ആയിരുന്നു സിപിഎം.
അതേസമയം കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചാല്‍ സിപിഎമ്മിനെ മാത്രം കൂടെ കൂട്ടി പൊരുതാനാണ് തയ്യാറാവുക എന്ന അഭ്യൂഹവും ശക്തമാണ്.
റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍